വിദ്യാഭ്യാസ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ ധാരാളമായി ഉപയോഗിച്ച വര്‍ഷമാണ് കടന്നു പോയത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചാറ്റ്ജിപിറ്റി ചാറ്റ്‌ബോട്ട് സേവനം.
ചാറ്റ് ജിപിറ്റി ചാറ്റ്ബോട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിരോധനമേര്‍പ്പെടുത്തിയ വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. സുരക്ഷയും കൃത്യതയും സംബന്ധിച്ച ആശങ്കകളെത്തുടര്‍ന്നാണ് വകുപ്പ് ചാറ്റ്‌ബോട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ സംവദിക്കാന്‍ കഴിയുന്ന എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ചാറ്റ്ബോട്ട് സംവിധാനമാണ് ചാറ്റ്ജിപിറ്റി.
ന്യൂയോര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇന്റര്‍നെറ്റ് സംവിധാനത്തില്‍ നിന്നും ചാറ്റ്ജിപിറ്റി സംവിധാനത്തെ ഒഴിവാക്കാനാണ് തീരുമാനമായത്.
കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ചാറ്റ്ജിപിറ്റി ചാറ്റ് ബോട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. ന്യൂയോര്‍ക്കിലെ എല്ലാ പബ്ലിക് സ്‌കൂളിലും ഈ സംവിധാനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എത്രയും വേഗത്തില്‍ നല്‍കാന്‍ കഴിയുന്ന സംവിധാനം ചാറ്റ് ജിപിറ്റിയ്ക്കുണ്ട്. എന്നാല്‍ ഇത് കുട്ടികളിലെ ചിന്താശേഷിയെ ഇല്ലാതാക്കാന്‍ കാരണമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞത്.
എന്നാല്‍ ചില വിദ്യാഭ്യാസ വിദഗ്ധര്‍ എഐ സംവിധാനത്തെ ഒരു അനുഗ്രഹമായിട്ടാണ് കാണുന്നത്. ഒരു ഭീഷണി എന്നതിലുപരി എഐ സാങ്കേതിക വിദ്യ ഒരു ക്ലാസ്സ് റൂമിന് ലഭിച്ച മികച്ച സേവനമായാണ് ചിലര്‍ കാണുന്നത്.
സുപ്രധാന കണ്ടുപിടിത്തം
സുപ്രധാന കണ്ടുപിടിത്തമാണെങ്കിലും പല ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ നല്‍കുന്നതില്‍ ചാറ്റ് ജിപിടിയ്ക്ക് ഇപ്പോഴും തെറ്റുപറ്റാറുണ്ടെന്നും ചിലർ പറയുന്നു.
ചാറ്റ് ജിപിടി എന്നത് ഒരു സുപ്രധാന കണ്ടുപിടിത്തം തന്നെയാണ്. എന്നാല്‍ കാല്‍ക്കുലേറ്റര്‍, ടെക്സ്റ്റ് എഡിറ്റര്‍ എന്നിവയെക്കാള്‍ മികച്ചതല്ല,’ എന്നാണ് ഫ്രഞ്ച് എഴുത്തുകാരനും അധ്യാപകനുമായ അന്റോണിയോ കാസില്ലി പറയുന്നത്. ഒരു ഡ്രാഫ്റ്റ് തയ്യാറാക്കാൻ മാത്രമാണ് ചാറ്റ് ജിപിറ്റി സഹായിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
അതേസമയം അധ്യാപകര്‍ ചാറ്റ് ജിപിറ്റി സാങ്കേതിക വിദ്യയുടെ നല്ലവശങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നാന്റസ് സര്‍വകലാശാലയിലെ ഗവേഷകനായ ഒലിവിയര്‍ എര്‍ട്ഷെയ്ഡ് പറയുന്നത്.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ സംവിധാനം ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അവ നിരോധിക്കാനുള്ള തീരുമാനം ഫലവത്താകില്ലെന്ന് അദ്ദേഹം പറയുന്നു. ഇവയുപയോഗിക്കുന്നതിന്റെ പരിധി അധ്യാപകര്‍ നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന് അറിയാനുള്ള അവകാശമുണ്ട്
ചാറ്റ് ജിപിടി വിഷയത്തില്‍ അധ്യാപകര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പറയുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഒരു പ്രോഗ്രാമര്‍ പുതിയ കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരുന്നു. മറ്റൊന്നുമല്ല ടെക്‌സ്റ്റുകള്‍ എഴുതിയത് ചാറ്റ് ജിപിടി സംവിധാനം ഉപയോഗിച്ചാണോ എന്ന് കണ്ടെത്തുന്നതിനുള്ള ആപ്പ് നിര്‍മ്മിച്ചുവെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.
അതേസമയം എല്ലാ സര്‍വകലാശാലകളും കോപ്പിയടി കണ്ടെത്താന്‍ പ്രത്യേകം സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നുണ്ട്. അതേ രീതിയില്‍ എഐ സംവിധാനത്തിലൂടെ എഴുതിയവ കണ്ടെത്തുന്ന സോഫ്റ്റ് വെയറുകളും ഇനി പ്രതീക്ഷിക്കാവുന്നതാണ്.
എഐ ഉപയോഗിച്ചുള്ള എഴുത്തുകളെ തിരിച്ചറിയുന്ന ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കുകള്‍ അല്ലെങ്കില്‍ സിഗ്നിഫൈയര്‍ എന്നിവ ഉപയോഗിക്കണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം. ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ വാട്ടര്‍മാര്‍ക്ക് പ്രോട്ടോടൈപ്പ് ഇതിൽ ഉപയോഗിക്കുന്നുണ്ടെന്ന് ചാറ്റ് ജിപിറ്റി നിര്‍മ്മാതാക്കളായ ഓപ്പണ്‍ഐ പറയുന്നു. അതുകൊണ്ട് തന്നെ അധ്യാപകര്‍ക്ക് ഈ സാങ്കേതിക വിദ്യ ഭീഷണിയാകില്ലെന്നും കമ്പനി പറയുന്നു.
എന്നാല്‍ കാസില്ലിയെ പോലുള്ള വിദഗ്ധര്‍ ഇപ്പോഴും ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ല. ഇത്തരം സംവിധാനങ്ങളുടെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.