യൂട്യൂബ് സിഇഒ സൂസൻ വോജിസ്കി സ്ഥാനമൊഴിയുന്നു. ഇന്ത്യൻ-അമേരിക്കൻ വംശജനായ നീൽ മോഹൻ ആയിരിക്കും പുതിയ സിഇഒ എന്നാണ് റിപ്പോർട്ടുകൾ. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, അഡോബ് സിഇഒ ശന്തനു നാരായൺ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ എന്നിവരുൾപ്പെടെ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യൻ വംശജരായ സിഇഒമാരുടെ പട്ടികയിൽ നീൽ മോഹനും ഇനിയുണ്ടാകും.
”ഏകദേശം 25 വർഷമായി ഞാൻ യൂട്യൂബിൽ സേവനം അനുഷ്ഠിക്കുകയാണ്. 2014 ൽ യൂട്യൂബ് സിഇഒ ആയി. ഇപ്പോൾ ഈ സ്ഥാനത്തു നിന്ന് പടിയിറങ്ങാൻ ഞാൻ തീരുമാനിച്ചു. അതിന് എന്തുകൊണ്ടും അനുയോജ്യമായ സമയമാണ് ഇത്. യൂട്യൂബിൽ നല്ലൊരു ടീം ഉള്ളതിനാൽ എനിക്ക് സിഇഒ സ്ഥാനമൊഴിയാൻ സാധിക്കും എന്നാണ് കരുതുന്നത്”, യൂട്യൂബ് സിഇഒ സ്ഥാനം രാജീ വെയ്ക്കുകയാണെന്ന് അറിയിച്ചു കൊണ്ടുള്ള കുറിപ്പിൽ വോജിസ്കി പറഞ്ഞു.
ആരാണ് നീൽ മോഹൻ?
കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുള്ള ആളാണ് നീൽ മോഹൻ. അതിനു ശേഷം അതേ സർവകലാശാലയിൽ നിന്നും അദ്ദേഹം എംബിഎയും പൂർത്തിയാക്കിയിരുന്നു. മുൻപ് മൈക്രോസോഫ്റ്റിലും ജോലി ചെയ്തിട്ടുള്ള നീൽ മോഹൻ Stitch Fix, 23andMe എന്നിവയുടെ ബോർഡിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2007ലാണ് അദ്ദേഹം ഗൂഗിളിൽ എത്തുന്നത്. 2015-ൽ കമ്പനിയുടെ ചീഫ് പ്രൊഡക്‌ട് ഓഫീസറായ അദ്ദേഹം യൂട്യൂബ് ഷോർട്സ് ആന്‍ഡ് മ്യൂസിക്കിന്‍റെ നിർമ്മാണത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
2014-ൽ യൂട്യൂബിന്റെ സിഇഒ ആയി സ്ഥാനം ഏറ്റെടുത്തപ്പോൾ നല്ല നേതാക്കൻമാരടങ്ങിയ ടീം ഉണ്ടാക്കുക എന്നതായിരുന്നു തന്റെ ആദ്യ മുൻഗണനകളിലൊന്ന് എന്ന് വോജിസ്കി പറഞ്ഞു. “നീൽ മോഹൻ അത്തരം നല്ല നേതാക്കളിൽ ഒരാളായിരുന്നു. അദ്ദേഹം ആയിരിക്കും യൂട്യൂബിന്റെ പുതിയ മേധാവി,” വോജിസ്കി കൂട്ടിച്ചേർത്തു.
2015-ൽ ചീഫ് പ്രൊഡക്റ്റ് ഓഫീസറായതിനുശേഷം, അദ്ദേഹം ഒരു പുതിയ UX ടീം രൂപീകരിക്കുകയും യൂട്യൂബ് ടിവി, യൂട്യൂബ് മ്യൂസിക്, പ്രീമിയം, ഷോർട്സ്, എന്നിവയുൾപ്പെടെ കമ്പനിയുടെ ഏറ്റവും വലിയ ചില ഫീച്ചറുകൾ ലോഞ്ച് ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമിനെയും അദ്ദേഹം നയിച്ചിരുന്നു.
“ഞങ്ങളുടെ സേവനങ്ങൾ, ഞങ്ങളുടെ ബിസിനസ്, ഞങ്ങളുടെ ടീം, കമ്മ്യൂണിറ്റികൾ, ജീവനക്കാർ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. യൂട്യൂബിനെ മികച്ച രീതിയിൽ നയിക്കാൻ അദ്ദേഹത്തിനു സാധിക്കും. യൂട്യൂബിനെ നയിക്കാൻ പറ്റിയ വ്യക്തിയാണ് നീൽ,” വോജിസ്കി പറഞ്ഞു.
“ഈ മഹത്തായതും സുപ്രധാനവുമായി ദൗത്യം ഏറ്റെടുക്കുന്നതിൽ ഞാ അത്യന്തം ആവേശഭരിതനാണ്. ഇനി വരാനിരിക്കുന്ന കാര്യങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്”, വോജിസ്കിക്ക് നന്ദി പറഞ്ഞുകൊണ്ട് നീൽ മോഹൻ ട്വീറ്റ് ചെയ്തു:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.