കേന്ദ്ര ധനമന്ത്രി സ്ഥിരീകരിച്ചു; രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഇനിയും ലയിപ്പിക്കുമെന്ന് നിര്‍മലാ സീതാരാമന്‍
- Published by:Sarika N
- news18-malayalam
Last Updated:
ആർബിഐയുമായും മറ്റ് ബാങ്കുകളുമായും ചർച്ചകൾ ഇതിനോടകം തന്നെ ആരംഭിച്ചതായി സീതാരാമൻ കൂട്ടിച്ചേർത്തു
പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) ലയനത്തിന്റെ അടുത്ത ഘട്ടത്തിനുള്ള നടപടികൾ ആരംഭിച്ചതായി ധനമന്ത്രി നിർമലാ സീതാരാമൻ വ്യാഴാഴ്ച അറിയിച്ചു.
അതിവേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യയ്ക്ക് ഒരുപാട് വലിയ ലോകോത്തര നിലവാരമുള്ള ബാങ്കുകൾ ആവശ്യമാണെന്ന് ഒരു പരിപാടിയിൽ സംസാരിക്കവെ അവർ പറഞ്ഞു.
''ഈ വിഷയത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായും ബാങ്കുകളുമായും ഞങ്ങൾ ഇരുന്ന് സംസാരിക്കേണ്ടതുണ്ട്. കൂടാതെ, വലിയ ബാങ്കുകൾ എങ്ങനെ നിർമിക്കണമെന്ന് അവർ ആർബിഐയുമായി ചർച്ച ചെയ്യേണ്ടതുമുണ്ട്,'' നിർമലാ സീതാരാമൻ പറഞ്ഞു.
ആർബിഐയുമായും മറ്റ് ബാങ്കുകളുമായും ചർച്ചകൾ ഇതിനോടകം തന്നെ ആരംഭിച്ചതായി സീതാരാമൻ കൂട്ടിച്ചേർത്തു. ''ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഞങ്ങൾ ആർബിഐയുമായും ബാങ്കുകളുമായും ചർച്ച നടത്തിവരികയാണ്. ഇത് ലയനത്തെക്കുറിച്ച് മാത്രമല്ല, ബാങ്കുകൾക്ക് പ്രവർത്തിക്കാനും വളരാനും കഴിയുന്ന ഒരു അന്തരീക്ഷം നമുക്ക് ആവശ്യമുണ്ട്,'' കേന്ദ്രമന്ത്രി പറഞ്ഞു.
advertisement
2020ൽ 10 പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച് നാല് വലിയ ബാങ്കുകളാക്കിയിരുന്നു. ഇതിന് ശേഷം പിഎസ്ബി ഏകീകരണത്തിന്റെ അടുത്തഘട്ടം സജീവമായി പരിശോധിക്കുന്നുണ്ടെന്ന് സർക്കാർ സ്ഥിരീകരിക്കുന്ന ആദ്യ പ്രസ്താവനയാണിത്. ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ബാങ്കുകൾ വായ്പാ ലഭ്യത ആഴത്തിലാക്കേണ്ടതിന്റെയും വിശാലമാക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റിയും മന്ത്രി ഊന്നിപ്പറഞ്ഞു. ''കറൻസി, വിനിമയനിരക്ക്, അല്ലെങ്കിൽ ആഗോളതലത്തിൽ നിലനിൽക്കുന്ന പണപ്പെരുപ്പം എന്നിങ്ങനെയുള്ള അസ്ഥിരതയും അനിശ്ചിതത്വും ദിവസവും ആവർത്തിക്കുകയാണ്. അതിനാൽ വായ്പാ ലഭ്യത ആഴത്തിലാക്കുകയും വിശാലമാക്കുകയും ചെയ്യുന്നുണ്ടെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണം,'' അവർ പറഞ്ഞു.
advertisement
സാമ്പത്തിക അച്ചടക്കത്തിൽ സർക്കാരിനുള്ള പ്രതിബദ്ധത ആവർത്തിച്ച കേന്ദ്രധനമന്ത്രി ഇന്ത്യ അതിന്റെ സാമ്പത്തിക സമീപത്തിൽ 'സുസ്ഥിരമായ സ്വാശ്രയത്വം' നിലനിർത്തുന്നത് തുടരുകയാണെന്നും കൂട്ടിച്ചേർത്തു. ''വളർച്ചാ ലക്ഷ്യങ്ങൾ നിലനിർത്തുമ്പോഴും സാമ്പത്തിക സന്തുലിതാവസ്ഥയ്ക്ക് അത് ഭീഷണിയാകില്ലെന്ന് കേന്ദ്രം ഉറപ്പാക്കുന്നു,'' മന്ത്രി കൂട്ടിച്ചേർത്തു. നീതിന്യായ, സംസ്ഥാന സർക്കാർ തലങ്ങളും ഉൾപ്പെടെ എല്ലാ മേഖലകളിലും ഇന്ത്യ അതിന്റെ പരിഷ്‌കരണ വേഗത നിലനിർത്തണമെന്നും അവർ പറഞ്ഞു. ''നമ്മൾ ഭൂതകാലത്തുനിന്നും പഠിക്കണം. സ്വീകരിക്കേണ്ട നടപടികളെ ഭയപ്പെടുകയും ചെയ്യരുത്,'' അവർ പറഞ്ഞു. ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധശേഷി പ്രകടമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 07, 2025 1:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കേന്ദ്ര ധനമന്ത്രി സ്ഥിരീകരിച്ചു; രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഇനിയും ലയിപ്പിക്കുമെന്ന് നിര്‍മലാ സീതാരാമന്‍


