• HOME
 • »
 • NEWS
 • »
 • money
 • »
 • ISRO | ബുദ്ധിമുട്ടേറിയ ഇടങ്ങളിലും ഇനി ഇന്‍റര്‍നെറ്റ് ലഭ്യമാകും; ‘OneWeb India-1 mission' വിക്ഷേപണത്തിനൊരുങ്ങി ISRO

ISRO | ബുദ്ധിമുട്ടേറിയ ഇടങ്ങളിലും ഇനി ഇന്‍റര്‍നെറ്റ് ലഭ്യമാകും; ‘OneWeb India-1 mission' വിക്ഷേപണത്തിനൊരുങ്ങി ISRO

ബഹിരാകാശത്തു നിന്ന് ബ്രോഡ്ബാൻഡ് സേവനം രാജ്യത്ത് നൽകുന്നതിനായി, ഈ വർഷം ഏപ്രിൽ മാസത്തിൽ ടെലികോം വകുപ്പ് വൺവെബ്ബിന് താൽപ്പര്യപത്രം സമർപ്പിച്ചിരുന്നു.

 • Share this:
  യുകെ ആസ്ഥാനമായുള്ള കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കായ വൺവെബ്ബിൻ്റെ 36 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ (ISRO) .  ട്വീറ്ററിലൂടെയാണ് ഐഎസ്ആർഒ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഇൻ്റർനെറ്റ് ലഭ്യമാക്കാൻ കൂടി സഹായിക്കുന്ന പദ്ധതിയാണിത്.

  ഒക്ടോബർ മാസം അവസാനത്തോടെയാകും ലോഞ്ച് നടക്കുക. വൺവെബ് ഇന്ത്യ-1 മിഷൻ എന്ന പേരിലാണ് ലോഞ്ച് നടക്കുക. എൽവിഎം3 എം2 എന്നും ഇത് അറിയപ്പെടും. എൽവിഎം3-യുടെ ആഗോള വാണിജ്യ ലോഞ്ച് സേവന വിപണിയിലേക്കുള്ള പ്രവേശനം കൂടി അടയാളപ്പെടുത്തുന്ന വിക്ഷേപണമായിരിക്കും ഈ മാസം നടക്കുക.

  ലോഞ്ച് സാധ്യമാക്കുന്നതിനായി വൺവെബ്, ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡുമായി (എൻഎസ്ഐഎൽ) കൈകൊർത്തിട്ടുണ്ട്. കമ്പനിയുടെ 14-ാമത് ലോഞ്ച് ആയിരിക്കും ഇത്. ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എൽവി എംകെIII ആയിരിക്കും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുക.

  ഉപഗ്രഹങ്ങളുടെ ഗണം പൂർത്തിയാക്കാനായി അടുത്ത വർഷം തുടക്കത്തിൽ മൂന്ന് ലോഞ്ചുകൾ കൂടി നടത്തുമെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

  ഹ്യൂസ് കമ്മ്യൂണിക്കേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി വിതരണ പങ്കാളിത്തത്തിൽ ഏർപ്പെടുന്ന കാര്യം വൺവെബ്ബിലെ പ്രമുഖ നിക്ഷേപകരായ ഭാരതി എൻ്റർപ്രൈസസ് ഈ വർഷം തുടക്കത്തിൽ വെളിപ്പെടുത്തിയിരുന്നു. ലണ്ടൻ ആസ്ഥാനമായാണ് വൺവെബ് പ്രവർത്തിക്കുന്നത്.

  ഈ ലോഞ്ചോടെ, തങ്ങളുടെ ജെൻ 1 എൽഇഒ ഉപഗ്രഹ സമൂഹത്തിലെ 70 ശതമാനവും ഭ്രമണപഥത്തിൽ എത്തിക്കുമെന്ന് നേരത്തേ വൺവെബ് പറഞ്ഞിരുന്നു. വേഗത കൂടിയതും തടസവും പ്രതികരണസമയവും കുറഞ്ഞതുമായ ബ്രോഡ്ബാൻഡ് സേവനം ബഹിരാകാശത്തു നിന്ന് നൽകുന്ന സേവനമാണ് ഇവർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

  പദ്ധതി പ്രാവർത്തികമാകുന്നതോടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സേവനം ലഭ്യമാകും. ഏറ്റവും ബുദ്ധിമുട്ടേറിയ ഇടങ്ങളിൽ വൺവെബ് ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കുമെന്നും ഇത് ഇന്ത്യയിലുടനീളമുള്ള ഡിജിറ്റൽ അന്തരം കുറയ്ക്കുമെന്നും കമ്പനി പറഞ്ഞു.

  ആന്ധ്രാപ്രദേശിലുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നായിരിക്കും ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടക്കുക. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം കാരണം, ഖസാക്കിസ്ഥാനിലെ റഷ്യയുടെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്നുള്ള ഉപഗ്രഹ വിക്ഷേപണം വൺവെബ് തൽക്കാലം നിർത്തിവെച്ചിരുന്നു.

  ബഹിരാകാശത്തു നിന്ന് ബ്രോഡ്ബാൻഡ് സേവനം രാജ്യത്ത് നൽകുന്നതിനായി, ഈ വർഷം ഏപ്രിൽ മാസത്തിൽ ടെലികോം വകുപ്പ് വൺവെബ്ബിന് താൽപ്പര്യപത്രം സമർപ്പിച്ചിരുന്നു. അതിനു ശേഷം ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡുമായി കമ്പനി കൈകൊർത്തു. ഇതിനെ തുടർന്നാണ് പുതിയ സേവനം ആരംഭിക്കുന്നത്.

  ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായ കെ എ അനിൽകുമാർ ഈ വർഷം സെപ്റ്റംബറിൽ ഇൻ്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ്റെ (ഐഎഎഫ്) വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതും വരും കാലങ്ങളിൽ അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാൻ ഐഎസ്ആർഒയ്ക്ക് സഹായകരമാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

  ലോഞ്ചിന് തയ്യാറെടുക്കുന്നതിനായി ഉപഗ്രഹങ്ങളും ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങളും ഇന്ത്യയിലെത്തുന്നതും കാത്ത് തങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് എൻഎസ്ഐഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡി രാധാകൃഷ്ണൻ പറഞ്ഞു.
  Published by:Arun krishna
  First published: