PM Mudra Yojana പ്രധാനമന്ത്രി മുദ്ര യോജന: ആറു വർഷം പിന്നിട്ടു, ഇതുവരെ അനുവദിച്ചത് 14.96 ലക്ഷം കോടി രൂപ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, മൈക്രോ സംരംഭങ്ങൾക്കാണ് മുദ്രാ വായ്പ നൽകുന്നത്.
പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) ആരംഭിച്ചിട്ട് ഇന്ന് ആറ് വർഷം പൂർത്തിയായി. ആറ് വർഷത്തിനിടെ വിവിധ ഗുണഭോക്താക്കൾക്ക് അനുവദിച്ചത് 14.96 ലക്ഷം കോടി രൂപയാണ്. 28.68 കോടി വായ്പകളിലൂടെയാണ് ഈ തുക വിതരണം ചെയ്തത്. ഉൽപ്പാദനം, വ്യാപാരം, സേവന മേഖലകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഈട് നൽകാതെയുള്ള വായ്പയാണ് മുദ്രാ യോജനയുടെ പ്രത്യേകത.
കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, മൈക്രോ സംരംഭങ്ങൾക്കാണ് മുദ്രാ വായ്പ നൽകുന്നത്. ഈ വായ്പകൾ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, നോൺ ബാങ്കിംഗ് ധനകാര്യ കമ്പനികൾ എന്നിവ വഴി ലഭിക്കും. വായ്പക്കാരുടെ വളർച്ചയുടെയും വികസനത്തിന്റെയും ധനസഹായത്തിന്റെയും ഘട്ടത്തെ സൂചിപ്പിക്കുന്ന ‘ശിശു’, ‘കിഷോർ’, ‘തരുൺ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് വായ്പകൾ വാഗ്ദാനം ചെയ്യുന്നത്.
advertisement
വിഭാഗങ്ങളും വായ്പ തുകയും
ശിശു - 50,000 രൂപ വരെയുള്ള വായ്പകൾ
കിഷോർ - 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ
തരുൺ - 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ
2020-21 സാമ്പത്തിക വർഷത്തിൽ 4.2 കോടി രൂപയുടെ 2.66 ലക്ഷം മുദ്ര വായ്പകൾ അനുവദിച്ചതായാണ് ഔദ്യോഗിക അറിയിപ്പ്. ശരാശരി വായ്പ തുക 52,000 രൂപ ആണ്. കൂടാതെ വായ്പകളുടെ 88 ശതമാനവും ‘ശിശു’ വിഭാഗത്തിലാണ്. പുതുതലമുറയിലെ യുവാക്കൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ശിശു വിഭാഗങ്ങളിലെ വായ്പകളിലേക്കും തുടർന്ന് കിഷോർ, തരുൺ വിഭാഗങ്ങളിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.
advertisement
പിഎംഎംവൈയും തൊഴിലവസരങ്ങളും
തൊഴിൽ മന്ത്രാലയം നടത്തിയ സർവേ പ്രകാരം, 2015 മുതൽ 2018 വരെ 1.12 കോടി അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പിഎംഎംവൈ സഹായിച്ചു. തൊഴിൽ വർദ്ധനവ് കണക്കാക്കിയ 1.12 കോടി പേരിൽ സ്ത്രീകളുടെ എണ്ണം 69 ലക്ഷം (62 ശതമാനം) വരും. വായ്പയുടെ 24 ശതമാനവും പുതിയ സംരംഭകർക്കും 68 ശതമാനം വനിതാ സംരംഭകർക്കുമാണ് നൽകിയിരിക്കുന്നത്. വായ്പയുടെ 51 ശതമാനം എസ്‌സി / എസ്ടി / ഒബിസി വായ്പക്കാർക്ക് വിതരണം ചെയ്തിട്ടുണ്ട്. വായ്പയെടുക്കുന്നവരിൽ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ 22.53 ശതമാനവും ഒ.ബി.സി വായ്പക്കാരിൽ 28.42 ശതമാനവും ഉൾപ്പെടുന്നു. വിതരണം ചെയ്ത വായ്പയുടെ 11 ശതമാനം ലഭിച്ചിരിക്കുന്നത് ന്യൂനപക്ഷ സമുദായ വിഭാഗത്തിലുള്ള വായ്പക്കാർക്കാണ്.
advertisement
വളരെ ലളിതമായ രീതിയിൽ മുദ്ര വായ്പയ്ക്കായി അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഉപയോഗിക്കണം. ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളിൽ നിന്നു തന്നെ ഫോം ലഭിക്കും. അത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ശാഖകളിൽ നേരിട്ട് സമർപ്പിക്കണം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 08, 2021 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
PM Mudra Yojana പ്രധാനമന്ത്രി മുദ്ര യോജന: ആറു വർഷം പിന്നിട്ടു, ഇതുവരെ അനുവദിച്ചത് 14.96 ലക്ഷം കോടി രൂപ


