2021 നെ അപേക്ഷിച്ച് 2022 ൽ ഗാർഹിക ചെലവ് വർദ്ധിച്ചതായി 73 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെട്ടതായി ആക്‌സിസ് മൈ ഇന്ത്യ സർവേഫലം. പണപ്പെരുപ്പം വർധിച്ചതാണ് ഇതിന് കാരണമെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ 50 ശതമാനവും വിശ്വസിക്കുന്നത്. മൊത്തത്തിലുള്ള ഗാർഹിക ചെലവുകൾ, അവശ്യവും അല്ലാത്തതുമായ ഇനങ്ങൾക്കുള്ള ചെലവ്, ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവ്, മാധ്യമ ഉപഭോഗ ശീലങ്ങൾ, വിനോദം, ടൂറിസം തുടങ്ങിയ അഞ്ച് സൂചികകളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്.
പണപ്പെരുപ്പവും പലിശ നിരക്കിലെ വർധനയും കാരണം പലരും സൂക്ഷിച്ചാണ് പണം ചിലവാക്കിയതെന്ന് ആക്സിസ് മൈ ഇന്ത്യ ചെയർമാനും എംഡിയുമായ പ്രദീപ് ഗുപ്ത പറഞ്ഞു. വിറ്റാമിനുകൾ, പരിശോധനകൾ, ആരോഗ്യകരമായ ഭക്ഷണം തുടങ്ങിയ ആരോഗ്യ സംബന്ധിയായ ഉത്പന്നങ്ങൾക്കായുള്ള ചെലവ് 39 ശതമാനം വർദ്ധിച്ചതായും സർവേ സൂചിപ്പിക്കുന്നു.
Also read- പുതുവർഷത്തിൽ നിക്ഷേപകർ പണം വാരുമോ? ഓഹരി വിപണി കുതിപ്പോടെ തുടങ്ങി
ഇന്ത്യക്കാരുടെ നിക്ഷേപം?
2023-ൽ മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ്, സ്വർണം എന്നിവയായിരിക്കും പലരും മുൻനിര നിക്ഷേപ മാർഗങ്ങളായി തിരഞ്ഞെടുക്കുകയെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 40 ശതമാനം പേരും മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ്, എന്നിവയിൽ നിക്ഷേപിക്കുമെന്ന് പറഞ്ഞപ്പോൾ 16 ശതമാനം പേരാണ് സ്വർണത്തിലും സ്റ്റോക്ക് മാർക്കറ്റിലും നിക്ഷേപിക്കുമെന്ന് പറഞ്ഞത്. 34 ശതമാനം ആളുകളും തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി.
ഇന്ത്യക്കാരുടെ മൊബൈൽ, ഇന്റർനെറ്റ് ഉപയോഗം
സർവേയിൽ പങ്കെടുത്തവരിൽ 52 ശതമാനമെങ്കിലും തങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗവും ഇന്റർനെറ്റ് ഉപയോഗവും വർധിച്ചതായി വെളിപ്പെടുത്തി. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പ് ഫെയ്സ്ബുക്ക് ആണെന്നാണ് സർവേയിൽ നിന്നും വ്യക്തമാകുന്നത്. സർവേയിൽ പങ്കെടുത്ത 35 ശതമാനം ആളുകളും 2022 ൽ തങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച സോഷ്യൽ മീഡിയ ഫെയ്സ്ബുക്ക് ആണെന്നു പറഞ്ഞപ്പോൾ 25 ശതമാനം പേരാണ് പതിവായി യൂട്യൂബ് കാണാറുണ്ടെന്ന് പറഞ്ഞത്. 2022-ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഫ്ലിപ്കാർട്ട് ആയിരുന്നു.
Also read- വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയില്‍ വര്‍ധനവ്; സിലിണ്ടറിന് 25 രൂപ കൂടും
മോദി സർക്കാരിന് പ്രശംസ
മോദി സർക്കാർ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ നന്നായി കൈകാര്യം ചെയ്തെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ഈ വർഷം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി നന്നായി കൈകാര്യം ചെയ്യാൻ കഴിഞ്ഞെന്നും 2023ൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും 62 ശതമാനം പേരും അഭിപ്രായപ്പെട്ടു.
സർവേ മെത്തഡോളജി
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ള 10,019 ആളുകളിൽ കമ്പ്യൂട്ടർ എയ്ഡഡ് ടെലിഫോണിക് അഭിമുഖങ്ങൾ വഴിയാണ് സർവേ നടത്തിയത്. ഇതിൽ എഴുപത് ശതമാനം പേരും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു. 30 ശതമാനം പേർ നഗരങ്ങളിൽ താമസിക്കുന്നവരാണ്. സർവേയിൽ പങ്കെടുത്തവരിൽ 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.