ശത്രു നീക്കങ്ങളറിയാന്‍ റിമോട്ട് കൺട്രോൾഡ് എലികൾ; എന്താണ് അനിമൽ സൈബോർഗുകൾ?
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ശസ്ത്രക്രിയയിലൂടെ ഇലക്ട്രോണിക് അല്ലെങ്കില്‍ മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ച് മാറ്റങ്ങൾ വരുത്തുന്ന ജീവനുള്ള മൃഗത്തെയാണ് അനിമല്‍ സൈബോര്‍ഗ് എന്ന് വിളിക്കുന്നത്.
ശത്രുക്കളുടെ താവളത്തിൽ നുഴഞ്ഞ് കയറി അവരുടെ നീക്കങ്ങളറിയാന്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ഡ് എലികളെ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) ഭാഗമായ അസിമട്രിക് ടെക്നോളജീസ് ലാബ് ഇത്തരത്തിലുള്ള അനിമല്‍ സൈബോര്‍ഗുകളെ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.
രാജ്യത്ത് ഒരു വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി ഇപ്പോള്‍ അതിന്റെ രണ്ടാം ഘട്ടത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 108-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പ്രതിരോധത്തെക്കുറിച്ചുള്ള പ്ലീനറി സെഷനിലാണ് ഇത് ചര്‍ച്ച ചെയ്യപ്പെട്ടത്. ഡിആര്‍ഡിഒ യങ് സയന്റിസ്റ്റ് ലബോറട്ടറി അസിമട്രിക് ടെക്‌നോളജീസ് ഡയറക്ടര്‍ പി ശിവപ്രസാദാണ് ഈ വിഷയത്തില്‍ പ്രസന്റേഷൻ നടത്തിയത്.
എന്താണ് അനിമല്‍ സൈബോര്‍ഗുകള്‍?
മൃഗങ്ങൾക്ക് ചില അധിക കഴിവുകള്‍ നല്‍കുന്നതിനായി ശസ്ത്രക്രിയയിലൂടെ ഇലക്ട്രോണിക് അല്ലെങ്കില്‍ മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ച് മാറ്റങ്ങൾ വരുത്തുന്ന ജീവനുള്ള മൃഗത്തെയാണ് അനിമല്‍ സൈബോര്‍ഗ് എന്ന് വിളിക്കുന്നത്. മൃഗത്തിന്റെ സ്വാഭാവിക കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാധാരണ ചെയ്യാന്‍ കഴിയാത്ത ജോലികള്‍ പോലും ചെയ്യാനും വേണ്ടിയാണ് ഇത്തരം മാറ്റങ്ങള്‍ക്ക് മൃഗങ്ങളെ വിധേയരാക്കുന്നത്.
advertisement
സൈനിക തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും ഗവേഷണങ്ങളിലും അനിമല്‍ സൈബോര്‍ഗുകളെ ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, ചില മൃഗാവകാശ പ്രവര്‍ത്തകര്‍ അനിമല്‍ സൈബോര്‍ഗുകളുടെ ഉപയോഗത്തെക്കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ഇത് മൃഗങ്ങളുടെ സ്വാഭാവിക കഴിവുകള്‍ നഷ്ടപ്പെടാൻ കാരണമാകുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.
ഇന്ത്യയിലെ ഗവേഷണം
ഇന്ത്യയില്‍ ഗവേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായാതായാണ് വിവരം. ഈ ഘട്ടത്തില്‍, എലികളുടെ ചലനം നിയന്ത്രിക്കാന്‍ ശസ്ത്രക്രിയയിലൂടെ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചു. ഇത് ഹെഡ് മൗണ്ടിംഗ് രീതിയില്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. മൃഗത്തെ കഴിയുന്നത്ര സുഖകരമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്ന് എലികളില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാമെന്ന് ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
ഈ സാങ്കേതികവിദ്യ മൃഗങ്ങളുടെ തലച്ചോറിലേക്ക് സിഗ്‌നലുകള്‍ അയയ്ക്കും. ഇത് അവയെ തിരിയാനും മുന്നോട്ട് നീങ്ങാനും സഹായിക്കുന്നു. ഉദാഹരണത്തിന്, എലി നിശ്ചലമാകുന്ന സാഹചര്യങ്ങളില്‍ അതിനെ മുന്നോട്ട് നീങ്ങാന്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിക്കാമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. വേഗത്തില്‍ നീങ്ങാനും ആഴത്തിലുള്ള കോണുകളില്‍ എത്തിപ്പെടാനും പടികള്‍ കയറാനും കേടായ ഭക്ഷണം കഴിച്ച് പോലും അതിജീവിക്കാനും കഴിയുന്നതിനാല്‍ ഈ ജോലിക്ക് എലികളാണ് ഏറ്റവും അനുയോജ്യമെന്ന് ശാസ്ത്രജ്ഞന്‍ പറയുന്നു.
ആനിമല്‍ സൈബോര്‍ഗുകളെ ഉപയോഗിച്ച മറ്റു രാജ്യങ്ങള്‍
advertisement
ചൈന പോലുള്ള വികസിത രാജ്യങ്ങളില്‍ അനിമല്‍ സൈബോര്‍ഗുകള്‍ ഇതിനകം വിപണിയിലുണ്ട്. എലികളെപ്പോലെ വണ്ടുകളെയും ഇത്തരത്തിൽ രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ബോംബ് കണ്ടെത്തലും ശത്രുക്കളുടെ നീക്കങ്ങള്‍ തിരിച്ചറിയുന്നതും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി അനിമല്‍ സൈബോര്‍ഗുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് വിവിധ രാജ്യങ്ങൾ ഗവേഷണങ്ങൾ നടത്തി വരികയാണ്. ഉദാഹരണത്തിന്, അമേരിക്കന്‍ സൈന്യം, രഹസ്യാന്വേഷണ വിവര ശേഖരണത്തിനും നിരീക്ഷണത്തിനുമായി സെന്‍സറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഘടിപ്പിച്ച ജനിതകമാറ്റം വരുത്തിയ പ്രാണികളുടെ ഉപയോഗത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ധനസഹായം നല്‍കിയിട്ടുണ്ട്.
തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയിലും അനിമല്‍ സൈബോര്‍ഗുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, സൗത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍, പരിശീലനം ലഭിച്ച ഡോള്‍ഫിനുകളെ അവയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് വെള്ളത്തിനടിയിലുള്ള ഖനികള്‍ കണ്ടെത്താനും അടയാളപ്പെടുത്താനും പ്രാപ്തമാക്കുന്ന ഒരു സംവിധാനം വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 10, 2023 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ശത്രു നീക്കങ്ങളറിയാന്‍ റിമോട്ട് കൺട്രോൾഡ് എലികൾ; എന്താണ് അനിമൽ സൈബോർഗുകൾ?