ഇന്ന് പലർക്കും മ്യൂച്വൽ ഫണ്ട് (mutual fund) എന്ന വാക്ക് സുപരിചിതമാണെങ്കിലും എന്താണ് മ്യൂച്വൽ ഫണ്ട് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കില്ല. എന്താണ് മ്യൂച്വൽ ഫണ്ട്, മ്യൂച്വൽ ഫണ്ടിൽ എത്ര രൂപ വരെ നിക്ഷേപിക്കാം? എങ്ങനെയാണ് മ്യൂച്വൽ ഫണ്ടുകൾ പ്രവർത്തിക്കുന്നത് എന്നതിനെല്ലാം ക്യത്യമായ ഉത്തരം ഇവിടെയുണ്ട്. മ്യൂച്വൽ ഫണ്ടുകൾ ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമാണ്. ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തേക്കാളും കൂടുതൽ പണം തിരികെ ലഭിക്കുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ.
ഓഹരിയെയും (stock) ഓഹരി വിപണിയെയും കുറിച്ച് ക്യത്യമായ ധാരണ ഇല്ലെങ്കിൽ നമുക്ക് ഒരു വിദഗ്ധന്റെ ഉപദേശം തേടേണ്ടി വരും. ഇത്തരത്തിലുള്ള ആളുകൾക്ക് തെരഞ്ഞെടുക്കാവുന്ന നിക്ഷേപ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ട്. നമ്മൾ നിക്ഷേപിക്കുന്ന പണം ഉപയോഗിച്ച് മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ ഓഹരികളിൽ നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.
ഉദാഹരണത്തിന്, നിങ്ങൾ ഒരു റെസ്റ്റോറന്റിൽ പോയി ഭക്ഷണം ഓർഡർ ചെയ്യുകയാണെന്ന് കരുതുക. ബുഫെ അല്ലെങ്കിൽ ഒരു ഊണ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്. ഇതിൽ ഊണ് നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുമായി താരതമ്യം ചെയ്യാം. എന്നാൽ ഓർഡർ ചെയ്ത മറ്റു വിഭവങ്ങൾ, സ്‌റ്റോക്കുകളും ബോണ്ടുകളുമായിരിക്കും. അതായത് ഊണ് നിങ്ങളുടെ തെരഞ്ഞെടുപ്പുകളെ സുഗമമാക്കുകയും സമയവും പണവും ലാഭിക്കുകയും ചെയ്യുന്നു.
അതായത്, നിങ്ങളുടെ നിക്ഷേപം ചെറുതാണെങ്കിലും നേരത്തെ തന്നെ ആരംഭിക്കുകയും വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ക്രമേണ നിക്ഷേപം ചേർക്കുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം. ഇത് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വരുമാനത്തിന്റെ മികച്ച സാധ്യതകൾ നൽകുന്നു. വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളാണ് ഉള്ളത്. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ഡെബ്റ്റ് ഫണ്ട് (debt fund)
ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച റിട്ടേൺ ലഭിക്കണമെങ്കിൽ നിങ്ങൾക്ക് ഡെബ്റ്റ് ഫണ്ട് തെരഞ്ഞെടുക്കാം. ബോണ്ട്, കടപ്പത്രം, ഫിക്സഡ് ഡിപ്പോസിറ്റ്, സർക്കാർ സെക്യൂരിറ്റികൾ എന്നിവയിലാണ് ഇത്തരം മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം നടത്തേണ്ടത്. ഇത്തരം നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയാണ് ലാഭമായി ഇവർക്ക് കിട്ടുന്നത്. ഇതിന് താരതമ്യേന റിസ്‌ക് വളരെ കുറവായിരിക്കും. എന്നാൽ ബാങ്ക് നിക്ഷേപത്തേക്കാൾ അത്ര വലിയ മെച്ചമൊന്നും ലഭിക്കണമെന്നില്ല.
ഇക്വിറ്റി ഫണ്ട് (equity fund)
നിക്ഷേപകരിൽ നിന്നും ലഭിക്കുന്ന ഭൂരിഭാഗം പണവും നിക്ഷേപിക്കുന്നത് ഓഹരി വിപണിയിലാണ്. ഇത്തരം ഫണ്ടുകൾക്ക് കൂടുതൽ ലാഭം ലഭിക്കുമെങ്കിലും റിസ്‌ക്കും കൂടുതലാണ്. രണ്ട് ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. വിവിധ കമ്പനികൾ പ്രഖ്യാപിക്കുന്ന ഡിവിഡന്റുകൾ സ്വീകരിച്ചുകൊണ്ടുള്ള ഡിവിഡന്റ് ഓപ്ഷനും, കൂടാതെ ലാഭവിഹിതം വാങ്ങാതെയുള്ള ഗ്രോത്ത് ഓപ്ഷനും കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതം അല്ലെങ്കിൽ ഡിവിഡന്റ് റീ ഇൻവെസ്റ്റ് ചെയ്യാനുള്ള ഓപ്ഷനും ഇത്തരം ഫണ്ടുകളിലുണ്ട്.
