രാജ്യം 5ജിയിലേക്ക് കടക്കുമ്പോൾ 4ജിയിലേക്ക് ബിഎസ്എൻഎൽ; തുടക്കം നവംബറിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
4ജിയിലേക്ക് കടക്കാൻ വൈകിയെങ്കിലും 5ജി സേവനം അധികം താമസിയാതെ തുടങ്ങുമെന്നും ബിഎസ്എൻഎൽ അവകാശപ്പെടുന്നുണ്ട്
ന്യൂഡൽഹി: രാജ്യത്ത് സ്വകാര്യ ടെലികോം സേവനദാതാക്കൾ 5ജി കണക്ഷൻ നൽകാൻ ഒരുങ്ങുമ്പോൾ 4ജി സേവനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിൽ ബിഎസ്എൻഎൽ. നവംബർ മുതൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളിൽ ലഭ്യമായി തുടങ്ങും. നിലവിൽ 3ജി സേവനമാണ് ബിഎസ്എൻഎൽ നൽകുന്നത്. 3ജി സേവനം നൽകുന്ന ഏക ടെലികോം സേവനദാതാക്കളും ബിഎസ്എൻഎൽ ആണ്.
എന്നാൽ 4ജിയിലേക്ക് കടക്കാൻ വൈകിയെങ്കിലും 5ജി സേവനം അധികം താമസിയാതെ തുടങ്ങുമെന്നും ബിഎസ്എൻഎൽ അവകാശപ്പെടുന്നുണ്ട്. ഈ നവംബറിൽ 4ജി സേവനം ആരംഭിച്ച്, അടുത്ത വർഷം തന്നെ 5ജിയിലേക്ക് സേവനം ഉയർത്തുമെന്നാണ് ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ ബിഎസ്എൻഎൽ അറിയിച്ചത്.
നവംബറിൽ ആരംഭിക്കുന്ന 4ജി സേവനം എല്ലാ ഉപയോക്താക്കൾക്കും ഒരു വർഷത്തിനുള്ളിൽ എത്തിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഇതിനായി 18 മാസത്തിനുള്ളിൽ 1.25 ലക്ഷം മൊബൈൽ സൈറ്റുകൾ രാജ്യത്ത് സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കം ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്. ടിസിഎസും സി-ഡോട്ടുമായി ചേർന്നാണ് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലഭ്യമാക്കുന്നത്. 2023ൽ തന്നെ ബിഎസ്എൻഎൽ 5ജി സേവനം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്.
advertisement
സിംകാർഡ് 4ജിയിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്എംഎസ് സന്ദേശം കേരളത്തിലെ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മാസങ്ങൾക്ക് മുമ്പ് തന്നെ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ 4ജി സേവനം ആദ്യമായി തുടങ്ങുന്ന നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ നഗരങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2022 3:01 PM IST