HOME /NEWS /Money / ഇന്ത്യ - സിംഗപ്പൂർ UPI പണമിടപാടുകൾ ഉടൻ സാധ്യമാകും; യുപിഐയും പേനൗവും ബന്ധിപ്പിക്കുന്നു

ഇന്ത്യ - സിംഗപ്പൂർ UPI പണമിടപാടുകൾ ഉടൻ സാധ്യമാകും; യുപിഐയും പേനൗവും ബന്ധിപ്പിക്കുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ഇന്ത്യയിൽ നിന്നും സിം​ഗപ്പൂരിലേക്ക് എത്തുന്ന കുടിയേറ്റ തൊഴിലാളികൾക്കായിരിക്കും ഈ നടപടിയുടെ പ്രയോജനം കൂടുതൽ ലഭിക്കുക

  • Share this:

    ഇന്ത്യയ്ക്കും (India) സിം​ഗപ്പൂരിനും (Singapore) ഇടയിൽ യുപിഐ (UPI) ഉപയോ​ഗിച്ചുള്ള പണമിടപാടുകൾ ഉടൻ സാധ്യമാകും. ഇതിനായി ഇന്ത്യയും സിംഗപ്പൂരും തങ്ങളുടെ പേയ്‌മെന്റ് സംവിധാനങ്ങളായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ), പേയ്‌നൗവും (PayNow) തമ്മിൽ ബന്ധിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്. യുപിഐയും പേ നൗവും ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക തയ്യാറെടുപ്പുകൾ പൂർത്തിയായി കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നും സിം​ഗപ്പൂരിലേക്ക് എത്തുന്ന കുടിയേറ്റ തൊഴിലാളികൾക്കായിരിക്കും ഈ നടപടിയുടെ പ്രയോജനം കൂടുതൽ ലഭിക്കുക.

    ഇരു രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകളായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരും (എംഎഎസ്) ഈ നീക്കത്തിൽ സഹകരിക്കും. സേവനം ഉടൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐ പറയുന്നതനുസരിച്ച്, ഈ സംരംഭത്തിലൂടെ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് മൊബൈൽ ഫോൺ നമ്പറുകൾ ഉപയോഗിച്ചും സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് നിർദ്ദിഷ്ട ലിങ്കേജ് (വിപിഎ) പ്രകാരമുള്ള യുപിഐ വെർച്വൽ പേയ്‌മെന്റ് വിലാസങ്ങൾ ഉപയോഗിച്ചും പണം കൈമാറാൻ കഴിയും. ഇന്ത്യയുടെ കാർഡ് പേയ്‌മെന്റ് ശൃംഖലയായ റുപേയ്ക്ക് സമാനമാണ് സിം​ഗപ്പൂരിന്റെ പേനൗ.

    "സിംഗപ്പൂരിന് തങ്ങളുടെ പേനൗവിനെ യുപിഐയുമായി ബന്ധിപ്പിക്കാൻ ആഗ്രഹമുണ്ട്, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഈ പദ്ധതി പൂർത്തിയാകും, ഇതോടെ സിംഗപ്പൂരിൽ ഉള്ള ആർക്കും ഇന്ത്യയിലെ അവരുടെ കുടുംബാംഗങ്ങൾക്ക് യുപിഐ വഴി പണം അയയ്ക്കാൻ കഴിയും," സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പി കുമാരൻ പറഞ്ഞതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

    “സിം​ഗപ്പൂരിൽ എത്തുന്ന പല ഇന്ത്യൻ വിനോദസഞ്ചാരികളുടെയും കൈവശം റുപേ കാർഡ് ഇല്ല, ഇനി അത് കൈവശമുണ്ടെങ്കിൽപ്പോലും ഇത് ആഭ്യന്തര റുപേ കാർഡ് ആയിരിക്കും. ഇത് അൽപ്പം സങ്കീർണ്ണമാണ്. അതിനാൽ ഭാവിയിൽ, ധാരാളം ആളുകൾ ഡിജിറ്റൽ പേമെന്റ് മാർഗങ്ങളിലേക്ക് മാറുന്നതായി കാണാം. അതാകുമ്പോൾ ധാരാളം പണം കൊണ്ടുപോകേണ്ടി വരില്ല, മാത്രമല്ല ഉയർന്ന ഫീസ് ഉള്ള അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കേണ്ടിയും വരില്ല,” ഹൈക്കമ്മീഷണർ കൂട്ടി ചേർത്തു.

    റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകൾ സംബന്ധിച്ചുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, മൂല്യത്തിന്റെ അടിസ്ഥാനത്തിൽ എൻഇഎഫ്ടിയുടെ വിഹിതം 55 ശതമാനം ആണ്. ഭൂരിഭാ​ഗം ഇടപാടുകളും ബാങ്കുകളുടെ ശാഖകൾ വഴിയോ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ആണ് നടക്കുന്നത്. ഒക്ടോബറിൽ, യുപിഐ വഴിയുള്ള ഇടപാടുകൾ 7.7 ശതമാനം ഉയർന്ന് 730 കോടിയിലെത്തിയിരുന്നു.ഇതോടെ യുപിഐ ഇടപാടുകളുടെ മൊത്തം മൂല്യം 12.11 ലക്ഷം കോടി രൂപയിലധികമായി.

    സെപ്റ്റംബറിൽ 678 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. ഇടപാടുകളുടെ മൂല്യം 11.16 ലക്ഷം കോടി രൂപയോളമായിരുന്നു.

    ഒക്ടോബറിൽ ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്‌മെന്റ് സേവനം) വഴിയുള്ള ബാങ്കുകൾക്കിടയിലുള്ള തത്സമയ ഫണ്ട് ട്രാൻസ്ഫറുകളുടെ എണ്ണം 48.25 കോടിയും മൂല്യം 4.66 ലക്ഷം കോടി രൂപയുമാണ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ഏറ്റവും പുതിയ പ്രതിമാസ കണക്കുകൾ പ്രകാരം ഇടപാടുകളുടെ കാര്യത്തിൽ, സെപ്റ്റംബറിനെ അപേക്ഷിച്ച് ഇത് 4.3 ശതമാനം കൂടുതലാണ്.

    First published:

    Tags: Digital payment, Singapore, UPI