BYJU'S | രാജിവെക്കാന്‍ നിര്‍ബന്ധിച്ചു, ശമ്പളം തടഞ്ഞുവെച്ചു; കണ്ണീരോടെ ബൈജൂസ് ജീവനക്കാരി
- Published by:Arun krishna
- news18-malayalam
Last Updated:
ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച വീഡിയോയിലാണ് അകാന്‍ഷ ഖേംക എന്ന യുവതി പൊട്ടിക്കരഞ്ഞുകൊണ്ട് ഇക്കാര്യം വെളിപ്പെടുത്തിയത്
തന്നെ രാജിവെക്കാന്‍ നിര്‍ബന്ധിച്ചുവെന്ന വെളിപ്പെടുത്തലുമായി ബൈജൂസ് ആപ്പ് ജീവനക്കാരിയുടെ വീഡിയോ. ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച വീഡിയോയിലാണ് അകാന്‍ഷ ഖേംക എന്ന യുവതി പൊട്ടിക്കരഞ്ഞുകൊണ്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജിവെച്ചില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള ശമ്പളം തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചു. ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് അറിയിച്ചതായും അക്കാദമിക് സ്‌പെഷ്യലിസ്റ്റായ അകാന്‍ഷ പറഞ്ഞു. തന്റെ കുടുംബത്തില്‍ വരുമാനമുള്ള ഏക വ്യക്തി താനാണെന്നും തനിക്ക് നല്‍കാനുള്ള ശമ്പളക്കുടിശ്ശിക തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാരില്‍ നിന്ന് തനിക്ക് പിന്തുണ വേണമെന്ന് ആകാന്‍ഷ വീഡിയോയില്‍ ആവശ്യപ്പെട്ടു. ഈ നിര്‍ണായക സമയത്ത് തനിക്ക് സഹായം ആവശ്യമുണ്ടെന്നും നീതി ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ”ഇതിനൊരു പരിഹാരമായില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. വേറൊരു വഴിയും മുന്നിലില്ല. ഞാന്‍ രാജിവെച്ച് പോയില്ലെങ്കില്‍ ഓഗസ്റ്റ് ഒന്ന് വരെയുള്ള എന്റെ ശമ്പളം പിടിച്ചുവയ്ക്കും”-അവര്‍ പറഞ്ഞു.
ജോലിയിലെ മോശം പ്രകടനവും മോശം പെരുമാറ്റവും കാരണം തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണെന്ന് തന്റെ മാനേജര്‍ പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് നല്‍കിയ യോഗത്തില്‍ തന്നോട് പറഞ്ഞതായി അവര്‍ അവകാശപ്പെട്ടു. എന്നാല്‍, എച്ച്ആറിനെ സമീപിച്ചപ്പോള്‍ ഇത് കാരണമല്ല തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതെന്ന് പറഞ്ഞു.
advertisement
ജൂലൈ 28-ന് മുമ്പായി ജോലിയില്‍ നിന്ന് രാജിവെക്കണമെന്നാണ് അവര്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ ഓഗസ്റ്റ് ഒന്നിന് സാലറി ലഭിക്കില്ലെന്നും പറഞ്ഞു. എനിക്ക് 30 മുതല്‍ 35 ദിവസം വരെ സമയമാണ് വേണ്ടത്. കുടുംബത്തില്‍ വരുമാനമുള്ള ഏക വ്യക്തി ഞാനാണ്. എന്റെ ഭര്‍ത്താവിന് സുഖമില്ലാത്തയാളാണ്. വായ്പയെടുത്തത് തിരിച്ചടയ്ക്കാനുണ്ട്. അവര്‍ ശമ്പളം തന്നില്ലെങ്കില്‍ ഞാന്‍ എങ്ങനെയാണ് ജീവിക്കുക-വീഡിയോയില്‍ അകാന്‍ഷ ചോദിച്ചു.
advertisement
ബൈജൂസില്‍ നിന്ന് വേരിയബിൾ പേ ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചിരുന്നു. ഈ ഉറപ്പിന്മേൽ വീട്ടിലെ കാര്യങ്ങള്‍ നടത്താന്‍ ഞാന്‍ വായ്പ എടുത്തു. എന്നാല്‍, കമ്പനി പണം നല്‍കിയില്ല. ഇപ്പോള്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ എന്നോട് ആവശ്യപ്പെടുകയാണ്. ഞാന്‍ എവിടേക്ക് പോകും? എങ്ങനെ ഭക്ഷണം കഴിക്കും? അവര്‍ ചോദിച്ചു.
അകാന്‍ഷ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അകാന്‍ഷക്ക് പിന്തുണ അറിയിച്ച് നിരവധി പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്. പുതിയ ജോലി കണ്ടെത്തുന്നതിനും മറ്റേതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുണ്ടെങ്കിലും അറിയിക്കാന്‍ ഒരാള്‍ വീഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്. പ്രശ്‌നങ്ങളെല്ലാം വേഗത്തില്‍ പരിഹരിക്കാന്‍ കഴിയട്ടെ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
advertisement
ബൈജൂസ് ഓഫീസില്‍ നിന്നുള്ള മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബൈജൂസിലെ രണ്ട് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. തനിക്ക് നല്‍കാനുള്ള ഇന്‍സെറ്റീവ്‌സ് ചോദിച്ച് ഒരു ജീവനക്കാരി മുതിര്‍ന്ന ഉദ്യോഗസ്ഥനോട് തര്‍ക്കിക്കുന്നതാണ് വീഡിയോയിലുള്ളത്. ബൈജൂസിലെ ടോക്സിക് തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ വാർത്തകൾ പുറത്തുവന്നിരുന്നു. കമ്പനിയ്ക്കുള്ളില്‍ വളരെ മോശമായ തൊഴില്‍ സംസ്‌കാരമാണ് നിലനില്‍ക്കുന്നതെന്ന് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 28, 2023 1:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
BYJU'S | രാജിവെക്കാന്‍ നിര്‍ബന്ധിച്ചു, ശമ്പളം തടഞ്ഞുവെച്ചു; കണ്ണീരോടെ ബൈജൂസ് ജീവനക്കാരി