മ്യൂച്വല്‍ ഫണ്ടുകള്‍ (Mutual Funds) ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമാണ്. ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തേക്കാളും കൂടുതല്‍ പണം തിരികെ ലഭിക്കുന്നവയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഓഹരിയെയും ഓഹരി വിപണിയെയും കുറിച്ച് ക്യത്യമായ ധാരണ ഇല്ലെങ്കില്‍ നമുക്ക് ഒരു വിദഗ്ധന്റെ ഉപദേശം തേടേണ്ടി വരും. ഇത്തരത്തിലുള്ള ആളുകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്വല്‍ ഫണ്ട്. നമ്മള് നിക്ഷേപിക്കുന്ന പണം ഉപയോഗിച്ച് മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളിൽ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.
എന്നാല്‍ മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം എങ്ങനെയാണ് കണക്കാക്കുന്നത് എന്നതിനെ കുറിച്ച് പലര്‍ക്കും സംശയമാണ്. മ്യൂച്വല്‍ ഫണ്ടിലെ നേട്ടം അതത് ദിവസത്തെ വില (നെറ്റ് അസറ്റ് വാല്യു) അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഓരോ ദിവസവും എന്‍എവിയില്‍ മാറ്റം വരും. അതായത്, നമ്മള് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന നിശ്ചിത തുകയുടെ അന്നത്തെ എന്‍എവി അനുസരിച്ച് ആ ഫണ്ടിലെ നിശ്ചിത യൂണിറ്റുകള്‍ ലഭിക്കും. സ്കീമിലെ സെക്യൂരിറ്റികളുടെ ഒരു നിശ്ചിത ദിവസത്തെ വിപണി മൂല്യത്തെ മൊത്തം യൂണിറ്റുകളുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാണ് ഒരു യൂണിറ്റിന്റെ നെറ്റ് അസറ്റ് വാല്യു.
നമ്മള് ഒരു മ്യൂച്വല്‍ ഫണ്ടില്‍ പണം നിക്ഷേപിക്കുമ്പോള്‍ അന്നേ ദിവസത്തെ എന്‍എവിയിലാണ് യൂണിറ്റ് അനുവദിക്കുക. മൂന്ന് മണി വരെയുള്ള നിക്ഷേപങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. മൂന്ന് മണിക്ക് ശേഷമുള്ള നിക്ഷേപങ്ങള്‍ അടുത്ത ദിവസത്തെ നിക്ഷേപമായി കണക്കാക്കും. മറ്റൊരു വസ്തുത എന്തെന്നാല്‍, നിക്ഷേപകന് ഇന്നത്തെ എന്‍എവി അറിഞ്ഞുകൊണ്ട് ഇടപാട് നടത്താനാകില്ല എന്നതാണ്. കാരണം ഇന്നത്തെ എന്‍എവി രാത്രി ഒന്‍പത് മണിയോടെയേ പ്രഖ്യാപിക്കൂ.
മ്യൂച്വല്‍ ഫണ്ട് എന്‍എവിയെ കുറച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
എന്താണ് മ്യൂച്വല്‍ ഫണ്ട് എന്‍എവി?
ഒരു ഫണ്ടിന്റെ ഒരു നിശ്ചിത ദിവസത്തെ വിലയാണ് എന്‍എവി (നെറ്റ് അസറ്റ് വാല്യു). മ്യൂച്വല്‍ ഫണ്ടുകള്‍ റീട്ടെയില്‍ നിക്ഷേപകരില്‍ നിന്ന് പണം ശേഖരിക്കുകയും സ്റ്റോക്കുകള്‍, ബോണ്ടുകള്‍ തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ അവരുടെ കൈവശമുള്ള എല്ലാ പണവും നിക്ഷേപിക്കണമെന്നില്ല. കൂടാതെ, അവര്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനാല്‍, ഈ ഓഹരികളുടെ മൂല്യം കാലത്തിനനുസരിച്ച് മാറും. ഒരു മ്യൂച്വല്‍ ഫണ്ടിന്റെ കൈവശമുള്ള എല്ലാ ആസ്തികളുടെയും പ്രതിനിധിയാണ് എന്‍എവി.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ എന്‍എവിയില്‍ ശ്രദ്ധിക്കേണ്ടതുണ്ടോ?
