ആദിത്യ എല്‍-1: ഇന്ത്യയുടെ സൗരദൗത്യത്തിൽ ഐഎസ്ആര്‍ഒയുമായി കൈകോർത്ത് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി
- Published by:Sarika KP
- news18-malayalam
Last Updated:
വിക്ഷേപണം വിജയകരമായതോടെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ) ഐഎസ്ആര്‍ഒയുമായി കൈകോര്‍ക്കുകയാണ്.
2023 സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യയുടെ ആദ്യ സോളാര്‍ ദൗത്യമായ ആദിത്യ എല്‍-1 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായതോടെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ) ഐഎസ്ആര്‍ഒയുമായി കൈകോര്‍ക്കുകയാണ്. ബഹിരാകാശ സംബന്ധിയായ ആശയ വിനിമയ സേവനങ്ങളും (space communication services) നിര്‍ണായകമായ ഫ്‌ലൈറ്റ് ഡൈനാമിക്‌സ് സോഫ്റ്റ് വെയറും flight (dynamics software) നല്‍കുന്നതിന് ഐഎസ്ആര്‍ഒയുമായി സഹകരിക്കുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു.
ഗ്രൗണ്ട് സ്റ്റേഷന്റെ പിന്തുണയില്ലാതെ ഒരു ബഹിരാകാശ പേടകത്തില്‍ നിന്ന് ശാസ്ത്രീയമായ വിവരങ്ങള്‍ ലഭിക്കുക അസാധ്യമാണെന്ന് ഇഎസ്എ പറഞ്ഞു. ഓരോ ബഹിരാകാശദൗത്യത്തിലും ആശയവിനിമയം അവിഭാജ്യഘടകമാണെന്ന് ഇഎസ്എയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു. ”ഇഎസ്എയുടെ സ്‌പെയ്‌സ് ട്രാക്കിങ് സ്റ്റേഷനുകളുടെ ആഗോള നെറ്റ്‌വര്‍ക്ക് വഴിയും അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട സാങ്കേതിക മാനദണ്ഡങ്ങളുടെ ഉപയോഗത്തിലൂടെയും സൗരയൂഥത്തിലെ ബഹിരാകാശപേടകങ്ങളില്‍ നിന്ന് വിവരങ്ങള്‍ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും സ്വീകരിക്കാനും കഴിയും”, ഇഎസ്എ സര്‍വീസ് മാനേജറും ഇഎസ്എ ക്രോസ് സപ്പോര്‍ട്ട് ലെയ്‌സണ്‍ ഓഫീസറുമായ(ഐഎസ്ആര്‍ഒ) രമേശ് ചെല്ലാതുരൈ പറഞ്ഞു. ഇത് തങ്ങളുടെ പങ്കാളികളുമായി പങ്കുവയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
”ആദിത്യ എല്‍-1 ദൗത്യത്തിനുവേണ്ടി ഞങ്ങളുടെ ഓസ്‌ട്രേലിയ, സ്‌പെയിന്‍, അര്‍ജന്റീന എന്നിവടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്ന് ബഹിരാകാശ ആന്റിനകള്‍ ഉപയോഗിച്ച് ഞങ്ങള്‍ പിന്തുണ നല്‍കുന്നുണ്ട്. ഇതിന് പുറമെ ഫ്രഞ്ച് ഗയാനയിലെ കൗരൗ സ്റ്റേഷനില്‍ നിന്നുള്ള പിന്തുണയും യുകെയിലെ എര്‍ത്ത് സ്റ്റേഷനില്‍ നിന്നുള്ള സഹായവും ഞങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്”, അദ്ദേഹം പറഞ്ഞു.
advertisement
ആദിത്യ എല്‍-1ന് ഗ്രൗണ്ട് സ്റ്റേഷന്‍ സേവനങ്ങള്‍ നല്‍കുന്ന പ്രധാനപ്പെട്ട ദാതാക്കളാണ് തങ്ങളെന്നും സോളാര്‍ ദൗത്യത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇഎസ്എ സ്‌റ്റേഷനുകല്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിത്യയുടെ ദൗത്യകാലം മുഴുവന്‍ ഈ പിന്തുണയുണ്ടാകും. നിര്‍ണായകമായ വിക്ഷേപണം മുതല്‍ ഭ്രമണപഥം മാറ്റുന്നത് വരെയുള്ള കാര്യങ്ങളില്‍ സഹായങ്ങളും നല്‍കും.
ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിജയത്തിന് തൊട്ട് പിന്നാലെ സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍-1 ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ഇതിന് പിന്നാലെ ഞായറാഴ്ച ആദ്യത്തെ ഭ്രമണപഥം ഉയര്‍ത്തുന്ന ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത ഘട്ടം സെപ്റ്റംബര്‍ അഞ്ചിനാണ് നിശ്ചയിച്ചിരിക്കുന്നത്. ആകെ അഞ്ച് ഘട്ടങ്ങളിലായാണ് ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്തുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ 16 ദിവസമായിരിക്കും ആദിത്യ എല്‍-1 ഉണ്ടാകുക. ഭ്രമണപഥം ഉയര്‍ത്തുന്നത് പൂര്‍ത്തിയായ ശേഷം ഉപഗ്രഹം സൂര്യനടുത്തുള്ള എല്‍-1 ബിന്ദു ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. ഇതിന് ശേഷം ഭ്രമണപഥം താഴ്ത്തുന്ന നടപടികള്‍ ആരംഭിക്കും. ഏകദേശം 110 ദിവസത്തിനു ശേഷം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങും. ഇതിനുശേഷം എല്‍-1ന് സമീപമുള്ള ഹലോ ഓര്‍ബിറ്റിലേക്ക് ആദിത്യ എല്‍-1 സന്നിവേശിപ്പിക്കും. ഭൂമിയും സൂര്യനും ചെലുത്തുന്ന ഗുരുത്വാകര്‍ഷണ ബലം പരസ്പരം ഇല്ലാതാക്കുന്ന ഇടമാണ് ലാഗ്രന്‍ജിയന്‍ 1 പോയിന്റ് (എല്‍-1). ഇത് ഉപഗ്രഹത്തെ ഒരിടത്തുതന്നെ നിലയുറപ്പിക്കാന്‍ സഹായിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 04, 2023 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ആദിത്യ എല്‍-1: ഇന്ത്യയുടെ സൗരദൗത്യത്തിൽ ഐഎസ്ആര്‍ഒയുമായി കൈകോർത്ത് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി