സാംസങ് ഇന്ത്യയില്‍ ലാപ്‌ടോപ്പുകളുടെ നിര്‍മ്മാണം തുടങ്ങി
- Published by:Nandu Krishnan
- news18-malayalam
Last Updated:
രാജ്യത്ത് കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും സാംസങ് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം
കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ് ഗ്രേറ്റര്‍ നോയിഡയിലെ കമ്പനിയുടെ ഫാക്ടറില്‍ ലാപ്‌ടോപ്പുകളുടെ നിര്‍മ്മാണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഫീച്ചര്‍ ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, വെയറബിള്‍സ്, ടാബ് ലെറ്റുകള്‍ എന്നിവ സാംസങ് നോയിഡയിലെ ഫാക്ടറിയില്‍ നിന്നും നിര്‍മ്മിക്കുന്നുണ്ട്.
ഇന്ത്യയില്‍ സാംസങ് തങ്ങളുടെ നിര്‍മ്മാണ വിഭാഗം വിപുലീകരിച്ചിരിക്കുകയാണെന്നും നോയിഡ ഫാക്ടറില്‍ നിന്ന് ലാപ്‌ടോപ്പുകള്‍ കൂടി നിര്‍മ്മിക്കാന്‍ തുടങ്ങിയെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും സാംസങ് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം.
കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെബി പാര്‍ക്ക്, സൗത്ത് വെസ്റ്റ് ഏഷ്യ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് എസ്പി ചുന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈദഗ്ദ്ധ്യത്തിലും നവീകരണത്തിലും അധിഷ്ഠിതമായി മുന്നേറുന്ന സാംസങ് ഇന്ത്യയില്‍ ഉത്പന്ന നിര്‍മ്മാണ നിര വിപുലീകരിക്കുന്നത് തുടരുമെന്ന് ഈ കൂടിക്കാഴ്ചയ്ക്കുശേഷം ശനിയാഴ്ച മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
advertisement
1996-ലാണ് സാംസങ് ഇന്ത്യയില്‍ പ്ലാന്റ് ആരംഭിക്കുന്നത്. രാജ്യത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യത്തെ ആഗോള ഇലക്ട്രോണിക്‌സ് നിര്‍മ്മാണ സൗകര്യങ്ങളിലൊന്നാണ് സാംസങ് പ്ലാന്റ്. സാംസങ് ഇലക്ട്രോണിക്‌സ് പ്രസിഡന്റും മൊബൈല്‍ എക്‌സ്പീരിയന്‍സ് (എംഎക്‌സ്) ബിസിനസ് മേധാവിയുമായ ടിഎം റോ കമ്പനി ഇന്ത്യയില്‍ ലാപ്ടോപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ഈ വർഷം ആദ്യം അറിയിച്ചിരുന്നു.
സാംസങ്ങിന്റെ ആഗോളതലത്തില്‍ തന്നെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ യൂണിറ്റാണ് ഇന്ത്യയിലേത്. ഐഫോൺ നിർമാതാക്കളായ ആപ്പിൾ കഴിഞ്ഞാല്‍ രാജ്യത്തുനിന്നും ഹാന്‍ഡ്‌സെറ്റുകള്‍ കയറ്റി അയക്കുന്ന രണ്ടാമത്തെ വലിയ കമ്പനിയാണ് സാംസങ്. മൂല്യത്തിലും വിപണി വിഹിതത്തിലും ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ് സാംസങ് എന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നു. 15 ശതമാനം വിപണി വിഹിതവുമായി ടാബ് ലെറ്റ് പിസി വിഭാഗത്തിലും രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയാണ് സാംസങ് എന്ന് സൈബര്‍ മീഡിയ റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement
എന്നാല്‍ കമ്പനി ഇതുവരെ ലാപ്‌ടോപ്പ് വിഭാഗത്തിലേക്ക് കടന്നിരുന്നില്ല. ഇന്ത്യയില്‍ നിന്നും ആ വിഭാഗത്തിലേക്ക് കൂടി കടന്നിരിക്കുകയാണ് സാംസങ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 18, 2025 11:52 AM IST