ഇല്ല. മ്യുച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍ എന്‍എവിക്ക് പ്രസക്തിയില്ല. എന്നാല്‍, ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ടിന്റെ എന്‍എവിക്ക് നിക്ഷേപകര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. പുതിയ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പഴയതിനേക്കാള്‍ എന്‍എവി കുറവാണ്. ഏറ്റവും പുതിയ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ഏറ്റവും പുതിയ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തി, താഴ്ന്ന എന്‍എവി മികച്ചതാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്. പുതിയ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളില്‍ നിക്ഷേപിക്കുന്നതിനായി ആളുകള്‍ അവരുടെ പഴയ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വില്‍ക്കുന്ന രീതികളുമുണ്ട്.
ഒരു മ്യൂച്വല്‍ ഫണ്ടിന്റെ എന്‍എവി എങ്ങനെ കണ്ടെത്താം?
മ്യൂച്വല്‍ ഫണ്ടിന്റെ groww.in പേജില്‍ നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാകും. ഉദാഹരണത്തിന് എസ്ബിഐ ബ്ലൂചിപ്പ് ഫണ്ടിന്റെ എന്‍എവി അറിയുന്നത് എങ്ങനെയെന്ന് നോക്കാം.
സ്റ്റെപ്പ് 1: groww.in പേജില്‍ പോകുക
സ്റ്റെപ്പ് 2: ആവശ്യമായ വിവരങ്ങള്‍ നല്കി ഗ്രോ അക്കൗണ്ട് ലോഗിന്‍ ചെയ്യുക.
സ്റ്റെപ്പ് 3: എസ്ബിഐ ബ്ലൂചിപ്പ് ഫണ്ട് എന്ന ഓപ്ഷനില്‍ എന്റര്‍ ചെയ്യുക.
സ്റ്റെപ്പ് 4: ഇപ്പോള്‍ എസ്ബിഐ ബ്ലൂചിപ്പ് ഫണ്ട് പേജ് തുറന്നു വരും.
മ്യൂച്വല്‍ ഫണ്ടിന്റെ പേരിനു താഴെ നിങ്ങള്‍ക്ക് ആ മ്യൂച്വല്‍ ഫണ്ടിന്റെ എന്‍എവി കാണാം.
എന്‍എവിയും എയുഎമ്മും തമ്മിലുള്ള വ്യത്യാസം എന്താണ്?
മ്യൂച്വല്‍ ഫണ്ട് നിയന്ത്രിക്കുന്ന മൊത്തം ആസ്തിയാണ് എയുഎം അഥവാ അസറ്റ് അണ്ടര്‍ മാനേജ്മെന്റ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപിച്ച എല്ലാ ആസ്തികളും അതിന്റെ കൈവശമുള്ള പണവും ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍, എന്‍എവി അല്ലെങ്കില്‍ നെറ്റ് അസറ്റ് വാല്യു ഒരു മ്യൂച്വല്‍ ഫണ്ടിന്റെ ഓരോ യൂണിറ്റിന്റെയും വിലയാണ്.
വൈകുന്നേരം മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വില്ക്കുമ്പോള് ഏത് എന്‍എവി മൂല്യമാണ് പരിഗണിക്കുന്നത്?
യൂണിറ്റുകള്‍ വാങ്ങിക്കുമ്പോഴുണ്ടാകുന്ന അതേ നിയമങ്ങള്‍ ബാധകമാണ്. പ്രവൃത്തി ദിവസം 3 മണിക്ക് മുമ്പ് മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വില്ക്കാന് ഓര്‍ഡര്‍ നല്കിയാല് ആ ദിവസത്തിന്റെ അവസാനത്തെ എന്‍എവി മൂല്യത്തില്‍ യൂണിറ്റുകള്‍ വില്‍ക്കാം. വില്‍ക്കാനുള്ള ഓര്‍ഡര്‍ ഉച്ച കഴിഞ്ഞ് 3 മണിക്ക് ശേഷം നല്കിയാല്, അടുത്ത ദിവസം അവസാനിക്കുന്ന ഇടപാടിന്റെ എന്‍എവി മൂല്യമായി കണക്കാക്കും. അതേസമയം, അവധി ദിവസങ്ങളില്‍ നല്കുന്ന എല്ലാ വില്‍പ്പന ഓര്‍ഡറുകളും അടുത്ത പ്രവൃത്തി ദിവസത്തിന്റെ അവസാന എന്‍എവി മൂല്യത്തില്‍ നടപ്പിലാക്കും.
എപ്പോഴാണ് എന്‍എവി അപ്ഡേറ്റ് ചെയ്യുന്നത്?
എല്ലാ പ്രവൃത്തി ദിവസത്തിന്റേയും അവസാനമാണ് എന്‍എവി അപ്ഡേറ്റ് ചെയ്യുക. മ്യൂച്വല്‍ ഫണ്ടുകള്‍ എല്ലാ ദിവസവും രാത്രി 9 മണിക്കകം എന്‍എവി അപ്ഡേറ്റ് ചെയ്യണമെന്നാണ് സെബി ഉത്തരവ്. മിക്ക മ്യൂച്വല്‍ ഫണ്ടുകള്‍ക്കും എന്‍എവി, എയുഎം എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിന് അവരുടേതായ പ്രത്യേക സമയമുണ്ട്. ഇത് രാത്രി 9 മണിക്ക് മുമ്പാണ്. ഒരു മ്യൂച്വല്‍ ഫണ്ടിന്റെ കൈവശമുള്ള വിവിധ ആസ്തികളുടെ മൂല്യം നിരന്തരം ട്രാക്ക് ചെയ്യുന്നതിലെ സങ്കീര്‍ണതകള്‍ കാരണം എന്‍എവി തത്സമയം അപ്ഡേറ്റ് ചെയ്യില്ല.
എന്‍എവി സ്റ്റോക്ക് വിലയ്ക്ക് സമാനമാണോ?
ആ സ്റ്റോക്കിന്റെ ആവശ്യകതയെ ആശ്രയിച്ച് സ്റ്റോക്ക് വില മാറുന്നു. മ്യൂച്വല്‍ ഫണ്ടിന്റെ എന്‍എവിയും കമ്പനിയുടെ ഓഹരി വിലയും ഒരു പരിധി വരെ സമാനമാണ്. എന്‍എവി മ്യൂച്വല്‍ ഫണ്ടിന്റെ പുസ്തക മൂല്യത്തെ പ്രതിഫലിപ്പിക്കുന്നു. ഒരു മ്യൂച്വല്‍ ഫണ്ടിന്റെ കൈവശമുള്ള ആസ്തികളുടെ കൃത്യമായ മൂല്യമാണിത്.
ഒരു മ്യൂച്വല്‍ ഫണ്ടിന്റെ എന്‍എവിയുടെ മൂല്യം സ്റ്റോക്കുകളെ പോലെ കുറയുമോ?
ഏതൊരു മ്യൂച്വല്‍ ഫണ്ടിന്റെയും എന്‍എവി അവരുടെ കൈവശമുള്ള ആസ്തിയുടെ മൂല്യത്തെ ആശ്രയിച്ച് കുറയാം. വിവിധ തരത്തിലുള്ള നിക്ഷേപ ഉപകരണങ്ങളിലാണ് മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. കമ്പനികളുടെ ഓഹരികള്‍, ബോണ്ടുകള്‍ മുതലായവയാണ് ഇവ. ഇവയുടെ മൂല്യം കാലാകാലങ്ങളില്‍ മാറും. അതിനാല്‍, ഏതെങ്കിലും ഒരു ദിവസം, ഒരു മ്യൂച്വല്‍ ഫണ്ട് കൈവശം വച്ചിരിക്കുന്ന ആസ്തികളുടെ മൂല്യം മുന്‍ ദിവസത്തേക്കാള്‍ കുറവാണെങ്കില്‍ എന്‍എവിയും മുന്‍ ദിവസത്തേക്കാള്‍ കുറവായിരിക്കും.
ഒരു എസ്ഐപിയുടെ എന്‍എവി എന്താണ്?
ഇത് മ്യൂച്വല്‍ ഫണ്ടിന്റെ എന്‍എവിക്ക് തുല്യമാണ്. ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള രണ്ട് രീതികളാണ് എസ്ഐപിയും ലംപ്സമും.
എസ്ഐപി: എസ്ഐപി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിനെയാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് തുക കുറയ്ക്കും.
ലംപ്സം: ഇതില്‍ താരതമ്യേന വലിയ തുക ഒറ്റയടിക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം.
Also Read- Mutual Fund| എന്താണ് മ്യൂച്വൽ ഫണ്ടുകൾ? മ്യൂച്വൽ ഫണ്ടുകളിൽ എത്ര രൂപ വരെ നിക്ഷേപിക്കാം?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mutual Fund, Mutual Funds