രാജ്യത്തെ കൺസ്യൂമർ സെന്റിമെന്റ്സ് ഇൻഡക്സിനെക്കുറിച്ചുള്ള (സിഎസ്‍ഐ) ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ട് ഡാറ്റാ ഇന്റലിജൻസ് കമ്പനിയായ ആക്സിസ് മൈ ഇന്ത്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം തങ്ങളുടെ വീട്ടു ചെലവുകൾ വർദ്ധിച്ചതായി സർവേയിൽ പങ്കെടുത്ത 73 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെട്ടു. പണപ്പെരുപ്പമാണ് ഇതിനു കാരണം എന്നാണ് ഇതിൽ 50 ശതമാനം പേരും വിശ്വസിക്കുന്നത്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക രംഗം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ ബിജെപി സർക്കാരിന് കഴിഞ്ഞെന്നാണ് സർവേയിൽ പങ്കെടുത്ത 62 ശതമാനം പേരും വിശ്വസിക്കുന്നത്. 21 ശതമാനം ആളുകളിൽ മാധ്യമങ്ങളുടെ ഉപയോഗം വർധിച്ചതായും സർവേ വ്യക്തമാക്കുന്നു.
സർവേയിൽ പങ്കെടുത്തവരിൽ 52 ശതമാനമെങ്കിലും തങ്ങളുടെ ഡിജിറ്റൽ മീഡിയ ഉപയോഗം വർധിച്ചതായി വെളിപ്പെടുത്തി. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പ് ഫെയ്സ്ബുക്ക് ആണെന്നാണ് സർവേയിൽ നിന്നും വ്യക്തമാകുന്നത്. സർവേയിൽ പങ്കെടുത്ത 26 ശതമാനം ആളുകളും 2022 ൽ തങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച സോഷ്യൽ മീഡിയ ഫെയ്സ്ബുക്ക് ആണെന്ന് വെളിപ്പെടുത്തി. 2022-ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഫ്ലിപ്കാർട്ട് ആയിരുന്നു എന്നും സർവേ ഫലം സൂചിപ്പിക്കുന്നു.
ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട കായിക വിനോദങ്ങളുടെ പട്ടികയിൽ ക്രിക്കറ്റ് തന്നെയാണ് മുന്നിൽ.
സർവേയിലെ പ്രധാനപ്പെട്ട വിവരങ്ങൾ
1. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തങ്ങളുടെ ഗാർഹിക ചെലവ് വർധിച്ചതായി 73 ശതമാനം പേർ പറഞ്ഞു. ഇതിനു കാരണം പണപ്പെരുപ്പമാണെന്ന് വിശ്വസിക്കുന്നതായി 50 ശതമാനം പേർ വെളിപ്പെടുത്തി. എന്നാൽ ആരോഗ്യവുമായി ബന്ധപ്പെട്ട ചെലവുകൾ വർധിച്ചതാണ് മൊത്തത്തിലുള്ള ചെലവ് വർദ്ധിക്കാൻ കാരണമെന്ന് സർവേയിൽ പങ്കെടുത്ത 19 ശതമാനം പേർ വിശ്വസിക്കുന്നു.
2. 16 ശതമാനം പേരാണ് 2023-ൽ തങ്ങൾ ഏതെങ്കിലും വിധത്തിലുള്ള നിക്ഷേപം നടത്താൻ ആലോചിക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തിയത്. 34 ശതമാനം പേർ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കൂടുതൽ പണം നിക്ഷേപിക്കാൻ ആലോചിക്കുന്നതായും പറഞ്ഞു.
4. 30 ശതമാനം പേർ മൂച്വൽ ഫണ്ട്, ഇൻഷുറൻസ്, എന്നിവയിൽ നിക്ഷേപിക്കുമെന്ന് പറഞ്ഞപ്പോൾ 16 ശതമാനം പേരാണ് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുമെന്ന് പറഞ്ഞത്.
5. ഓൺലൈൻ പർച്ചേസിങ്ങിനായി ഫ്ലിപ്കാർട്ടിനെയാണ് ആശ്രയിക്കുന്നതെന്ന് 49 ശതമാനം പേർ പറഞ്ഞപ്പോൾ ഇതിനായി തങ്ങൾ ആമസോണിനെയാണ് ആശ്രയിക്കുന്നതെന്ന് 24 ശതമാനം പേർ വെളിപ്പെടുത്തി.
6. 2023-ൽ മികച്ച തൊഴിലവസരങ്ങൾ തേടുമെന്ന് 29 ശതമാനം പേർ വെളിപ്പെടുത്തി.
7. 2022ൽ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക രംഗം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ ബിജെപി സർക്കാരിന് കഴിഞ്ഞെന്ന് സർവേയിൽ പങ്കെടുത്ത 62 ശതമാനം പേരും പറഞ്ഞു.
8. സർവേയിൽ പങ്കെടുത്ത 46 ശതമാനം പേരാണ് ടി20 ലോകകപ്പാണ് പോയ വർഷം തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കായിക വിനോദമെന്ന് വെളിപ്പെടുത്തിയത്. ഫിഫ ലോകകപ്പാണ് കഴിഞ്ഞ വർഷത്തെ തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട കായിക മൽസരമെന്ന് 16 ശതമാനം പേർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.