ബാങ്കിംഗ് രംഗത്ത് വന്‍ പരിഷ്‌കരണങ്ങള്‍ക്കൊരുങ്ങി ധനമന്ത്രാലയം; NBFCകൾക്ക് ബാങ്ക് ആവാം

Last Updated:

ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങളുള്ള ബാങ്കിംഗ് മേഖലകളില്‍ ഒന്നാണ് നിലവില്‍ ഇന്ത്യയുടേത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ബാങ്കിംഗ് രംഗത്ത് വമ്പന്‍ പരിഷ്‌കരണങ്ങള്‍ക്കൊരുങ്ങി കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (Reserve Bank of India - ആര്‍ബിഐ). ഭാവിയില്‍ ദ്രുതഗതിയിലുള്ള രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി കൂടുതല്‍ ശക്തമായ വന്‍കിട ബാങ്കുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ധനമന്ത്രാലയവും ആര്‍ബിഐയും പരിഗണിക്കുന്നതായാണ് വിവരം. ഇക്കാര്യത്തില്‍ ആര്‍ബിഐയും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും തമ്മില്‍ പ്രാരംഭ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വന്‍കിട കമ്പനികള്‍ക്ക് ബാങ്കിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുക, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ (എന്‍ബിഎഫ്‌സി) പൂര്‍ണ്ണശേഷിയുള്ള ബാങ്കുകളായി മാറാന്‍ പ്രോത്സാഹിപ്പിക്കുക, വിദേശ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ ബാങ്കുകളില്‍ ഓഹരി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ധനമന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പരിഗണിക്കുന്നത്.
ഇക്കാര്യത്തില്‍ അന്തിമതീരുമാനം എപ്പോഴുണ്ടാകുമെന്ന് വ്യക്തമല്ലെന്നും ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആര്‍ബിഐയോ ധനമന്ത്രാലയമോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement
വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയേക്കും 
പൊതുമേഖല ബാങ്കുകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിലവില്‍ സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി വിദേശ നിക്ഷേപകര്‍ക്ക് പൊതുമേഖലാ ബാങ്കുകളില്‍ 20 ശതമാനം വരെ ഓഹരികള്‍ കൈവശംവെക്കാം.
നിലവിലുള്ള വിദേശ നിക്ഷേപ നയം ഉദാരമാക്കികൊണ്ട് കൂടുതല്‍ ആഗോള മൂലധനം ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പൊതുമേഖലയുടെ നിയന്ത്രണം ഉറപ്പാക്കാന്‍ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം നിലനിര്‍ത്താനാണ് സാധ്യത. പ്രത്യേകിച്ചും വ്യാപകമായി ദാരിദ്ര്യം നേരിടുന്ന രാജ്യത്ത് മേഖലയുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓഹരി നിയന്ത്രണം വെട്ടിക്കുറയ്ക്കാനുള്ള സാധ്യത കുറവാണെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement
ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങളുള്ള ബാങ്കിംഗ് മേഖലകളില്‍ ഒന്നാണ് നിലവില്‍ ഇന്ത്യയുടേത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും വിദേശ കമ്പനികള്‍ക്കും ഈ രംഗത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഏകദേശം പത്ത് വര്‍ഷത്തോളമായി പുതിയ ബാങ്കിംഗ് ലൈസന്‍സ് ഇന്ത്യയില്‍ നല്‍കിയിട്ടില്ല. 2016-ല്‍ വലിയ വ്യവസായ സ്ഥാപനങ്ങള്‍ ബാങ്കിംഗ് ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കുന്നതും ആര്‍ബിഐ വിലക്കി.
കര്‍ശനമായ വ്യവസ്ഥകളോടെയാണെങ്കിലും നിലവിലുള്ള നിയമം പുനഃപരിശോധിക്കുന്നതിനെ കുറിച്ചാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. വന്‍കിട കമ്പനികള്‍ക്ക് ബാങ്കിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ അനുമതി നല്‍കിയേക്കാം. എന്നാല്‍ ഓഹരി പങ്കാളിത്തത്തിന്റെ കാര്യത്തില്‍ പരിധികളുണ്ടായേക്കുമെന്നും ബാങ്കുകളില്‍ കമ്പനികള്‍ക്കുള്ള നിയന്ത്രണത്തിന് പരിധി നിശ്ചയിച്ചേക്കാമെന്നും ഇതുമായി ബന്ധപ്പെട്ട് അറിവുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ബാങ്കിംഗ് രംഗത്ത് വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട ബാങ്കുകളുടെ ലയനവും ചര്‍ച്ചയില്‍ പരിഗണിക്കുന്നതായാണ് വിവരം.
