കട ബാധ്യത തിരിച്ചു നല്‍കാനാകുന്നില്ല; കെടിഡിഎഫ്‌സി അടച്ചുപൂട്ടാൻ റിസര്‍വ് ബാങ്ക് നിർദേശമെന്ന് സൂചന
- Published by:Sarika KP
- news18-malayalam
Last Updated:
കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാൻ കഴിയാതെ വന്നതോടെയാണ് റിസർവ് ബാങ്ക് നടപടി.
കൊച്ചി: കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോര്‍പറേഷന്റെ (കെടിഡിഎഫ്‌സി) ബാങ്കിതര ലൈസന്‍സ് റദ്ദാക്കുമെന്ന് സൂചന. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രത്യേക ദൂതന്‍ മുഖേന ഇക്കാര്യം അറിയിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കെടിഡിഎഫ്‌സിയുടെ വീഴ്ച വന്‍ ബാധ്യതയുള്ളതിനാല്‍ കേരള ബാങ്കിനെയും ബാധിച്ചേക്കുമെന്ന് സൂചനയുണ്ട്.
കൊല്‍ക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീരാമകൃഷ്ണ മിഷനില്‍ നിന്ന് 130 കോടിരൂപ സ്ഥിര നിക്ഷേപമായി കെടിഡിഎഫ്‌സി സ്വീകരിച്ചിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാൻ കഴിയാതെ വന്നതോടെയാണ് റിസർവ് ബാങ്ക് നടപടി.
രാജ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ച് കഴിഞ്ഞ 17-നു രാജ്യവ്യാപകമായി റിസർവ് ബാങ്ക് അവലോകനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായായി കെടിഡിഎഫ്സിയുടെ ലൈസൻസ് റദ്ദാക്കാനുള്ള തിരുമാനം.
advertisement
സംസ്ഥാന സർക്കാരിന്റെ ഗാരന്റിയോട് കൂടിയാണ് കെടിഡിഎഫ്സി നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ കെടിഡിഎഫ്സിക്കു പണം നൽകാൻ കഴിയുന്നില്ലെങ്കിൽ ആ പണം നൽകേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. എന്നാൽ അതു നടക്കാതിരുന്നതോടെ സംസ്ഥാന ഗാരന്റിക്കും വിലയില്ലാതായി. ധനകാര്യ വകുപ്പിന്റെ കെടുകാര്യസ്ഥതയും ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്നതിനു തടസ്സമായി.
കെഎസ്ആർടിസിക്കു വേണ്ടി കേരള ബാങ്ക് ഈടില്ലാതെ 356 കോടിരൂപ കെടിഡിഎഫ്സിക്കു നൽകിയിരുന്നു. ആ കടം നിഷ്ക്രിയ ആസ്തിയായി മാറി. കെടിഡിഎഫ്സിക്ക് ഇതും കനത്ത അടിയായി. നഷ്ടത്തിലായ കെഎസ്ആർടിസി 700 കോടിയിലധികം രൂപ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് നൽകിയ വായ്പ തിരിച്ചടക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
advertisement
കെടിഡിഎഫ്‌സിയുടെ ആസ്തി ₹ -350.73 കോടിയായി കുറഞ്ഞുവെന്ന് സംസ്ഥാന അസംബ്ലിയിൽ അവതരിപ്പിച്ച് അംഗീകരിച്ച കേരളത്തിലെ പൊതുമേഖലാസംരംഭങ്ങളുടെ 2021-22 വാർഷിക അവലോകന റിവ്യൂവിൽ പറയുന്നു. ഇതോടെ അവലോകന വർഷാവസാനം സഞ്ചിത നഷ്ടം 399.33 കോടി രൂപയാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Sep 24, 2023 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കട ബാധ്യത തിരിച്ചു നല്‍കാനാകുന്നില്ല; കെടിഡിഎഫ്‌സി അടച്ചുപൂട്ടാൻ റിസര്‍വ് ബാങ്ക് നിർദേശമെന്ന് സൂചന









