പാക്കറ്റ് ഫുഡ് വിപണയിലേയ്ക്കുള്ള ആദ്യ ചുവടുറപ്പിച്ച് വിപ്രോ കൺസ്യൂമർ കെയർ. ഇതിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ ‘നിറപറ’യെ വിപ്രോ ഏറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ നിറപറയുമായുള്ള കരാറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.
അതേസമയം പുതിയ ഏറ്റെടുക്കലോടെ എഫ്എംസിജി കമ്പനികളായ ഡാബര്‍, ഇമാമി, ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ്, ഐടിസി തുടങ്ങിയവ ഉള്‍പ്പെടുന്ന വിപണിയിലേക്കാണ് വിപ്രോയും കടന്നു വരുന്നത്. അതിന്റെ ആദ്യപടിയാണ് നിറപറയുടെ ഏറ്റെടുക്കല്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
1976ല്‍ കാലടിയിൽ സ്ഥാപിതമായ കമ്പനിയാണ് നിറപറ. അപ്പം , ഇടിയപ്പം, പുട്ട് തുടങ്ങിയവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിപ്പൊടികളും നിരവധി കറിക്കൂട്ടുകളും നിറപറ വിപണിയിലെത്തിക്കുന്നുണ്ട്. കേരളത്തിന് പുറത്തും നിരവധി ഉപഭോക്താക്കളുള്ള ബ്രാൻഡാണ് നിറപറ. ഏകദേശം 100 കോടി വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയാണിത്.
Also Read-5ജി കേരളത്തിൽ; റിലയൻസ് ജിയോ 5ജി സേവനം കൊച്ചിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
അതേസമയം തങ്ങള്‍ ഏറ്റെടുക്കുന്ന 13-മത്തെ സംരംഭമാണ് നിറപറയെന്ന് വിപ്രോ എന്‍ര്‍പ്രൈസസ് പ്രതിനിധി വിനീത് അഗര്‍വാള്‍ പറഞ്ഞു.
‘സുഗന്ധവ്യഞ്ജന വിപണി, റെഡി -ടു- കുക്ക് ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളിലേക്ക് കൂടി കമ്പനിയുടെ സാന്നിദ്ധ്യമെത്തിക്കാന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യക്കാര്‍ ധാരാളമുള്ള പ്രദേശങ്ങളില്‍ ഈ സംരംഭം വിജയിക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ തെക്കേ ഇന്ത്യ, ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കമ്പനിയുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്,’ വീനിത് പറഞ്ഞു.
നിലവില്‍ കേരളത്തിലാണ് നിറപറയുടെ 63 ശതമാനം ഉല്‍പ്പന്നങ്ങളും വിറ്റഴിക്കുന്നത്. എട്ട് ശതമാനം മാത്രമാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കമ്പനിയ്ക്ക് ലഭിക്കുന്ന ലാഭവിഹിതം. ബാക്കി 29 ശതമാനം ലാഭവും വിദേശ വിപണിയില്‍ നിന്നാണ്. പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളിലാണ് ഇവ കൂടുതലായി വിറ്റഴിക്കുന്നത്.
അതേസമയം എഫ്എംസിജി കമ്പനികളില്‍ അതിവേഗം വളരുന്ന സ്ഥാപനമെന്ന ഖ്യാതിയുള്ള കമ്പനിയാണ് വിപ്രോ എന്റര്‍പ്രൈസിന്റെ തന്നെ സ്ഥാപനമായ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍. ഇന്ത്യ, തെക്ക്-കിഴക്കന്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കമ്പനിയ്ക്ക് ശക്തമായ വേരുകളുണ്ട്. രാജ്യാന്തര വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാകാനും കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ മൂണ്‍ലൈറ്റിംഗ് ചെയ്‌തെന്നു കണ്ടെത്തിയ ജീവനക്കാര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച് വിപ്രോ രംഗത്തെത്തിയിരുന്നു. 300 ജീവനക്കാരെയാണ് മൂണ്‍ലൈറ്റിങ്ങിന്റെ പേരില്‍ കമ്പനി പിരിച്ചുവിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ തങ്ങളുടെ പ്രധാന എതിരാളികള്‍ക്കു വേണ്ടി ജോലി ചെയ്തു വരികയായിരുന്നെന്ന് കമ്പനി കണ്ടെത്തി. ഇത്തരക്കാര്‍ക്ക് കമ്പനിയില്‍ ഇടമുണ്ടാകില്ലെന്ന് വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി പറഞ്ഞു.
ഒരു സ്ഥാപനത്തില്‍ മുഴുവന്‍ സമയ ജോലി ചെയ്യുമ്പോള്‍ തന്നെ രഹസ്യമായി മറ്റൊരു ജോലി ചെയ്യുന്നതാണ് മൂണ്‍ലൈറ്റിങ്ങ്. വിപ്രോയില്‍ നിന്നു കൊണ്ട് തങ്ങളുടെ എതിരാളികള്‍ക്കു വേണ്ടി ജോലി ചെയ്തത് തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്നും റിഷാദ് പ്രേംജി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.