ദക്ഷിണേന്ത്യയിലും എന്‍ബിഎഫ്‌സികളിലും ശ്രദ്ധകേന്ദ്രീകരിക്കുക 
ദക്ഷിണേന്ത്യയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് വന്‍കിട ബാങ്കുകള്‍ സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കുന്നത്. ആപ്പിള്‍ പോലുള്ള വന്‍കിട കമ്പനികളുടെ കരാര്‍ നിര്‍മ്മാണത്തിനുള്ള പ്രധാന ഹബ്ബായി ദക്ഷിണേന്ത്യ ഇതിനകം മാറിക്കഴിഞ്ഞു. വളര്‍ന്നുവരുന്ന ഈ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ വായ്പാ ലഭ്യതയും സാമ്പത്തിക സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനായി ബാങ്കുകളായി പരിവര്‍ത്തനം ചെയ്യാന്‍ എന്‍ബിഎഫ്‌സികളെ പ്രോത്സാഹിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ആഗോള റാങ്കിംഗില്‍ 2 ഇന്ത്യന്‍ ബാങ്കുകള്‍ മാത്രം
മറ്റ് പ്രധാന സമ്പദ്‍വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ബാങ്കിംഗ് മേഖല ഇപ്പോഴും അവികസിതമായി തുടരുന്നു. നിലവില്‍ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ മികച്ച 100 ബാങ്കുകളില്‍ രണ്ട് ഇന്ത്യന്‍ ബാങ്കുകള്‍ മാത്രമാണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എച്ച്ഡിഎഫ്‌സി ബാങ്കും മാത്രമാണ് ആഗോള 100-ല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ ചൈനയിലെയും യുഎസിലെയും ബാങ്കുകള്‍ ടോപ്പ് 10-ല്‍ ആധിപത്യം പുലര്‍ത്തുന്നു.
advertisement
2047 ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം. ഇന്ത്യയുടെ ജിഡിപി ഏകദേശം 30 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുന്നതിന് രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ നിന്നുള്ള വായ്പാ വിതരണം ജിഡിപിയുടെ 56 ശതമാനത്തില്‍ നിന്നും 130 ശതമാനമായി ഉയര്‍ത്തേണ്ടതുണ്ട്.
ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു
വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ ബാങ്കുകളില്‍ ആഗോള നിക്ഷേപകര്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മേയില്‍ ജപ്പാനിലെ സുമിറ്റോമോ മിറ്റ്‌സുയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങിയിരുന്നു. 13,500 കോടി രൂപയ്ക്കാണ് ഓഹരികൾ വാങ്ങിയത്. ഈ മേഖലയില്‍ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.
advertisement
ബാങ്കിംഗ് മേഖലയിലെ സാധ്യമായ പരിഷ്‌കരണങ്ങളെ കുറിച്ചുള്ള വാര്‍ത്തകളോട് ഓഹരി വിപണിയിലും പോസിറ്റീവ് ചലനം നിരീക്ഷിച്ചു. പൊതുമേഖലാ ബാങ്ക് സൂചിക കഴിഞ്ഞ ദിവസങ്ങളില്‍ നേട്ടമുണ്ടാക്കി. ചില ബാങ്കുകളുടെ ഓഹരികള്‍ മൂന്ന് ശതമാനം വരെ നേട്ടമുണ്ടാക്കി. ഈ വര്‍ഷം ഇതുവരെ പൊതുമേഖലാ ബാങ്ക് സൂചിക ഏകദേശം എട്ട് ശതമാനം വരെ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Money/
ബാങ്കിംഗ് രംഗത്ത് വന്‍ പരിഷ്‌കരണങ്ങള്‍ക്കൊരുങ്ങി ധനമന്ത്രാലയം; NBFCകൾക്ക് ബാങ്ക് ആവാം
Next Article
advertisement
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
  • തമിഴ്‌നാട് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

  • പരിക്കേറ്റവർക്കും ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് എം.കെ. സ്റ്റാലിൻ

  • ജുഡീഷ്യൽ അന്വേഷണം നടത്താനും തീരുമാനിച്ചു

View All
advertisement