ആറായിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് Dell; കമ്പനിയിലെ അഞ്ച് ശതമാനം ജീവനക്കാർക്ക് ജോലി നഷ്ടമാകും

Last Updated:

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിരവധി വൻകിട ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്.

കമ്പനിയിലെ 6,650ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെൽ ടെക്നോളജീസ്. ലോകമെമ്പാടുമുള്ള തങ്ങളുടെ അഞ്ചു ശതമാനത്തോളം ജീവനക്കാരെയാകും പിരിച്ചുവിടൽ ബാധിക്കുകയെന്ന് കമ്പനി അറിയിച്ചു. ചില വിപണി സാഹചര്യങ്ങളെ നേരിടാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് കമ്പനിയുടെ കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് ക്ലാർക്ക് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിരവധി വൻകിട ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്.
കോവിഡ് മഹാമാരിയെത്തുടർന്ന് ഡെല്ലിന്റെയും മറ്റ് ഹാർഡ്‌വെയർ നിർമാതാക്കളുടെയും ഡിമാൻഡ് വർധിച്ചെങ്കിലും 2022-ന്റെ നാലാം പാദത്തോടെ കമ്പ്യൂട്ടർ കയറ്റുമതി കുത്തനെ ഇടിഞ്ഞതായി ഇൻഡസ്ട്രി അനലിസ്റ്റ് കമ്പനിയായ ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ (ഐഡിസി) പറഞ്ഞു. പ്രമുഖ കമ്പനികളുടെ കാര്യമെടുത്താൽ, ഡെൽ ആണ് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. 2021നെ അപേക്ഷിച്ച് 37 ശതമാനം കുറവാണ് ‍ഡെല്ലിന്റെ കയറ്റുമതിയിൽ ഉണ്ടായത്. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വിൽ‌പനയിൽ നിന്നാണ് ഡെൽ തങ്ങളുടെ വരുമാനത്തിന്റെ 55 ശതമാനവും നേടുന്നതെന്നും ഐഡിസി ചൂണ്ടിക്കാട്ടി.
advertisement
ചെലവ് ചുരുക്കൽ നടപടികളുടെ ഭാ​ഗമായി പുതിയ നിയമനങ്ങൾ തത്കാലത്തേക്ക് നിർ‌ത്തി വെച്ചിരിക്കുകയാണെന്നും യാത്രാ ചെലവുകൾ വെട്ടിക്കുറക്കുകയാണെന്നും ജെഫ് ക്ലാർക്ക് അറിയിച്ചു. കമ്പനിയിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും കാര്യക്ഷമത വർദ്ധിപ്പിക്കുമമെന്നും ഡെൽ വക്താവ് അറിയിച്ചു.
ഒക്‌ടോബർ 28-ന് അവസാനിച്ച പാദത്തിൽ ഡെല്ലിന്റെ വിൽപനയിൽ 6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ”നമ്മൾ മുൻപും സാമ്പത്തിക മാന്ദ്യങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ കൂടുതൽ കരുത്തരായതേ ഉള്ളൂ. വിപണിയിൽ ഉണർവുണ്ടാകുമ്പോൾ നമ്മളും ഉയിർത്തെഴുന്നേൽക്കും”, ക്ലാർക്ക് ജീവനക്കാർക്കുള്ള കുറിപ്പിൽ എഴുതി.
advertisement
പേഴ്സണൽ കമ്പ്യൂട്ടർ നിർമാതാക്കളായ എച്ച്പിയും 6000 തൊഴിലാളികളെ പിരിച്ചു വിടാൻ പോകുകയാണെന്ന് ഇക്കഴിഞ്ഞ നവംബറിൽ അറിയിച്ചിരുന്നു. സിസ്‌കോ സിസ്റ്റംസ്, ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ എന്നിവരും 4,000 തൊഴിലാളികളെ പിരിച്ചു വിടുമെന്ന് പറഞ്ഞിരുന്നു. ടെക് മേഖലയിൽ മാത്രം 2022ൽ 97,171 പിരിച്ചുവിടലുകളാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരിൽ 12,000 പേരെ പിരിച്ചുവിടുമെന്ന് ടെക് ഭീമനായ ഗൂഗിളും അടുത്തിടെ അറിയിച്ചിരുന്നു. കോവിഡിനെ തുടർന്ന് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയും ചെലവ് ചുരുക്കലിന്റെ ഭാഗമായും ആണ് ഒറ്റയടിക്ക് ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇക്കാര്യം സിഇഒ സുന്ദര്‍ പിച്ചൈ മെയിലിലൂടെ ജീവനക്കാരെ അറിയിച്ചിരുന്നു.
advertisement
”ഞങ്ങള്‍ക്കു വേണ്ടി കഠിനാധ്വാനം ചെയ്യുകയും ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന അസാധ്യ കഴിവുകളുള്ള ചില ആളുകളോട് വിട പറയേണ്ട അവസ്ഥ വന്നിരിക്കുന്നു. അതില്‍ ഞാന്‍ അഗാധമായി ഖേദിക്കുന്നു. ഈ മാറ്റങ്ങള്‍ അവരുടെ ജീവിതത്തെ ബാധിക്കുമെന്ന വസ്തുത എന്നെ വല്ലാതെ ഭാരപ്പെടുത്തുന്നു. കഠിനമായ, എന്നാല്‍ ഒഴിവാക്കാനാവാത്ത ഈ തീരുമാനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു”, എന്നും പിച്ചൈ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
ആറായിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് Dell; കമ്പനിയിലെ അഞ്ച് ശതമാനം ജീവനക്കാർക്ക് ജോലി നഷ്ടമാകും
Next Article
advertisement
'പുറത്തിറങ്ങി ബിജെപിക്കാരൻ എന്നുപറയാൻ നാണക്കേടായിരുന്നു': സിപിഎമ്മില്‍ ചേർന്ന കെ എ ബാഹുലേയൻ
'പുറത്തിറങ്ങി ബിജെപിക്കാരൻ എന്നുപറയാൻ നാണക്കേടായിരുന്നു': സിപിഎമ്മില്‍ ചേർന്ന കെ എ ബാഹുലേയൻ
  • കെ എ ബാഹുലേയൻ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നു, എം വി ഗോവിന്ദനെ കണ്ട ശേഷമാണ് പ്രഖ്യാപനം.

  • ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ബിജെപി വിട്ടത്.

  • ബിജെപിക്കാരനാണെന്ന് പറയാൻ നാണക്കേടുണ്ടായിരുന്നുവെന്നും സഹിക്കാൻ പറ്റില്ലെന്നും ബാഹുലേയൻ പറഞ്ഞു.

View All
advertisement