രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധനവ് (Fuel Price Hike) ഉണ്ടാകുമെന്ന് സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി(Hardeep Singh Puri). റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഇന്ധന വില സംബന്ധിച്ച് എണ്ണ കമ്പനികള്‍ തീരുമാനമെടുക്കുമെന്നും രാജ്യത്ത് അസംസ്കൃത എണ്ണയ്ക്ക് ക്ഷാമം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ താത്പര്യം മുന്‍ നിര്‍ത്തി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് ആവശ്യത്തിനനുസരിച്ചുള്ള എണ്ണ ലഭ്യമാകുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. രാജ്യത്തെ എണ്ണ ആവശ്യകതയുടെ എണ്‍പത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം , അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്ധനവില കുറച്ചതെന്നും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വീണ്ടും വില വര്‍ധിപ്പിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപം മന്ത്രി തള്ളി.
കഴിഞ്ഞ വര്‍ഷമാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് നികുതി കുറച്ചത്, പെട്രോളിന് ലിറ്ററിന് അഞ്ചും ഡീസലിന് പത്ത് രൂപയുമാണ് ഇതിലൂടെ കുറഞ്ഞത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നടപടി സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം. യുക്രെയ്ന്‍ - റഷ്യ യുദ്ധം അടക്കമുള്ള ആഗോള തലത്തിലെ മാറ്റങ്ങള്‍ പരിശോധിച്ചാല്‍ എന്തുകൊണ്ട് എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നു എന്ന് മനസിലാകുമെന്നും മന്ത്രി പറഞ്ഞു.
ആഗോള വിലയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധനവില നിശ്ചയിക്കുന്നത്. ലോകത്തിന്‍റെ ഒരു കോണില്‍ യുദ്ധസമാനമായ സാഹചര്യമാണ് നടക്കുന്നത്. അത് കൂടി പരിഗണിച്ചാണ് എണ്ണക്കമ്പനികള്‍ വില നിശ്ചയിക്കുക. ജനങ്ങളുടെ താത്പര്യം പരിഗണിച്ച് സര്‍ക്കാര്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് 19ന്‍റെ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാരണം സാമ്പത്തിക പ്രവർത്തനങ്ങൾ നിലച്ചപ്പോൾ, ആഗോള എണ്ണ വില ഗണ്യമായി ഇടിഞ്ഞു.എന്നാൽ ഇപ്പോൾ, യുക്രെയിനിലെ സംഘർഷവും സൈനിക നടപടിയും കാരണം വില വീണ്ടും വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില എത്ര രൂപയോളം ഉയരാം? വിദഗ്ധാഭിപ്രായം ഇങ്ങനെ
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടം അവസാനിക്കേ, അടുത്ത ഏതാനും ദിവസങ്ങളിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില (petrol, diesel prices) വർദ്ധിച്ചേക്കും. അന്താരാഷ്ട്ര അസംസ്‌കൃത എണ്ണവില ബാരലിന് 130 ഡോളറിന് മുകളിൽ കുതിച്ചുയരുകയും, തിരഞ്ഞെടുപ്പ് കാരണം കഴിഞ്ഞ നാല് മാസമായി ആഭ്യന്തര വില സ്ഥിരത പുലർത്തുകയും ചെയ്തതോടെ എണ്ണ വിപണന കമ്പനികൾ (ഒ.എം.സി.) സമ്മർദ്ദത്തിലാണ്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ അവസാന ദിവസമായ മാർച്ച് 7നു ശേഷം എണ്ണ വിപണന കമ്പനികൾ എപ്പോൾ വേണമെങ്കിലും വില പരിഷ്കരിക്കുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു.
എന്നിരുന്നാലും, എക്സൈസ് തീരുവ വെട്ടിക്കുറച്ചത് പെട്രോൾ, ഡീസൽ വിലകളിലെ ആഘാതം പൂർണ്ണമായല്ലെങ്കിലും, ഒരു പരിധിവരെ കുറയ്ക്കും. നിലവിൽ ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് പതിവ്. കൂടാതെ തിങ്കളാഴ്ച ഇന്ത്യൻ രൂപ ഒരു ഡോളറിന് 76.9812 രൂപ എന്ന റെക്കോർഡ് താഴ്ചയിലേക്ക് ഇടിഞ്ഞത് കൂടുതൽ പ്രതിസന്ധിയിലേക്ക് വഴിതെളിച്ചിരിക്കുന്നു.
വെള്ളിയാഴ്ച, ബ്രെന്റ് സൂചികയിലുള്ള ക്രൂഡ് ഓയിൽ ബാരലിന് 113.76 ഡോളറായിരുന്നു, അതിനും ഒരു ദിവസം മുമ്പ് ബാരലിന് 119.84 ഡോളറായിരുന്നു. 2014 ന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് കഴിഞ്ഞ ആഴ്‌ച 100 ഡോളറിന് മുകളിൽ ഉയർന്ന്, മാർച്ച് 3 ന് 119.84 ഡോളറിലെത്തി. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
നിലവിൽ, ലോകത്ത് ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കുന്ന മൂന്നാമത്തെ വലിയ രാജ്യമാണ് റഷ്യ. റഷ്യയ്‌ക്കെതിരായ ഉപരോധം ആഗോള വിതരണം കുറയ്ക്കുമെന്നും, വളർച്ചയെ തടസ്സപ്പെടുത്തുമെന്നും നിരീക്ഷിക്കപ്പെടുന്നു. റഷ്യയ്‌ക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയതോടെ പോയവാരത്തിലുടനീളം ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയർന്നു.
തൽഫലമായി, ആഗോള പ്രതിസന്ധിയുടെ പ്രതിഫലനമായ ആഗോള ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ് ഇന്ത്യയുടെ ആഭ്യന്തര വിലയിൽ പെട്രോളിന്റെയും ഡീസലിന്റെയും ലിറ്ററിന് 15-22 രൂപ വരെ ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ എണ്ണക്കമ്പനികൾ ഒറ്റയടിക്ക് മുഴുവൻ നഷ്‌ടവും നികത്താൻ തുനിയും എന്നും പ്രതീക്ഷിക്കുന്നില്ല. അവർ അത് പ്രതിദിനം ലിറ്ററിന് 50 പൈസയിൽ താഴെ എന്ന നിലയിൽ നിരക്ക് വർദ്ധിപ്പിക്കുന്ന രീതി പിന്തുടരാനാണ് സാധ്യത.
നോയിഡ, ഗുരുഗ്രാം, ജയ്പൂർ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിൽ ഇന്ധനവിലയിൽ കഴിഞ്ഞ ദിവസം മാറ്റം സംഭവിച്ചിട്ടുണ്ട്. ഗുരുഗ്രാമിലും ലഖ്‌നൗവിലും പെട്രോൾ, ഡീസൽ വില വർദ്ധിച്ചപ്പോൾ നോയിഡയിൽ വില കുറഞ്ഞു.
ഗുരുഗ്രാമിൽ പെട്രോളിന് 95.72 രൂപയും ഡീസലിന് 86.93 രൂപയുമാണ്. നോയിഡയിൽ പെട്രോൾ ലിറ്ററിന് 95.36 രൂപയും ഡീസലിന് 86.87 രൂപയും എന്ന നിലയിലാണ്. ജയ്പൂരിൽ പെട്രോളിന് 106.73 രൂപയും ഡീസലിന് 90.40 രൂപയും, ലഖ്‌നൗവിൽ പെട്രോൾ ലിറ്ററിന് 95.33 രൂപയും ഡീസലിന് 86.85 രൂപയും എന്ന നിലയിലും വിൽപ്പന നടക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.