ഒരേ കസേരയിൽ തന്നെ ഏറെക്കാലം ഇരിക്കുന്നത് ദോഷം ചെയ്യുമോ?

Last Updated:

വരാന്തയില്‍ ചാരുകസേരയിലിരിക്കുന്ന കാരണവര്‍ തറവാട്ടു മഹിമയുടെയും അധികാരത്തിന്റെയും പിന്നീട് അലസതയുടെയും ഒക്കെ ചിഹ്നമായി മാറിയിട്ടുണ്ട്

എസ് ബിനുരാജ്
പോകുന്നിടത്തെല്ലാം കസേര കൊണ്ടു പോകാന്‍ കഴിയുമോ?
കസേരയുടെ ചരിത്രം അവസാന ഭാഗം
“ഞാന്‍ വരാന്തയില്‍ ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു. ഗേറ്റ് തുറന്ന് കേശവദേവ് കടന്നു വന്നു. എന്റെ ഇരിപ്പ് കണ്ട് ക്ഷുഭിതനായി അടുത്തേക്ക് വന്ന് എഴുന്നേല്‍ക്കാന്‍ പറഞ്ഞു. പിന്നെ ചാരുകസേരയുടെ കാന്‍വാസ് ബന്ധിപ്പിച്ചിരുന്ന രണ്ട് ഉരുളന്‍ തടികളും ഊരിയെടുത്ത് മതിലിന് പുറത്തേക്ക് എറിഞ്ഞു. ചാരുകസേരയിലെ കിടപ്പ് തന്നെ രോഗിയാക്കും കൃഷ്ണന്‍ നായരേ. നടുവിന് ശസ്ത്രക്രിയ വേണ്ടി വരും. ഇന്ന് തന്നെ ഇതങ്ങ് ഉപേക്ഷിക്കുന്നതാണ് നല്ലത് “- എം കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍ എഴുതിയത്.
advertisement
ചാരുകസേരയിലെ ദീര്‍ഘനേരത്തെ ഇരിപ്പ് നടുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് കേട്ടിട്ടുണ്ട്. ഒന്ന് നടുനിവര്‍ത്തണം എന്ന് പറഞ്ഞ് ദീര്‍ഘനിശ്വാസത്തോടെയാണ് പലരും ഇതില്‍ ഇരിക്കുന്നതെങ്കിലും നടു വളഞ്ഞുള്ള കിടപ്പ് പോലെയാണ് ചാരുകസേരയിലെ ഇരിപ്പ്. വളരെ ലളിതമായ ഇതിന്റെ നിര്‍മ്മിതിയുടെ പ്രധാന ഭാഗം ഒരു കാന്‍വാസ് ആണ്. വരാന്തയില്‍ ചാരുകസേരയിലിരിക്കുന്ന കാരണവര്‍ തറവാട്ടു മഹിമയുടെയും അധികാരത്തിന്റെയും പിന്നീട് അലസതയുടെയും ഒക്കെ ചിഹ്നമായി മാറിയിട്ടുണ്ട്. ഏറ്റവും ശക്തമായി ഇതിനെ അവതരിപ്പിച്ചത് എലിപ്പത്തായം എന്ന ചിത്രത്തിലൂടെ അടൂര്‍ ഗോപാലകൃഷ്ണനാണ്. തകര്‍ന്നു തുടങ്ങുന്ന ഫ്യൂഡല്‍ അധികാരത്തിന്റെ രൂപമായി ചാരുകസേരയില്‍ കിടന്ന ഉണ്ണിക്കുഞ്ഞിനെ മറക്കാനാവില്ല മലയാളിക്ക്. ഉച്ചയൂണിന് ശേഷം ചാരുകസേരിയില്‍ കിടന്ന് അധോവായു വിടുന്ന കാരണവരെ കുറിച്ച് ഇ വി കൃഷ്ണപിള്ളയും ഹാസ്യരൂപേണ എഴുതിയിട്ടുണ്ട്.
advertisement
എന്നാല്‍ തനി കേരളീയമായ ഒന്നല്ല ചാരുകസേര. ബ്രിട്ടീഷ് ക്യാമ്പിംഗ് സംസ്ക്കാരത്തിന്റെ ഭാഗമായ ക്യാമ്പിംഗ് ചെയറില്‍ നിന്നും പകര്‍ത്തിയതാണ് ചാരുകസേര. തോട്ടങ്ങള്‍ സന്ദര്‍ശിക്കാനും വിനോദത്തിനായി പുഴയോരത്ത് മീന്‍ പിടിക്കാനും പോയിരുന്ന ബ്രിട്ടീഷുകാര്‍ അവിടെ വിശ്രമത്തിന് ഉപയോഗിച്ചിരുന്നത് ഈ ക്യാമ്പിംഗ് ചെയറാണ്. മടക്കി എടുത്തു കൊണ്ട് എങ്ങോട്ട് വേണമെങ്കിലും കൊണ്ടു പോകാം എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ഇത് കണ്ട് ഏതോ മലയാളി ജന്മി ഇത് പകര്‍ത്തിയത് ആവണം. തെങ്ങിന്‍ തോപ്പുകളിലും മറ്റും പണിക്കാരെ നിയന്ത്രിക്കുമ്പോഴും കൃഷിപ്പണിക്ക് മേല്‍നോട്ടം വഹിക്കുമ്പോഴും അവര്‍ക്ക് തോട്ടത്തില്‍ ഇരിക്കാന്‍ ഒരു ഇരിപ്പിടം വേണമായിരുന്നു. കാര്യസ്ഥന് മടക്കി എടുത്ത് കൂടെ കൊണ്ടു പോകാന്‍ പറ്റുന്ന ഒരു കസേര ആകുമ്പോള്‍ സൗകര്യമാണല്ലോ.
advertisement
എന്നാല്‍ ഈ മടക്കു കസേരകളാണ് ആദ്യകാലത്തെ കസേരകളെന്ന് കസേരകളുടെ ചരിത്രമെഴുതിയ വിറ്റോള്‍ഡ് റിബ്ഷിന്‍കി (Wirtold Rybczynski) എന്ന ആര്‍ക്കിടെക്ട് തന്റെ Now I Sit Me Down എന്ന കസേര ചരിത്ര പുസ്തകത്തില്‍ പറയുന്നു. ഇത് വികസിപ്പിച്ചത് പുരാതന ചൈനയിലെ ചില നാടോടി ഗോത്രങ്ങളാണത്രെ. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അവര്‍ക്ക് ഇരിക്കണമെന്ന് തോന്നുമ്പോള്‍ ഇരിക്കാന്‍ കൈയില്‍ കൊണ്ടു നടക്കാവുന്ന മടക്കു കസേരകളായിരുന്നു സൗകര്യം.
advertisement
ഈജിപ്തിലെ ശവകുടീരങ്ങളിലെ ചിത്രങ്ങളിലും ഗ്രീസിലും കസേരയുടെ ആദ്യ രൂപങ്ങള്‍ കാണാമെന്നാണ് വിറ്റോള്‍ഡിന്റെ കണ്ടെത്തല്‍. ഗ്രീക്ക് ചിത്രങ്ങള്‍ നോക്കുകയാണെങ്കില്‍ സ്ഥാന, ലിംഗഭേദമില്ലാതെ ജനങ്ങള്‍ കസേര ഉപയോഗിക്കുന്നതായി കാണാം. ദൈവങ്ങളും, രാജാക്കന്മാരും കസേര ഉപയോഗിച്ചിരുന്നത് പോലെ തന്നെ സ്ത്രീകളും സംഗീതോപകരണങ്ങള്‍ വായിക്കുന്നവരും കസേരയില്‍ ഇരിക്കുന്ന ചിത്രീകരണങ്ങള്‍ ഗ്രീക്ക് സംസ്കൃതിയില്‍ കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കസേര ഗ്രീക്ക് സംസ്ക്കാരത്തില്‍ ഒരു ജനകീയ ഉപകരണമായിരുന്നുവെന്നും വിറ്റോള്‍ഡ് നിരീക്ഷിക്കുന്നു. എന്നാല്‍ ഈ ജനകീയ സ്വഭാവം പിന്നീട് കൈമോശം വന്നുവെന്നും സമ്പന്നര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നായി കസേര മാറിയെന്നും അദ്ദേഹം ഈ പുസ്തകത്തില്‍ പറയുന്നു.
advertisement
അജന്തയിലെ ചുവര്‍ചിത്രങ്ങളില്‍ കസേരയുടെ ആദ്യരൂപം കാണാം. ബോധിസത്വന്‍മാര്‍ ഇരിക്കുന്ന പീഠങ്ങള്‍ കസേരകളെ അനുസ്മരിപ്പിക്കുന്നു. ബിസി ഒന്നാം നൂറ്റാണ്ട് മുതല്‍ ആറാം നൂറ്റാണ്ട് വരെയാണ് അജന്ത ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. ഇതില്‍ ബിസി ആറാം നൂറ്റാണ്ടില്‍ ആലേഖനം ചെയ്തുവെന്ന് കരുതപ്പെടുന്ന ചിത്രങ്ങളിലാണ് കസേരയുള്ളത്. ഇത് വാകാടക രാജവംശത്തിന്റെ കാലമാണ്.