ലിക്വിഡ് ഫണ്ട് (liquid fund)
ലിക്വിഡ് ഫണ്ട് അറിയപ്പെടുന്നത് മണി മാർക്കറ്റ് എന്ന് കൂടിയാണ്. ട്രഷറി ബിൽ, സർക്കാർ ബോണ്ടുകൾ എന്നിവയിലേക്ക് ചെറിയ കാലയളവിൽ നിക്ഷേപം നടത്താൻ സാധിക്കുന്നു എന്നതാണ് ഇത്തരം ഫണ്ടുകളുടെ പ്രത്യേകത.
ബാലൻസ്ഡ് ഫണ്ട് (balanced fund)
ഇക്വിറ്റിയും ഡെറ്റും ചേർന്നതാണ് ബാലൻസ്ഡ് ഫണ്ടുകൾ. ഓഹരികളിലും കടപ്പത്രങ്ങളിലും ഒരേ പോലെ നിക്ഷേപം നടത്തുന്ന ഫണ്ടുകളാണിവ. ഓഹരി വിപണിയിലെ തിരിച്ചടികൾ മ്യൂച്വൽ ഫണ്ടിനെ കാര്യമായി ബാധിക്കുകയില്ല. ഇത്തരത്തിലുള്ള ഫണ്ടുകൾ 40 ശതമാനത്തോളം മാത്രമേ മാർക്കറ്റിൽ നിക്ഷേപിക്കുകയുള്ളൂ.
ഗിൽറ്റ് ഫണ്ടുകൾ (guilt fund)
പലിശ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫണ്ടുകളാണ് ഗിൽറ്റ് ഫണ്ടുകൾ. കൂടുതലായും സർക്കാർ സെക്യൂരിറ്റികളിലാണ് ഗിൽറ്റ് ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. സർക്കാർ സുരക്ഷ ഉള്ളതു കൊണ്ട് ഏറ്റവും സുരക്ഷിതമായ മ്യൂച്വൽ ഫണ്ട് ഗിൽറ്റ് ഫണ്ടാണെന്ന് പറയാം. ഫണ്ട് ഓഫ് ഫണ്ട്സ്, ഇൻഡക്സ്, സെക്ടർ ഫണ്ട് എന്ന രീതിയിലും ഗിൽറ്റ് ഫണ്ടുകൾ നിലവിലുണ്ട്.
മ്യൂച്വൽ ഫണ്ടിൽ എത്ര രൂപ നിക്ഷേപിക്കണം? നിക്ഷേപ കാലയളവ് എത്ര?
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി. നിക്ഷേപകർക്ക് കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക വീതം നിക്ഷേപം നടത്തുവാൻ സാധിക്കുന്ന രീതിയാണ് ഇത്. ഈ ഇടവേള പ്രതിമാസമോ, പാദ വാർഷികമോ, അർദ്ധ വാർഷികമോ ആകാം.
ഒറ്റത്തവണ നിക്ഷേപത്തിനായി വലിയ തുക കൈയ്യിൽ ഇല്ലാത്ത നിക്ഷേപകർക്ക് തങ്ങളുടെ പ്രതിമാസ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു തുക കൃത്യമായ നിക്ഷേപം നടത്തിക്കൊണ്ട് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ വലിയൊരു സമ്പാദ്യം തന്നെ നേടുവാൻ സാധിക്കും. നിക്ഷേപകന് അവർ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക, എസ്‌ഐപി തീയതി, സ്‌കീമുകൾ എന്നിവ തീരുമാനിക്കാവുന്നതാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങൾ, വിരമിക്കൽ, വാഹനം വാങ്ങുക തുടങ്ങിയ ജീവിത ലക്ഷ്യങ്ങൾക്ക് അനുസരിച്ച് ഒരാൾക്ക് അവരുടെ എസ്ഐപി ആസൂത്രണം ചെയ്യാം.
എന്നാൽ ഒരു നിക്ഷേപകന് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ട തുകയെ കുറിച്ച് ആശയക്കുഴപ്പമുണ്ടാകും. ഓരോരുത്തരുടെയും വരുമാനവും ആവശ്യങ്ങളും അനുസരിച്ചാണ് അവർ നിക്ഷേപം നടത്തുക. അതിനാൽ തന്നെ, മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഒരു നിശ്ചിത തുക നിശ്ചയിച്ചിട്ടില്ല. എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ട തുകയിൽ എത്തിച്ചേരാൻ നമ്മൾ ഒരു രീതി തെരഞ്ഞെടുക്കേണ്ടതുണ്ട്.
