• HOME
  • »
  • NEWS
  • »
  • money
  • »
  • ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍; 2023ല്‍ ഇതുവരെ ജോലി നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം പേര്‍ക്ക്

ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍; 2023ല്‍ ഇതുവരെ ജോലി നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം പേര്‍ക്ക്

ഏറ്റവും കൂടുതല്‍ പേരെ പിരിച്ചുവിട്ടത് ഗൂഗിളില്‍ നിന്നാണ്

  • Share this:

    സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ട് ലോകത്തെ ടെക് കമ്പനികളെല്ലാം തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ഇത്തരത്തിൽ ഓരോ കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. ഏറ്റവും പുതിയ വിവരമനുസരിച്ച് 2023ല്‍ ഇതുവരെ 332 ടെക് കമ്പനികള്‍ ആകെ 1,00,746 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

    ഗൂഗിള്‍, മൈക്രോസോഫ്റ്റ്, സെയില്‍സ് ഫോഴ്‌സ്, ആമസോണ്‍ എന്നീ കമ്പനികളില്‍ നിന്ന് ഈ വര്‍ഷമാദ്യം കൂട്ടപ്പിരിച്ചുവിടലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിളില്‍ നിന്ന് 12000 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. കമ്പനിയിലെ ആകെ ജീവനക്കാരുടെ 6 ശതമാനത്തോളം വരുമിത്. ഏറ്റവും കൂടുതല്‍ പേരെ പിരിച്ചുവിട്ടതും ഗൂഗിളില്‍ നിന്നാണ്. മൈക്രോസോഫ്റ്റില്‍ നിന്ന് 10000 പേരെയാണ് പിരിച്ചുവിട്ടത്. ആമസോണില്‍ നിന്ന് 8000 പേർ പുറത്താക്കപ്പെട്ടു.

    Also read- ട്വിറ്റർ അക്കൗണ്ട് വെരിഫൈഡ് അക്കൗണ്ട് വേണോ? പ്രതിമാസം 650 രൂപ; ഒരു വർഷത്തേക്ക് എടുത്താൽ ഡിസ്കൗണ്ടും!

    കൂടാതെ സെയില്‍സ്ഫോഴ്സിൽ നിന്നും 8000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡെല്‍ പിരിച്ചുവിട്ടവരുടെ എണ്ണം 6650 ആണ്. ഐബിഎമ്മില്‍ നിന്ന് 3900 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. എസ്എപി യില്‍ നിന്ന് 3000, സൂം ല്‍ നിന്ന് ഏകദേശം 1300ഓളം പേർ, കോയിന്‍ബേസില്‍ നിന്ന് 950 പേർ എന്നിങ്ങനെയാണ് തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്ക്.

    ഏറ്റവും പുതിയതായി കൂട്ടപ്പിരിച്ചുവിടല്‍ നടന്നത് യാഹൂവിലാണ്. തങ്ങളുടെ 20 ശതമാനം ജീവനക്കാരെയാണ് കമ്പനി ഒറ്റയടിയ്ക്ക് പിരിച്ചുവിട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പിരിച്ചുവിടല്‍ സംബന്ധിച്ച നിര്‍ദ്ദേശം യാഹു ജീവനക്കാര്‍ക്ക് ലഭിച്ചത്. 12 ശതമാനം അതായത് 1000ത്തോളം ജീവനക്കാരെ ഉടന്‍ തന്നെ പിരിച്ചുവിടുമെന്നായിരുന്നു നിര്‍ദ്ദേശം. അടുത്ത ആറ് മാസത്തിനുള്ളില്‍ എട്ട് ശതമാനം പേരെ കൂടി പിരിച്ചുവിടുമെന്നും കമ്പനി നിര്‍ദ്ദേശത്തില്‍ പറയുന്നു.

    Also read-Disney | ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടല്‍; 7000ത്തോളം പേർക്ക് ജോലി നഷ്ടമാകും

    അങ്ങനെയെങ്കില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ഏകദേശം 600 ജീവനക്കാര്‍ക്ക് കൂടി ജോലി നഷ്ടപ്പെടുമെന്നാണ് വിവരം. യാഹുവിന്റെ മറ്റ് ബിസിനസ്സുകളെയും ഈ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം പകുതിയോടെ തങ്ങളുടെ ജീവനക്കാരില്‍ 10 ശതമാനം പേരെ പിരിച്ചുവിടേണ്ടി വരുമെന്നാണ് മൈക്രോസോഫ്റ്റ് ഉടമസ്ഥതതയിലുള്ള കമ്പനിയായ ഗിറ്റ്ഹബ്ബ് പറയുന്നത്. ഏകദേശം 300 ജോലിക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നാണ് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നത്.

    തുടര്‍ന്ന് ഓഫീസുകള്‍ ഒഴിയുമെന്നും ഭൂരിഭാഗം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം സംവിധാനം നല്‍കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സാമ്പത്തിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നതെന്നാണ് ലോകത്തെ ഭൂരിഭാഗം കമ്പനികളുടെയും വാദം. പിരിച്ചുവിടലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഡെല്ലിൽ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

    Also read- ഗൂഗിളിനെതിരെ കേസെടുത്ത് യുഎസ് നീതിന്യായ വകുപ്പ്; ‘അന്യായ മാർഗങ്ങളിലൂടെ ഓണ്‍ലൈന്‍ പരസ്യ വിപണിയിൽ ആധിപത്യം നേടി’

    പേഴ്‌സണല്‍ കംപ്യൂട്ടര്‍ വ്യവസായത്തിലെ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഈ പിരിച്ചുവിടല്‍. ” ഞങ്ങള്‍ മുമ്പും സാമ്പത്തിക മാന്ദ്യത്തെ നേരിട്ടിട്ടുണ്ട്. പൂര്‍വ്വാധികം ശക്തിയോടെ ഞങ്ങള്‍ തിരിച്ചുവരും. വിപണി സാഹചര്യം അനുകൂലമാകുമ്പോള്‍ ഞങ്ങള്‍ തിരിച്ചുവരും,” എന്നാണ് ഡെല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞത്.

    പ്രധാന കമ്പനികളിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം

    മൈക്രോസോഫ്റ്റ് – 10,000 ജീവനക്കാര്‍ (ആകെ ജീവനക്കാരുടെ 5%)
    ആമസോണ്‍ – 8,000 (ആകെ ജീവനക്കാരുടെ 3%)
    സെയില്‍സ്‌ഫോഴ്‌സ് – 8,000 (ആകെ ജീവനക്കാരുടെ 10%)
    ഡെല്‍ – 6,650 (ആകെ ജീവനക്കാരുടെ 5%)
    ഐബിഎം – 3,900 (ആകെ ജീവനക്കാരുടെ 2%)
    എസ്എപി – 3,000 (ആകെ ജീവനക്കാരുടെ 3%)
    സൂം – 1,300 (ആകെ ജീവനക്കാരുടെ 15%)
    കോയിന്‍ബേസ് – 950 (ആകെ ജീവനക്കാരുടെ 20%)
    യാഹൂ – 1,600 (ആകെ ജീവനക്കാരുടെ 20%)
    ഗിറ്റ്ഹബ്ബ് – 300 (ആകെ ജീവനക്കാരുടെ 10%).

    Published by:Vishnupriya S
    First published: