ഇഷ്ടനമ്പർ ലേലത്തിനുള്ള മലപ്പുറം സ്വദേശിയുടെ അപേക്ഷ 103 സെക്കൻഡ് മുന്നേ നിരസിച്ച NIC 25000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
- Published by:Anuraj GR
- news18-malayalam
Last Updated:
നാഷണൽ ഇൻഫർമാറ്റിക് സെന്ററിനോട് പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകാന്‍ കമ്മീഷൻ ഉത്തരവിടുകയായിരുന്നു
മലപ്പുറം: പുതിയ കാറിന് ഇഷ്ട നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ നിരസിച്ച സംഭവത്തിൽ മലപ്പുറം സ്വദേശിയായ പരാതിക്കാരന് 25000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ അലിയ്ക്കാണ് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടത്. സമയം കഴിഞ്ഞെന്ന് കാണിച്ചാണ് അബ്ദുൽ അലിയുടെ അപേക്ഷ നിരസിച്ചത്. എന്നാൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയത്തിന് ഒരു മിനിട്ടും 43 സെക്കൻഡും ബാക്കിയുണ്ടായിരുന്നുവെന്നാണ് പരാതിക്കാരൻ മുന്നോട്ടുവെച്ച വാദം.
അബ്ദുൽ അലി പുതുതായി വാങ്ങിയ കാറിന് ഇഷ്ട നമ്പർ ലഭിക്കുന്നതിനായി 5,000 രൂപ കെട്ടിവച്ചിരുന്നു. അബ്ദുൽ അലി ആവശ്യപ്പെട്ട നമ്പരിനായി കൂടുതൽ പേർ രംഗത്തെത്തിയതോടെ നമ്പർ ലേലത്തിന് വെക്കുകയും ലേലം വിളിക്കാനായി വൈകുന്നേരം അഞ്ച് മണിവരെ സമയം നൽകുകയും ചെയ്തു.
എന്നാൽ അബ്ദുൽ അലി 25,000 രൂപയ്ക്ക് ഇഷ്ട നമ്പർ ലേലത്തിൽ വിളിക്കാൻ അപേക്ഷ നൽകിയെങ്കിലും സമയം തീർന്നതായി കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു. 1 മിനിട്ടും 43 സെക്കന്റും ബാക്കി നിൽക്കെയാണ് അപേക്ഷ നിരസിച്ചതെന്ന് ചൂണ്ടിക്കാട്ടി അബ്ദുൽ അലി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
advertisement
ഗതാഗത വകുപ്പിനെതിരെയാണ് അബ്ദുൽ അലി ഹർജി നൽകിയത്. എന്നാൽ ലേല നടപടികളുടെ നിയന്ത്രണം നാഷണൽ ഇൻഫർമാറ്റിക് സെന്ററിനാണെന്ന് തിരൂരങ്ങാടി ജോയിന്റ് ആർ ടി ഒ ബോധിപ്പിച്ചു. ഇതോടെ കേസിൽ നാഷണൽ ഇൻഫർമാറ്റിക് സെന്ററിനെ കക്ഷി ചേർക്കുകയായിരുന്നു.
തെളിവുകൾ പരിശോധിച്ച കമ്മീഷൻ അബ്ദുൽ അലിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഇതോടെ നാഷണൽ ഇൻഫർമാറ്റിക് സെന്ററിനോട് പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകാന്‍ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്ത പക്ഷം പരാതിക്കാരന് 12 ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മാഈൽ എന്നിവർ അംഗങ്ങളുമായ കമ്മിഷനാണ് ഉത്തരവിട്ടത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
December 12, 2023 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഇഷ്ടനമ്പർ ലേലത്തിനുള്ള മലപ്പുറം സ്വദേശിയുടെ അപേക്ഷ 103 സെക്കൻഡ് മുന്നേ നിരസിച്ച NIC 25000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്