മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ഒരു പുതിയ ഉപഭോക്തൃ സുരക്ഷാ ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഉപയോക്താക്കളുടെ ഓൺലൈൻ സുരക്ഷയുടെ നിയന്ത്രണം ഏറ്റെടുക്കാനും സുരക്ഷിതമായ സന്ദേശമയയ്‌ക്കൽ അനുഭവം ഉറപ്പാക്കാനും അവരെ സ്വയം പ്രാപ്‌തമാക്കുക എന്നതാണ് സ്റ്റേ സേഫ് എന്ന ക്യാമ്പയിന്റെ ലക്ഷ്യം. വർദ്ധിച്ച് കൊണ്ടിരിക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ, വഞ്ചനകൾ, അക്കൗണ്ട് ഹാക്കിങ് ഭീഷണികൾ എന്നിവയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രാപ്തരാക്കുന്ന വാട്ട്‌സ്ആപ്പിന്റെ തന്നെ ഇൻ-ബിൽറ്റ് ഫീച്ചറുകളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിലാണ് ക്യാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഉപയോക്താക്കൾ അവരുടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുമ്പോൾ അവർക്ക് പൂർണ്ണ സംരക്ഷണം ഉറപ്പ് നല്കുന്ന വാട്ട്‌സ്ആപ്പ് സുരക്ഷാ ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ വഴികൾ മൂന്ന് മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിലൂടെ കൂടുതൽ ജനകീയമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. “WhatsApp-ൽ ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും അടിസ്ഥാന ലക്ഷ്യം ഉപയോക്താക്കളുടെ സുരക്ഷയാണ്.
അതുകൊണ്ടാണ് ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും വഞ്ചനകളിൽ നിന്നും ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്ന WhastApp-ന്റെ സുരക്ഷാ സേവനങ്ങളും സവിശേഷതകളും സംബന്ധിച്ച് ഉപയോക്താക്കൾക്ക് തന്നെ അവബോധം വളർത്തുന്നതിനായി “Stay Safe with WhatsApp” എന്ന ഞങ്ങളുടെ സുരക്ഷാ ക്യാമ്പയിൻ ആരംഭിക്കുന്നത്” മെറ്റാ പബ്ലിക് പോളിസി ഇന്ത്യ ഡയറക്ടർ ശിവനാഥ് തുക്രൽ പറഞ്ഞു.
വാട്ട്‌സ്ആപ്പ് ക്യാമ്പയിനിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന പ്രധാന സുരക്ഷാ ഫീച്ചറുകൾ ഏതൊക്കെയെന്ന് നോക്കാം:
ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ ഉപയോക്താക്കളെ അവരുടെ അക്കൗണ്ടിലേക്ക് ഒരു അധിക സുരക്ഷാ ക്രമീകരണം കൂട്ടിചേർക്കാൻ WhatsApp അനുവദിക്കുന്നു എന്നതാണ് പ്രത്യേകത. ഇതോടുകൂടി നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് റീസെറ്റ് ചെയ്യുമ്പോഴും പരിശോധിച്ചുറപ്പിക്കുമ്പോഴും ഒരു ആറക്ക പിൻ ആവശ്യമായി വരും. ഒരു സിം കാർഡ് മോഷ്ടിക്കപ്പെടുകയോ ഫോൺ അപഹരിക്കപ്പെടുകയോ ചെയ്താൽ ഈ സുരക്ഷ ക്രമീകരണം സഹായകരമാണ്. മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് അക്കൗണ്ട് ‘ബ്ലോക്ക് ചെയ്യാനും’ WhatsApp-ലേക്ക് റിപ്പോർട്ട് ചെയ്യാനും അവസരമൊരുക്കുന്നുണ്ട്. അങ്ങനെ ബ്ലോക്ക് ചെയ്‌ത കോൺടാക്‌റ്റുകൾക്കോ നമ്പറുകൾക്കോ നിങ്ങളെ വിളിക്കാനോ സന്ദേശങ്ങൾ അയയ്‌ക്കാനോ പിന്നീട് കഴിയില്ല.
ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ വിശദാംശങ്ങൾ നിയന്ത്രിക്കാനും. പ്രൊഫൈൽ ഫോട്ടോ, അവസാനം നിങ്ങൾ വാട്സ്ആപ്പ് തുറന്നത് എപ്പോൾ, നിങ്ങൾ ഓൺലൈനിൽ ഉണ്ടോ എന്ന സ്റ്റാറ്റസ്, നിങ്ങളെ കുറിച്ചുള്ള ആമുഖം, നിങ്ങളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, ആർക്കൊക്കെ അത് കാണാൻ സാധിക്കണം അതായത് എല്ലാവർക്കും കാണാനാകുന്ന വിധത്തിൽ, കോൺടാക്റ്റുകൾക്ക് മാത്രം കാണാനാകുന്ന വിധത്തിൽ, തിരഞ്ഞെടുത്ത കോൺടാക്റ്റുകൾക്ക് കാണാനാകുന്ന വിധത്തിൽ, അല്ലെങ്കിൽ ആരും കാണാത്ത വിധത്തിൽ. നിങ്ങളുടെ ഓൺലൈൻ സാന്നിധ്യം സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന സമയങ്ങളിൽ, നിങ്ങൾ ഓൺലൈനിലായിരിക്കുമ്പോൾ തന്നെ അത് ആർക്കൊക്കെ കാണാനാകുമെന്നും കാണാൻ കഴിയില്ലെന്നും തിരഞ്ഞെടുത്ത് നിങ്ങളുടെ ഓൺലൈൻ സാന്നിധ്യം ഉൾപ്പെടെ നിയന്ത്രിക്കാനും നിങ്ങൾക്ക് കഴിയും.
വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ആർക്കൊക്കെ നിങ്ങളെ ചേർക്കാമെന്ന് നിങ്ങൾക്ക് തീരുമാനിക്കാനും കഴിയും, അങ്ങനെ ഉപയോക്താക്കളുടെ സ്വകാര്യത വർദ്ധിപ്പിക്കുകയും അവർ ഭാഗമാകാൻ ആഗ്രഹിക്കാത്ത ഗ്രൂപ്പുകളിലേക്ക് അവരെ ചേർക്കുന്നതിൽ നിന്ന് മറ്റ് ആളുകളെ തടയുകയും ചെയ്യുന്നു. ഉപയോക്താക്കൾക്ക് ആരെയും അറിയിക്കാതെ ഗ്രൂപ്പിൽ നിന്ന് പുറത്തു കടക്കാനും കഴിയും. ഇത്തരത്തിൽ ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും പരമാവധി ഉറപ്പാക്കുന്ന വാട്സ്ആപ്പിന്റെ ക്രമീകരണങ്ങൾ കൂടുതൽ ആളുകളെ കൊണ്ട് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സ്റ്റേ സേഫ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.