ലോകത്ത് വൻ വിപ്ലവങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. പുതിയ ഓപ്പൺ എഐ ആയ ചാറ്റ് ജിപിടി ലോകത്തിലെ പല വലിയ മൽസര പരീക്ഷകൾ പോലും വിജയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ചാറ്റ് ജിപിടി വഴി പലചരക്കു സാധനങ്ങൾ വാങ്ങിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ്. ഓപ്പൺഎഐയുമായി സഹകരിച്ച് ഒരു അമേരിക്കൻ ഡെലിവറി കമ്പനി പുറത്തിറക്കിയ പുതിയ പ്ലഗിൻ ഫീച്ചർ പരീക്ഷിച്ച അനുഭവമാണ് അമാർ റഷി എന്ന യുവാവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്റെ ബജറ്റ് മനസിലാക്കി, പലചരക്കു സാധനങ്ങൾ വാങ്ങാൻ ചാറ്റ് ജിപിടി സഹായിച്ചെന്നും ഈ വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഭക്ഷണങ്ങളുടെ റസിപ്പിയും പറഞ്ഞു തന്നെന്നും റഷി പറഞ്ഞു.
ചാറ്റ്‌ജിപിടിയുമായുള്ള റഷിയുടെ സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 100 ഡോളർ വിലയുള്ള പലചരക്ക് സാധനങ്ങൾ വാങ്ങാനാണ് റഷി ചാറ്റ്‌ബോട്ടിനോട് നിർദേശിച്ചത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിലുള്ള തന്റെ മുൻഗണനകളും ഭക്ഷണകാര്യത്തിലുള്ള നിയന്ത്രണങ്ങളും ചാറ്റ് ജിപിടിയോട് പറഞ്ഞു കൊടുത്തു. ചാറ്റ്ബോട്ട് യുവാവിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഓപ്ഷനുകൾ അവതരിപ്പിച്ച് വളരെ പെട്ടെന്നാണ് മറുപടി കൊടുത്തത്. ഷോപ്പിങ്ങ് നടത്തിയതിനു പുറമേ, ഏഴു തരം വിഭവങ്ങൾ ഉണ്ടാക്കാനാവശ്യമായ പലചരക്കു സാധനങ്ങളും റസിപ്പിയും ചാറ്റ് ജിപിടി പറഞ്ഞു കൊടുത്തു.
I asked ChatGPT to buy my groceries today using @Instacart’s plug-in and it worked so well!
– Stayed within my budget
– Provided ingredients and recipes for 7 meals (including some favorites!)
– Accounted for my schedule and dietHere’s the convo and delivered groceries 🤩 pic.twitter.com/omRylk13LS
— Ammaar Reshi (@ammaar) April 11, 2023
റഷിയുടെ ട്വിറ്റർ പോസ്റ്റ് പെട്ടെന്നാണ് വൈറലായി മാറിയത്. ഇതൊന്ന് പരീക്ഷിച്ചു നോക്കണം എന്നും മികച്ച പരീക്ഷണമാണ് റഷി നടത്തിയത് എന്നുമൊക്കെ പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ മാർച്ചിലാണ് അമേരിക്കൻ ഡെലിവറി കമ്പനിയായ ഇൻസ്റ്റാകാർട്ട് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടിയുമായി ചർച്ച ചെയ്ത് സാധനങ്ങൾ വാങ്ങാനും പാചകക്കുറിപ്പുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ നടത്താനും ഷോപ്പുചെയ്യാനും സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണിത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പുതുമുഖമാണ് ചാറ്റ് ജിപിടി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഈ ചാറ്റ്ബോട്ട് ഏറെ ജനപ്രിയമായിക്കഴിഞ്ഞു. ആളുകളുടെ ഇൻപുട്ടുകൾക്ക് മറുപടി നൽകുന്നതോടൊപ്പം ഏറ്റവും ബുദ്ധിമുട്ടുള്ള ചില മൽസര പരീക്ഷകളിലും ചാറ്റ് ജിപിടി വിജയിച്ചിട്ടുണ്ട്. അതിൽ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എംബിഎ) പ്രോഗ്രാമിന്റെ അവസാന പരീക്ഷ മുതൽ യുഎസ് മെഡിക്കൽ എക്സാം വരെ ഉൾപ്പെടുന്നു.
എന്നാൽ, സുപ്രധാന കണ്ടുപിടിത്തമാണെങ്കിലും പല ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ നല്‍കുന്നതില്‍ ചാറ്റ് ജിപിടിയ്ക്ക് ഇപ്പോഴും തെറ്റു പറ്റാറുണ്ടെന്ന് ചിലർ പറയുന്നു. ”ചാറ്റ് ജിപിടി എന്നത് ഒരു സുപ്രധാന കണ്ടുപിടിത്തം തന്നെയാണ്. എന്നാല്‍ കാല്‍ക്കുലേറ്റര്‍, ടെക്സ്റ്റ് എഡിറ്റര്‍ എന്നിവയെക്കാള്‍ മികച്ചതല്ല”, എന്നാണ് ഫ്രഞ്ച് എഴുത്തുകാരനും അധ്യാപകനുമായ അന്റോണിയോ കാസില്ലി പറയുന്നത്. ഒരു ഡ്രാഫ്റ്റ് തയ്യാറാക്കാൻ മാത്രമാണ് ചാറ്റ് ജിപിറ്റി സഹായിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.