ദോഹ: ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീന (Argentina) ലോക ചാമ്പ്യന്മാരായി. വേള്‍ഡ് കപ്പില്‍ അര്‍ജന്റീന മുത്തമിടുന്ന നിമിഷങ്ങള്‍ കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവുമധികം ഉപയോഗിച്ചത് ജിയോ സിനിമ ആപ്പെന്ന് റിപ്പോർട്ടുകൾ.
വയാകോം 18ന്റെ ആപ്പായ ജിയോ സിനിമയിലൂടെ സൗജന്യമായിട്ടാണ് വേള്‍ഡ് കപ്പ് ഫൈനലിന്റെ തത്സമയ ദൃശ്യങ്ങള്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്. അതുതന്നെയാണ് ഇന്ത്യയില്‍ ഏറ്റവുമധികം പേര് വേള്‍ഡ് കപ്പ് കാണാന്‍ ജിയോ സിനിമ ആപ്പ് ഉപയോഗിക്കാനുള്ള പ്രധാന കാരണവും. 110 മില്യണ്‍ അഥവാ 11 കോടി ആണ് ഈ സമയത്ത് ജിയോ സിനിമയ്ക്ക് ലഭിച്ച വ്യൂവര്‍ഷിപ്പ്.
അതുമാത്രമല്ല, ഇതാദ്യമായാണ് ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം സംപ്രേക്ഷണം ടിവി പ്രേക്ഷകരെ മറികടക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 20 മുതല്‍ ആപ്പിള്‍ ഐഒഎസിലൂടെയും ആന്‍ഡ്രോയ്ഡിലുടെയും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് എന്ന പ്രത്യേകതയും ജിയോ സിനിമ ആപ്പിന് തന്നെയാണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി എന്നീ ഭാഷകളില്‍ ലൈവ് സ്ട്രീമിംഗ് നടത്താനായി എന്നതാണ് ഈ റെക്കോര്‍ഡുകള്‍ നേടാന്‍ ജിയോ സിനിമ ആപ്പിനെ സഹായിച്ചത്.
അതുകൂടാതെ ലൈവ് സ്ട്രീമിംഗ് സമയത്ത് ഹൈപ്പ് മോഡ് സര്‍വ്വീസും ആപ്പിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു. ഈ സേവനത്തിലൂടെ മത്സരവും ഹൈലൈറ്റുകളും വ്യത്യസ്ത ആംഗിളില്‍ നിന്ന് കാണാന്‍ കഴിഞ്ഞിരുന്നു.
അതേസമയം, ഖത്തര്‍ വേള്‍ഡ് കപ്പില്‍ ഏകപക്ഷീയമായ വിജയമാണ് അര്‍ജന്റീന നേടിയിരിക്കുന്നത്. ലയണല്‍ മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം കപ്പ് മാത്രമായിരുന്നു അര്‍ജന്റീനയുടെ മുന്നിലുള്ള ഏക ലക്ഷ്യം. ഇനി ഒരു ലോകകപ്പ് കളിക്കാന്‍ മെസി എന്ന മജീഷ്യന്‍ അര്‍ജന്റീനയ്ക്കായി എത്തില്ല.
ഫൈനലില്‍ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തുമ്പോള്‍ മുന്നില്‍ നിന്ന് നയിച്ച് ഗോളടിച്ചും ഗോളടിപ്പിച്ചും മെസി എന്ന മാന്ത്രികന് കളം നിറഞ്ഞു. ഫൈനലില്‍ പെനാല്‍റ്റി ഉള്‍പ്പെടെ രണ്ടു ഗോളുകള്‍ അര്‍ജന്റീനയ്ക്കായി നേടി. ഡീഗോ മറഡോണയുടെയും ഹാവിയര്‍ മഷറാനോയുടെയും റെക്കോര്‍ഡ് മറികടന്നാണ് 35-കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പ് കളിച്ചത്.
36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റൊസാരിയോ തെരുവുകളിലേക്ക് ആ ലോകകപ്പ് എത്തുന്നു. മുമ്പ് 1978ലും 1986ലുമാണ് അര്‍ജന്റീന ലോകകപ്പ് നേടിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കമാണ് അര്‍ജന്റീനയ്ക്ക് ഉണ്ടായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു.
അധികസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചതോടെയാണ് മത്സരം ഷൂട്ടൌട്ടിലേക്ക് കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ലോകചാമ്പ്യന്മാര്. 4-3 എന്ന സ്കോറിനാണ് അര്‍ജന്റീന ഷൂട്ടൌട്ടില്‍ വിജയിച്ചത്. അര്‍ജന്റീനയ്ക്കുവേണ്ടി മെസി, ഡിബാല, പര്‍ഡേസ്, മോണ്ടിയല് എന്നിവര്‍ ലക്ഷ്യം കണ്ടു.
അതേസമയം മെസിപ്പട നേടിയെടുത്ത വിജയത്തിന് അഭിനന്ദനവുമായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും രംഗത്തെത്തിയിരുന്നു. സ്പാനിഷ് ഭാഷയിലുള്ള ഒറ്റവരിയിലൂടെയായിരുന്നു മത്സരത്തിന് ശേഷം നെയ്മറുടെ ട്വീറ്റ്. സഹോദരന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ആ സ്പാനിഷ് ട്വീറ്റിന്റെ അര്‍ത്ഥം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.