'പരാതിയുള്ളവർ അത് തുടർന്നോളൂ'; ബ്ലൂ ടിക്കിന് ചാർജ് ഈടാക്കാനുള്ള തീരുമാനത്തിലുറച്ച് മസ്ക്; പ്രതിമാസം 660 രൂപ
- Published by:Arun krishna
- news18-malayalam
Last Updated:
മുൻപ് സൗജന്യമായിരുന്ന ഒരു സേവനത്തിന് പണം നൽകുന്നത് എന്തിനാണെന്നാണ് ഉപയോക്താക്കളിൽ പലരും ചോദിക്കുന്നത്
ട്വിറ്ററിലെ വേരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്ക് ലഭിക്കാൻ പണം നൽകണമെന്ന തീരുമാനത്തിലുറച്ച് ഇലോൺ മസ്ക്. ഇതിനായി പ്രതിമാസം എട്ട് ഡോളർ (ഏകദേശം 660 ഇന്ത്യൻ രൂപ) നൽകണമെന്ന് മസ്ക് അറിയിച്ചു. ബ്ലൂ ടിക്ക് ലഭിക്കാൻ പ്രതിമാസം 19.99 ഡോളർ (ഏകദേശം 1,647 ഇന്ത്യൻ രൂപ) ട്വിറ്റർ ഈടാക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് നിരവധി വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്കിടയിലും ചാർജ് ഈടാക്കാനുള്ള തീരുമാനവുമായി ഇലോൺ മസ്ക് മുന്നോട്ടു പോകുകയാണ് ചെയ്തത്. മറ്റു ചില ട്വിറ്റർ ഫീച്ചറുകൾക്കും ഇലോൺ മസ്ക് പണം ഈടാക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
മുൻപ് സൗജന്യമായിരുന്ന ഒരു സേവനത്തിന് പണം നൽകുന്നത് എന്തിനാണെന്നാണ് ഉപയോക്താക്കളിൽ പലരും ചോദിക്കുന്നത്. വേരിഫൈഡ് അക്കൗണ്ടുകൾക്ക് ചാർജ് ഈടാക്കിക്കൊണ്ട് സ്പാം അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള മസ്‌കിന്റെ പ്രഖ്യാപനത്തിൽ മിക്ക ട്വിറ്റർ ഉപയോക്താക്കൾക്കും വിശ്വാസമില്ലെന്ന് പലരുടെയും ട്വീറ്റുകളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നു.
ട്വിറ്റർ ബ്ലൂ സേവനങ്ങൾക്ക് പണമടച്ചവർക്ക് ട്വിറ്റർ സേർച്ചിൽ മുൻഗണന ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. നീണ്ട ട്വിറ്റർ സംഭാഷണങ്ങളിൽ ബ്ലൂ സബ്സ്ക്രൈബർമാരുടെ മറുപടികൾക്ക് കൂടുതല്‍ പ്രധാന്യവും ലഭിക്കും. കൂടുതൽ ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാനും അനുമതി കിട്ടും. ട്വിറ്ററുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ചില പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള എക്സ്ക്ലൂസീവ് ഉള്ളടക്കം ആക്സസ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കും. അത്തരം ഉള്ളടക്കം ഉപയോഗിക്കണമെങ്കിൽ ഉപയോക്താക്കൾക്ക് സാധാരണയായി പ്രത്യേകം പണം നൽകേണ്ടി വരാറുണ്ട്. ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഉള്ളടക്കത്തിന് ട്വിറ്ററും പണം നൽകേണ്ടതുണ്ട്.
advertisement
ട്വിറ്ററിൽ തുടരാൻ ആരിൽ നിന്നും ഫീസ് ഈടാക്കാൻ മസ്ക് ഉദ്ദേശിക്കുന്നില്ല. വേരിഫൈഡ് ബാഡ്‌ജ് സ്വന്തമാക്കാനും മറ്റു ചില ഫീച്ചറുകൾ വേണ്ടവർക്കും മാത്രമാണ് ഫീസ്. വേരിഫിക്കേഷനെ ഇനി ട്വിറ്റര്‍ ബ്ലൂ എന്ന പ്രിമീയം സര്‍വീസിനൊപ്പം ലയിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രീമിയം ഫീച്ചറുകള്‍ നൽകുന്ന ട്വിറ്ററിന്റെ ആദ്യ സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണ് ട്വിറ്റർ ബ്ലൂ.
advertisement
ട്വിറ്ററിന്റെ പുതിയ മോഡൽ അതിന്റെ ഉപയോക്താക്കൾക്കാണ് ഗുണം ചെയ്യുകയെന്നും കമ്പനി പറയുന്നു. സ്ഥിരമായി ട്വിറ്റർ ഉപയോഗിക്കുന്ന, ഈ പ്ലാറ്റ്ഫോമിനെ ഗൗരവമായി കാണുന്ന ഉപയോക്താക്കളിൽ നിന്ന് താരതമ്യേന ചെറിയ തുക ഈടാക്കുന്നതിലൂടെ, അവരുടെ ഉള്ളടക്കത്തിന് പ്രതിഫലം നൽകി ഉപയോക്താക്കളെ സഹായിക്കാൻ ട്വിറ്ററിന് കഴിയുമെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ട്വിറ്ററിൽ സജീവമായുള്ള അക്കൗണ്ടുകൾക്ക് യൂട്യൂബ് മാതൃകയിൽ പണം നൽകുന്ന കാര്യം പരിഗണനയിലാമെന്ന് ഇലോൺ മസ്ക് പറഞ്ഞിരുന്നു.
ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടുന്ന പ്രീമിയം ഫീച്ചറുകൾ ട്വിറ്റർ കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ചിരുന്നു. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നൽകിയാലാണ് ഇത്തരം ഫീച്ചറുകൾ ലഭിക്കുക.ട്വിറ്ററിൽ മസ്‌ക് അടുത്തതായി എന്തു പരിഷ്കാരമാണ് കൊണ്ടുവരാൻ പോകുന്നത് എന്നും ഏതൊക്കെ ഫീച്ചറുകൾക്ക് പണം ഈടാക്കുമെന്നും കാത്തിരുന്ന് കാണാം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2022 1:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
'പരാതിയുള്ളവർ അത് തുടർന്നോളൂ'; ബ്ലൂ ടിക്കിന് ചാർജ് ഈടാക്കാനുള്ള തീരുമാനത്തിലുറച്ച് മസ്ക്; പ്രതിമാസം 660 രൂപ