ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് (mercedes benz) ലോകമെമ്പാടുമുള്ള പത്ത് ലക്ഷത്തോളം പഴയ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി (recall) ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (KBA) അറിയിച്ചു. ബ്രേക്കിംഗ് സംവിധാനത്തിലെ തകരാറിനെ (braking system) തുടര്‍ന്നാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്. 2004 നും 2015 നും ഇടയില്‍ നിര്‍മ്മിച്ച എസ്യുവി സീരീസിലെ എംഎല്, ജിഎല്‍, ആര്-ക്ലാസ് ലക്ഷ്വറി മിനിവാന്‍ എന്നീ കാറുകള്‍ തിരിച്ചു വിളിച്ചതായി ജൂണ്‍ 1 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ കെബിഎ അറിയിച്ചു.
'' ഈ തകരാര്‍ ബ്രേക്ക് പെഡലും ബ്രേക്ക് സിസ്റ്റവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കാൻ ഇടയാക്കും. തല്‍ഫലമായി, ബ്രേക്കിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമാകും, ''കെബിഎ പ്രസ്താവനയില്‍ വ്യക്തമാക്കി.
ജര്‍മ്മനിയില്‍ നിന്ന് 70,000 വാഹനങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 993,407 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി കെബിഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കമ്പനി വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്.
'' ശക്തമായ ബ്രേക്കിംഗ് വാഹനങ്ങളുടെ ബ്രേക്ക് ബൂസ്റ്ററിന് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാകും. അങ്ങനെ ബ്രേക്ക് പെഡലും ബ്രേക്ക് സിസ്റ്റവും തമ്മിലുള്ള ബന്ധം വേര്‍പ്പെടും,'' മെഴ്സിഡസ് പറഞ്ഞു. വളരെ അപൂര്‍വമായ ഇത്തരം സാഹചര്യങ്ങളില്‍, സര്‍വീസ് ബ്രേക്ക് വഴി വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിയില്ല. അതിനാല്‍, അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുമെന്നും കമ്പനി പറഞ്ഞു. വാഹനങ്ങള്‍ ഉടന്‍ തിരിച്ചുവിളിക്കുമെന്നും വാഹന ഉടമകളുമായി ബന്ധപ്പെടുമെന്നും കമ്പനി അറിയിച്ചു. അപകടസാധ്യതയുള്ള വാഹനങ്ങള്‍ പരിശോധിക്കുമെന്നും, അതനുസരിച്ച് ആവശ്യമുള്ള പാര്‍ട്സുകള്‍ മാറ്റിസ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. വാഹനങ്ങള്‍ പരിശോധിക്കുന്നത് വരെ ഉപഭോക്താക്കള്‍ അവരുടെ വാഹനങ്ങള്‍ ഓടിക്കരുതെന്ന് കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആഡംബര ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുമെന്ന് ജര്‍മ്മന്‍ പ്രീമിയം വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് നേരത്തെ അറിയിച്ചിരുന്നു. മെഴ്സിഡസ്-ബെന്‍സ് ഇക്യുഎസ് ഇലക്ട്രിക് സെഡാന് ഈ വര്‍ഷം തന്നെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കും. വാഹനം ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചു. നിര്‍മ്മാണം ആരംഭിച്ചാല്‍ ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യത്തെ ആഡംബര ഇലക്ട്രിക് വാഹനമായി മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് മാറും.
ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി ആഡംബര ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്ന വാഹന നിര്‍മ്മാതാവ് കൂടിയാണ് മെഴ്സിഡസ് ബെന്‍സ്. ഈ വര്‍ഷം അവസാനത്തോടെ മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 2021ലും യുഎസില്‍ നിന്നുള്ള കാറുകള്‍ മെഴ്സിഡസ് ബെന്‍സ് തിരിച്ചുവിളിച്ചിരുന്നു. 2018നും 19നും ഇടയില്‍ വിറ്റ വാഹനങ്ങളായിരുന്നു തിരിച്ചു വിളിച്ചത്. ഇകോള് ഫീച്ചറിലെ പ്രശ്നം കാരണം കഴിഞ്ഞ ഫെബ്രുവരിയിലും കമ്പനി 1 മില്യണിലധികം വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു. ഇതുമൂലം തെറ്റായ ലൊക്കേഷന്‍ കാണിക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.