നിങ്ങളുടെ ലക്ഷ്യങ്ങൾ തിരിച്ചറിയുക
ഭാവിയിൽ നിറവേറ്റാനുള്ള ആഗ്രഹങ്ങളുടെ ഒരു പട്ടിക നിങ്ങൾക്ക് നിർബന്ധമായും ഉണ്ടായിരിക്കണം. പുതിയ കാർ, വീട്, ഐഫോൺ തുടങ്ങിയവ വാങ്ങണം എന്നൊരു ആഗ്രഹം ഉണ്ടായിരിക്കണം. പേഴ്സണൽ ഫിനാൻസ് ഭാഷയിൽ, ആവശ്യത്തിന് പണമുള്ളപ്പോൾ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളെയും സാമ്പത്തിക ലക്ഷ്യങ്ങൾ എന്ന് വിളിക്കുന്നു. ഈ സാമ്പത്തിക ലക്ഷ്യങ്ങളാണ് മ്യൂച്വൽ ഫണ്ടുകളിൽ എത്ര രൂപ നിക്ഷേപിക്കണമെന്ന് നിശ്ചയിക്കുന്നത്.
ഉദാഹരണത്തിന്, നിങ്ങളുടെ റിട്ടയർമെന്റിനായി 2050ഓടെ 3 കോടി രൂപ എന്നത് ഒരു സ്മാർട്ട് ലക്ഷ്യത്തിന്റെ ഉദാഹരണമാണ്. നിങ്ങളുടെ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിന് 2030ഓടെ 20 ലക്ഷം എന്നത് മറ്റൊരു ലക്ഷ്യമാണ്. ലക്ഷ്യങ്ങൾ കൂടുതൽ ലളിതമാക്കുന്നതിന് നിങ്ങൾക്ക് അവയെ മൂന്നായി വിഭജിക്കാം - ഹ്രസ്വകാല ലക്ഷ്യം, മധ്യകാല ലക്ഷ്യം, ദീർഘകാല ലക്ഷ്യം. ഒരു വർഷത്തിനുള്ളിൽ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്നവയാണ് ഹ്രസ്വകാല ലക്ഷ്യങ്ങൾ. 5 വർഷത്തിനുള്ളിൽ നിങ്ങൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവയാണ് മധ്യകാല ലക്ഷ്യങ്ങൾ. 10 വർഷമോ അതിലധികമോ വർഷങ്ങൾക്ക് ശേഷം നിങ്ങൾ നേടാൻ ആഗ്രഹിക്കുന്നവയാണ് ദീർഘകാല ലക്ഷ്യങ്ങൾ.
ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകുക
നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് യാഥാർത്ഥ്യ ബോധമുള്ളവരായിരിക്കുക എന്നതാണ് അടുത്ത ഘട്ടം. നമുക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടാകാം. എന്നാൽ വരുമാനം കണക്കിലെടുത്ത് അവയെല്ലാം പിന്തുടരാൻ കഴിഞ്ഞേക്കില്ല. അതിനാൽ നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകുക എന്നതാണ് ഇവിടെ പ്രധാനം.
ഉദാഹരണത്തിന്, ഒരു അവധിക്കാല യാത്ര തിരഞ്ഞെടുക്കുന്നതിന് പകരം ഒരു വ്യക്തിഗത ലോൺ മുൻകൂട്ടി അടയ്ക്കുന്നത് നിങ്ങളുടെ മുൻഗണനയായിരിക്കണം. അതുപോലെ, വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ 15-20 വർഷം അകലെയുള്ള ദീർഘകാല മുൻഗണനകളായിരിക്കാം. അതിനാൽ ഈ ലക്ഷ്യങ്ങൾക്ക് മറ്റുള്ളവയേക്കാൾ മുൻഗണന നൽകണം.
എത്ര തുക നിക്ഷേപിക്കണം എന്ന് കണക്കാക്കുക
ഓരോ മാസവും എത്ര തുക വീതമാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ടതെന്ന് കണക്കാക്കണം. നിങ്ങളുടെ ഓരോ ലക്ഷ്യത്തിനും ഭാവിയിൽ എത്ര തുക ചിലവാകും എന്ന് കണക്കാക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ബജറ്റ് തയ്യാറാക്കുമ്പോൾ, ആദ്യം നിക്ഷേപിക്കുകയും ബാക്കിയുള്ളത് ചെലവഴിക്കുകയും ചെയ്യുന്നതാണ് നല്ലത്. ആദ്യം നിക്ഷേപിക്കുകയും ബാക്കിയുള്ളത് ചെലവഴിക്കുകയും ചെയ്യുന്ന ഈ രീതി നിങ്ങളുടെ പണം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും അനാവശ്യ ചെലവുകൾ കുറയ്ക്കാനും സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.