ഫെബ്രുവരി 1 ന് പാർലമെന്റിൽ ഈ വർഷത്തെകേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ ആദായനികുതി സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് നികുതിദായകർ ആകംക്ഷയോടെ കാത്തിരിക്കുന്നത്. ആദായ നികുതിയിൽ എന്തെങ്കിലും ഒഴിവാക്കാലോ കിഴിവുകളോ ഇളവുകളോ പ്രഖ്യാപിക്കുമോ എന്നാകും ഏവരും ഉറ്റുനോക്കുക. എന്നാൽ എന്താണ് ആദായ നികുതി എക്സംപ്ഷൻ, ഡിഡക്ഷൻ, റിബേറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്ന് പലർക്കും അറിയില്ല. ആദായനികുതിയിലെ ഇളവുകൾ സർക്കാർ മൂന്ന് തരത്തിലാണ് നൽകുന്നത് – എക്സംപ്ഷൻ, ഡിഡക്ഷൻ, റിബേറ്റ്. ബജറ്റ് അടുത്തിരിക്കുന്നതിനാൽ നികുതിദായകർക്ക് മനസ്സിലാക്കാൻ ഈ മൂന്ന് കാര്യങ്ങളും വിശദമായി പരിശോധിക്കാം.
എസ് ഡബ്ള്യു ഇന്ത്യയിലെ പ്രാക്ടീസ് ലീഡർ (ഇന്റർനാഷണൽ ടാക്സ്& ട്രാൻസ്ഫർ പ്രൈസിംഗ്) സൗരവ് സൂദ് വിശദീകരിക്കുന്നു. “നികുതിയുടെ പര്യായ പദങ്ങളായി പലപ്പോഴും ഒഴിവാക്കൽ, കിഴിവുകൾ ഇളവുകൾ എന്നീ പദങ്ങൾ ഉപയോഗിക്കാറുണ്ട്. പലരും ഇത് പരസ്പരം മാറ്റിയും ഉപയോഗിക്കാറുണ്ട്. എന്നാൽ ഓരോന്നിനും അതിന്റേതായ അർത്ഥവും ഓരോന്നും മറ്റൊന്നിൽ നിന്ന് വ്യത്യസ്തവുമാണ്.” അദ്ദേഹം പറഞ്ഞു.
നികുതി ഒഴിവാക്കൽ (Tax Exemption)
ആദായനികുതി ഒഴിവാക്കൽ എന്നാൽ നികുതി ഈടാക്കില്ല എന്നാണ് അർത്ഥം. നിലവിൽ, മൊത്തം വാർഷിക വരുമാനം 2.5 ലക്ഷം രൂപ വരെയുള്ളവർക്ക് ആദായനികുതി ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു വ്യക്തി ഒരു വർഷം 2.5 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെങ്കിൽ, ആ വ്യക്തി ആദായനികുതി അടയ്‌ക്കേണ്ടതില്ല. വാർഷിക വരുമാനം 3 ലക്ഷം രൂപയാണെങ്കിൽ, 50,000 രൂപയ്ക്ക് മാത്രമേ നികുതി നൽകേണ്ടതുള്ളൂ 2.5 ലക്ഷം രൂപ നികുതിരഹിതമാണ്.
നികുതി ഇളവുകൾ നികുതികളിൽ നിന്നുള്ള പൂർണ്ണമായ ആശ്വാസമായി കണക്കാക്കാം. ശമ്പളവരുമാനം കണക്കാക്കുമ്പോൾ വീട്ടുവാടക അലവൻസ്, ലീവ് ട്രാവൽ അലവൻസ്, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ പെർക്വിസിറ്റുകൾ എന്നിവ ഇളവുകളുടെ വിഭാഗത്തിൽ വരുമെന്ന് സൂദ് പറയുന്നു. നിലവിലെ ആദായനികുതി ഇളവ് പരിധി 2.5 ലക്ഷം രൂപയാണെങ്കിൽ, 2023 ലെ ബജറ്റിൽ ഇത് 5 ലക്ഷം രൂപയായി ഉയർത്തണമെന്ന് വ്യവസായ സംഘടനയായ അസോചം സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ടാക്സ് ഡിഡക്ഷൻ
സെക്ഷൻ 80 സി പ്രകാരമുള്ള നിക്ഷേപം അല്ലെങ്കിൽ സെക്ഷൻ 80 ഡി അല്ലെങ്കിൽ സെക്ഷൻ 80 ഇ പ്രകാരം ചെലവഴിച്ച തുക എന്നിവയിൽ നികുതിദായകന് ലഭിക്കുന്ന നിർദ്ദിഷ്‌ട കിഴിവുകളുമായി ബന്ധപ്പെട്ടതാണ് ടാക്സ് ഡിഡക്ഷൻ. ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയങ്ങൾ, പിപിഎഫ്, ട്യൂഷൻ ഫീസ് തുടങ്ങിയവ പോലെയുള്ള നികുതി ലാഭിക്കുന്ന നിക്ഷേപങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കിഴിവുകൾ ലഭിക്കുക.
ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ സെക്ഷൻ 80 സി പ്രകാരമുള്ള കിഴിവ് പരിധി 1.5 ലക്ഷം രൂപയാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. സെക്ഷൻ 80 സി കൂടാതെ ഭൂമിയിടപാടുകൾക്ക് പ്രത്യേക കിഴിവ് നൽകണമെന്ന് റിയൽ എസ്റ്റേറ്റ് മേഖലയും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ 80 സി പരിധി ഏകദേശം പത്ത് വർഷം മുമ്പ് നിശ്ചയിച്ചതാണ്.
ടാക്സ് റിബേറ്റ്
ടാക്സ് എക്സംപഷനിൽ നിന്നും ടാക്സ് ഡിഡക്ഷനിൽ നിന്നും വ്യത്യസ്തമാണ് ടാക്സ് റിബേറ്റ്. 1961-ലെ ആദായനികുതി നിയമം സെക്ഷൻ 87 എ പ്രകാരം ആദായത്തിന് നികുതി രഹിതമായ ഒരു പരിധി നിശ്ചയിച്ചിരിക്കും. എന്നാൽ, വാർഷിക വരുമാനം ഈ പരിധി കവിഞ്ഞാൽ മുഴുവൻ ആദായത്തിനും നികുതി നൽകണം.
ഉദാഹരണത്തിന്, നിലവിൽ 5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് നൽകുന്നു. അതിനാൽ ഒരു വ്യക്തി 5 ലക്ഷം രൂപ വരുമാനം നേടുന്നുണ്ടെങ്കിൽ, മുഴുവൻ വരുമാനവും നികുതി രഹിതമാണ്. എന്നിരുന്നാലും, വാർഷിക വരുമാനം 5.1 ലക്ഷം രൂപയാണെങ്കിൽ, മൊത്തം 2.6 ലക്ഷം രൂപയ്ക്ക് നികുതി ചുമത്തും (2.5 ലക്ഷം രൂപ വരെയുള്ള വരുമാനം ഒഴിവാക്കിയ ശേഷം).
നികുതി റിബേറ്റ് എന്നത് ഒരു വ്യക്തിക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 87 എ പ്രകാരം നൽകിയിട്ടുള്ള മൊത്ത നികുതി ബാധ്യതയിൽ നിന്നുള്ള നികുതി റീഫണ്ടാണ്. താഴ്ന്ന വരുമാന വിഭാഗത്തിലുള്ള വ്യക്തികളുടെ നികുതി ഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.