ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ ഐ.ഐ.ടി. മദ്രാസ് വികസിപ്പിച്ച സ്മാര്‍ട്ട്ഫോര്‍ട്ട്ഫോണ്‍ അധിഷ്ഠിത സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമാണ് ഭറോസ്. ഇക്കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും ധര്‍മ്മേന്ദ്ര പ്രധാനുമാണ് ഭാരോസ് പുറത്തിറക്കിയത്. ഇന്ത്യയുടെ ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ച് കൂടുതലറിയാം.
എന്താണ് ഭറോസ്?
ഐഐടി മദ്രാസ് നിര്‍മ്മിച്ച ഭറോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് സാങ്കേതിക സഹായം നല്‍കിയത് ജാന്‍ഡ് കെ ഓപ്പറേഷന്‍ എന്ന കമ്പനിയാണ്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഗ്നൂ ലിനക്‌സ് മാതൃകയിലാണ് ഒഎസ് നിര്‍മ്മിച്ചിരിക്കുന്നത്.
ഭറോസ് ചെയ്യുന്നത് എന്ത്?
രാജ്യത്ത് പുറത്തിറക്കുന്ന മൊബൈലുകള്‍ക്കും ഡെസ്‌ക് ടോപ്പുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഭറോസ് നിര്‍മ്മിച്ചിരിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിനോടൊപ്പം ഡീഫോള്‍ട്ടായി ലഭിക്കുന്ന ആപ്ലിക്കേഷനുകളൊന്നും തന്നെ ഭാരോസില്‍ ഉണ്ടാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൂടാതെ യൂസറുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്ന നിലയിലാണ് ഈ ഒഎസ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഐഐടി മദ്രാസ് പ്രതിനിധികള്‍ പറയുന്നു. ഏകദേശം ഒരു വര്‍ഷത്തോളമെടുത്താണ് ജാന്‍ഡ് കെ ഓപ്പറേഷന്‍സ് ഭറോസ് നിര്‍മ്മിച്ചതെന്ന് ഐഐടി മദ്രാസ് പ്രതിനിധികള്‍ അറിയിച്ചു.
എന്നാൽ നൂറ് ശതമാനം പ്രാദേശികമായി നിര്‍മ്മിച്ച ഒഎസ് ആണ് ഭറോസ് എന്ന് പറയാനാകില്ലെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. മുമ്പ് പറഞ്ഞതു പോലെ ഗ്നു ലിനക്‌സ് മാതൃകയിലാണ് ഭറോസ് നിര്‍മ്മിച്ചിരിക്കുന്നത്. ഫിനിഷ് നാഷണലാണ് ഗ്നു ലിനക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. ആ മാതൃകയില്‍ നിരവധി മാറ്റം വരുത്തിയാണ് ഭറോസ് നിര്‍മ്മിച്ചിരിക്കുന്നത്.
ആന്‍ഡ്രോയിഡില്‍ നിന്ന് വ്യത്യസ്തമാണോ?
ഗ്നു ലിനക്‌സിന്റെ ചില സവിശേഷതകള്‍ കൂടി ഉള്‍പ്പെട്ടതാണ് ആന്‍ഡ്രോയ്ഡ് സിസ്റ്റം. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അടിസ്ഥാനമായി ഭറോസും ഇതേ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ ഭരോസും ആന്‍ഡ്രോയിഡും തമ്മില്‍ ചില സമാനതകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സേവനങ്ങളുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. ആന്‍ഡ്രോയ്ഡ് ഒഎസിന്‍ നിരവധി ഡീഫോള്‍ട്ട് ആപ്ലിക്കേഷന്‍സ് ഉണ്ട്. ഭറോസില്‍ അതില്ല.
മൊബൈലുകളില്‍ ഭറോസ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?ഡെവലപ്‌മെന്റ് മാന്വലുകളും മറ്റ് വിവരങ്ങളും ലഭ്യമായ ഏത് ഫോണിലും ഭറോസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ പറയുന്നു.
നിലവില്‍ ഭറോസ് എവിടെയാണ് ഉപയോഗിക്കുന്നത്?
നിലവില്‍ തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്ന സുരക്ഷാ സ്ഥാപനങ്ങളിലാണ് ഭറോസ് ഉപയോഗിക്കുന്നത്. ഭറോസിന്റെ ജനപ്രീതി അടിസ്ഥാനമാക്കി പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ഐഐടി മദ്രാസ് പ്രതിനിധികള്‍ അറിയിച്ചു.
ഇതാദ്യമായാണോ ഇന്ത്യ പ്രാദേശികമായി ഒരു ഒഎസ് നിര്‍മ്മിക്കുന്നത്?
ഭറോസ് ഇന്ത്യയുടെ ആദ്യ പ്രാദേശിക ഓപ്പറേറ്റിംഗ് സിസ്റ്റമല്ല. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ആന്റ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ് എന്ന സ്ഥാപനം (സി-ഡാക്) ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷ്യന്‍സ് (ബോസ്) എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ കണ്ടെത്തിയ ബോസ് ഒഎസിന് നാല് എഡിഷന്‍ വരെയുണ്ടായിരുന്നു. ഡെസ്‌ക് ടോപ്പിനായി ബോസ് ഡെസ്‌ക് ടോപ്പ്, സ്‌കൂളുകള്‍ക്കായി എജ്യു ബോസ്, ബോസ് മൂള്‍, ബോസ് അഡ്വാന്‍സ്ഡ് എന്നിവയായിരുന്നു പ്രധാന എഡിഷന്‍സ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.