രാജ്യത്ത് 5 ജി ഇന്റർനെറ്റ് സേവനം അവതരിപ്പിച്ചതിനു ശേഷം മൊബൈൽ ഡൗൺലോഡ് സ്പീഡ് 115 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് ഇന്ത്യയിൽ 5 ജി ലോഞ്ച് ചെയ്തത്. സെപ്റ്റംബറിൽ 13.87 Mbps ആയിരുന്നു ശരാശരി ഡൗൺലോഡ് സ്പീഡ് എങ്കിൽ 2023 ജനുവരി ആയപ്പോഴേക്കും അത് 29.85 Mbps ആയി വർദ്ധിച്ചതായി നെറ്റ്‌വർക്ക് ഇന്റലിജൻസ് ആൻഡ് കണക്റ്റിവിറ്റി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്ന ഊക്‌ല (Ookla) എന്ന കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്ന് സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സിൽ ഇന്ത്യ 69-ാം സ്ഥാനത്തെത്തി. 2022 സെപ്റ്റംബറിൽ ഈ സൂചികയിൽ ഇന്ത്യ 118-ാം സ്ഥാനത്തായിരുന്നു.
ഇന്ത്യയിൽ 5 ജി സേവനങ്ങൾ ആരംഭിച്ചതിനുശേഷം ജിയോയുടെയും എയർടെലിന്റെയും എൽടിഇ (LTE) സ്പീഡ് കൂടിയതായും ഊക്‌ല പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. 2022 ഒക്ടോബറിൽ 5 ജി ആദ്യമായി ആരംഭിച്ചപ്പോൾ, 5 ജി സപ്പോർട്ടുള്ള ഉപകരണങ്ങളിൽ ഉപയോക്താക്കൾക്ക് അതുവരെ ലഭിച്ചിരുന്ന സ്പീഡിൽ പ്രകടമായ മാറ്റം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ആന്ധ്രാപ്രദേശ്, കൊൽക്കത്ത, നോർത്ത് ഈസ്റ്റ്, ഹരിയാന, രാജസ്ഥാൻ, ബീഹാർ, പഞ്ചാബ്, കേരളം, ഉത്തർപ്രദേശ് വെസ്റ്റ് എന്നീ ഒൻപത് ടെലികോം സർക്കിളുകളിൽ ശരാശരി 5 ജി ഡൗൺലോഡ് വേഗത 100 Mbps-ൽ താഴെയാണ്. ഈ മേഖലകളിലെ നെറ്റ്‌വർക്കുകൾ പരീക്ഷണ ഘട്ടത്തിലാണ്. 2023 ജനുവരിയിൽ 5 ജി അവതരിപ്പിച്ച രാജ്യത്തെ ഭൂരിഭാഗം ടെലികോം സർക്കിളുകളിലും ഡൗൺലോഡ് സ്പീഡ് വൻതോതിൽ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Also read: 5G | എന്താണ് 5ജി? സവിശേഷതകൾ എന്തെല്ലാം? എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താനാകും?
5 ജിയുടെ വരവോടെ 4 ജി ഓപ്പറേറ്റർമാരും എൽടിഇ സ്പീഡ് വർദ്ധിപ്പിക്കാൻ തുടങ്ങിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയിൽ 5 ജി ആരംഭിച്ച് ആദ്യഘട്ടത്തിലാണ് ഈ നേട്ടങ്ങളെന്നും ഈ നെറ്റ്‌വർക്കുകൾ വാണിജ്യപരമായി കൂടുതൽ വ്യാപിച്ചു കഴിഞ്ഞാൽ പ്രകടനം കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കേരളത്തിൽ ആദ്യമായി 5 ജി സേവനം ലഭ്യമായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജിയോ 5ജി സേവനം ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത മേഖലകളിലാണ് 5 ജി ലഭ്യമാക്കിയത്. ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കൊച്ചി നഗരത്തിലെ വിവിധയിടങ്ങളിൽ 5ജി സേവനം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായി തുടങ്ങിയിരുന്നു. കൊച്ചിയിലെ 130 ലേറെ ടവറുകൾ ജിയോ നവീകരിച്ചുകഴിഞ്ഞു. 5 ജി ഫോണുള്ളവർക്ക് ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ 5 ജിയിലേക്ക് മാറാം. സിം കാർഡിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല. അർഹരായ ഉപയോക്താക്കളുടെ ഫോണിലേക്ക് 5 ജിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ലിങ്ക് എത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.