Smartphones | മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ സ്മാര്‍ട്ട്ഫോണുകളുടെ ദുരുപയോഗം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകൾക്കും ഡിജിറ്റലായി ട്രാക്ക് ചെയ്യാൻ കഴിയുന്ന നിയമാനുസൃതമായ IMEI നമ്പർ ഉണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ നിയമം
മോഷ്‌ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ സ്‌മാർട്ട്‌ഫോണുകളുടെ ദുരുപയോഗം തടയാനായി സർക്കാർ നടപടി സ്വീകരിച്ചു. 2023 ജനുവരി 1 മുതൽ എല്ലാ മൊബൈൽ ഫോൺ നിർമാതാക്കളും ഇന്ത്യയിൽ നിർമിക്കുന്ന എല്ലാ ഹാൻഡ്‌സെറ്റുകളുടെയും ഐഎംഇഐ (IMEI) നമ്പർ വ്യാജ ഉപകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന പോർട്ടലിൽ (https://icdr.ceir.gov.in) രജിസ്റ്റർ ചെയ്യണം.
ഇന്ത്യയിൽ ലക്ഷക്കണക്കിന് വ്യാജ ഐഎംഇഐ നമ്പറുകളോടുകൂടിയ സ്മാർട്ട്‌ഫോണുകളുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒരേ ഐഎംഇഐ നമ്പറിൽ ഒന്നിലധികം ഫോണുകൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ലക്ഷക്കണക്കിന് സ്മാർട്ട്‌ഫോണുകളും ഫീച്ചർ ഫോണുകളും വ്യാജ ഐഎംഇഐ നമ്പറുകളോ തനിപ്പകർപ്പോ ഐഎംഇഐ നമ്പറുകളോ ഉള്ളതായി മുൻകാല റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ചൈനയിൽ നിന്ന് എത്തിക്കുന്ന ജനപ്രിയ ഹാൻഡ്‌സെറ്റുകളുടെ ഐഎംഇഐ നമ്പറുകൾ പകർത്തിയും ഉപയോഗിക്കുന്നുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകൾക്കും ഡിജിറ്റലായി ട്രാക്ക് ചെയ്യാൻ കഴിയുന്ന നിയമാനുസൃതമായ ഐഎംഇഐ (IMEI) നമ്പർ ഉണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ നിയമം ഉദ്ദേശിക്കുന്നത്. ഇതിലൂടെ സ്മാർട്ട്ഫോണുകളോ ഫീച്ചർ ഫോണുകളോ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഫോൺ ബ്ലോക്ക് ചെയ്ത് സുരക്ഷ ഉറപ്പാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഇങ്ങനെ നഷ്ടപ്പെട്ട ഫോണിൻ്റെ ദുരുപയോഗം തടയാം. ഈ നിയമം പ്രാബല്യത്തിലാകുമ്പോൾ ഇന്ത്യയിലെ സ്മാർട്ട്‌ഫോണുകളുടെ വ്യാജ വിൽപ്പന ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി ചെയ്‌ത സ്‌മാർട്ട്‌ഫോണുകൾക്ക് മാത്രമല്ല ഐഫോണുകൾ, സാംസങ് ഗാലക്‌സി സ്‌മാർട്ട്‌ഫോണുകൾ എന്നിവയ്ക്കും ഈ നിയമം ബാധകമായിരിക്കും.
advertisement
2020 ജൂണിൽ വിവോയുടെ 13,500 സ്മാർട്ട്‌ഫോണുകൾക്ക് ഒരേ ഐഎംഇഐ (IMEI) നമ്പർ ഉണ്ടെന്ന് മീററ്റ് പോലീസ് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി തിരിച്ച് വിളിച്ചിരുന്നു. പല ചൈനീസ് ബ്രാൻഡുകളിലും ഇതിന് സമാനമായ കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഐഎംഇഐ (IMEI) നമ്പർ ക്യത്യമായ തിരിച്ചറിയല്‍ രേഖയാണ്. പല കേസുകളിലും കുറ്റവാളികളെ ട്രാക്ക് ചെയ്യാൻ ഇത് ഉപയോഗിക്കാറുണ്ട്. സിം കാർഡ് മാറ്റാനോ നശിപ്പിക്കാനോ കഴിയുമെങ്കിലും ഐഎംഇഐ (IMEI) നമ്പറിൽ യാതൊരു മാറ്റവും വരുത്താന് സാധിക്കില്ല. അതിനാൽ നിയമ നിർവഹണ ഏജൻസികൾക്ക് കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഐഎംഇഐ (IMEI) നമ്പർ സഹായകരമാണ്.
advertisement
നിങ്ങൾ ഉപയോഗിച്ച മൊബൈൽ ഫോണോ പുതിയ ഫോണോ വാങ്ങുകയാണെങ്കിൽ അതിന് ഐഎംഇഐ (IMEI) നമ്പർ ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുക. ഐഎംഇഐ (IMEI) നമ്പറില്ലങ്കിൽ അത് വ്യാജമാണെന്ന് ഉറപ്പിക്കാം. ഐഎംഇഐ (IMEI) നമ്പർ അറിയാനായി *#06# ഡയൽ ചെയ്യാം. ഡ്യുവൽ സിം സ്‌മാർട്ട്‌ഫോണുകൾക്ക് രണ്ട് ഐഎംഇഐ (IMEI) നമ്പറുകൾ ഉണ്ടായിരിക്കും.
വിവിധ കസ്റ്റംസ് പോർട്ടുകൾ വഴി ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഉപകരണങ്ങൾക്ക് ഐഎംഇഐ (IMEI) സർട്ടിഫിക്കറ്റുകൾ നൽകുന്നതിനായാണ് 2021ൽ ഇന്ത്യയിൽ വ്യാജ ഉപകരണങ്ങൾ നിയന്ത്രിക്കാനുള്ള സംവിധാനം കൊണ്ടുവരുന്നത്. https://icdr.ceir.gov.in എന്ന വെബ് പോർട്ടലിലൂടെ ഐഎംഇഐ (IMEI) രജിസ്ട്രേഷൻ നടത്താനും സർട്ടിഫിക്കറ്റുകൾ നേടാനും സാധിക്കും. നിലവിൽ ഈ സേവനത്തിന് നിരക്കുകളൊന്നും ഇല്ല.
advertisement
മറ്റേതെങ്കിലും സ്രോതസ്സുകൾ വഴി നേടിയ ഐഎംഇഐ (IMEI) സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമാണെന്നും അവക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു. https://icdr.ceir.gov.in എന്ന വെബ്പോർട്ടൽ വഴിയുള്ള രജിസ്ട്രേഷനും ഐഎംഇഐ (IMEI) സർട്ടിഫിക്കറ്റിനും ഏതെങ്കിലും ഏജന്റിനെയോ മൂന്നാം കക്ഷിയെയോ സർക്കാർ ഏൽപിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2022 4:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Smartphones | മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ സ്മാര്‍ട്ട്ഫോണുകളുടെ ദുരുപയോഗം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