കസേര വ്യാപകമായെങ്കിലും കസേര കിട്ടിയാലും ഇരിക്കാത്ത ഒരു കാലമാണ് ഇത്. ബാറില്‍ പോയാല്‍ സ്ഥിരമായി നില്‍പ്പന്‍ അടിക്കുന്ന ഒരാളുണ്ട്. അയാള്‍ ബാറില്‍ ഇരുന്ന് കണ്ടിട്ടേയില്ല. കൗണ്ടറില്‍ കൈകളൂന്നി കാലുകള്‍ പിണച്ചു നിന്ന് രണ്ട് പെഗ് അടിക്കും, മടങ്ങും. എന്തുകൊണ്ടാണ് ഒരിക്കലും താങ്കള്‍ ഇരിക്കാത്തത് എന്ന് ചോദിച്ചപ്പോള്‍ ഇരിപ്പിന്റെ അപകടത്തെ പറ്റി പുള്ളി ക്ലാസെടുത്തു.
advertisement
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത് ദീര്‍ഘനേരത്തെ ഇരിപ്പ് പുകവലിയെക്കാള്‍ മാരകമാണ് എന്നാണ്. പ്രമേഹവും ഹൃദയസംബന്ധമായ അസുഖവുമുള്ളവര്‍ ദീര്‍ഘനേരത്തെ ഇരിപ്പ് ഒഴിവാക്കണം എന്നാണ് നില്‍പ്പന്റെ ഉപദേശം. അമേരിക്ക പോലെയുള്ള ചില രാജ്യങ്ങളിലെ ഓഫീസുകളില്‍ നിന്നു കൊണ്ട് ജോലി ചെയ്യാവുന്ന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ഹെമിംഗ് വേ എന്നിവര്‍ നിന്നു കൊണ്ട് ജോലി ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നവരാണ്. ഇരിപ്പ് ഒഴിവാക്കിയ ചര്‍ച്ചില്‍ പക്ഷേ ചുരുട്ട് വലിച്ചു തള്ളുന്നത് ഒഴിവാക്കിയില്ല. ഏതെങ്കിലും ഒരു അപകടം മതിയെന്ന് കരുതിയിട്ടുണ്ടാവും.
കസേര ഇരിക്കാനുള്ള ഉപകരണം മാത്രമല്ല, അത് അധികാരത്തിന്റെ ചിഹ്നവും ചില ഓര്‍മ്മകളുടെ സൂചകവുമാണ്. അച്ഛന്‍ സ്ഥിരമായി ഇരിക്കുന്ന കസേര കാണുന്ന മകനോ മകളോ അച്ഛനെ ഓര്‍ക്കാതിരിക്കില്ല. പ്രൈമറി ക്ലാസിലെ കുട്ടിക്കസേരകള്‍ സ്ക്കൂള്‍ കാലത്തേക്ക് നമ്മളെ കൊണ്ടു പോകും. ഒരു ഗ്രാമഫോണും ചാരുകസേരയും മാത്രം കണ്ടാല്‍ മതി നമ്മള്‍ ബഷീറിനെ ഓര്‍ക്കും. എപ്പോഴും ഒരിടത്ത് ഇരിക്കരുത്. ഇരുന്ന കസേരകള്‍ മറക്കുകയുമരുത്.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ഒരേ കസേരയിൽ തന്നെ ഏറെക്കാലം ഇരിക്കുന്നത് ദോഷം ചെയ്യുമോ?
Next Article
advertisement
സ്വതന്ത്ര പലസ്തീനെ എതിർത്ത് വോട്ട് ചെയ്ത് അർജന്റീന കേരളത്തിലേക്ക് വരേണ്ട ; സോഷ്യൽ മീഡിയയിൽ ചർച്ച
സ്വതന്ത്ര പലസ്തീനെ എതിർത്ത് വോട്ട് ചെയ്ത് അർജന്റീന കേരളത്തിലേക്ക് വരേണ്ട ; സോഷ്യൽ മീഡിയയിൽ ചർച്ച
  • അർജന്റീനയടക്കം പത്ത് രാജ്യങ്ങൾ സ്വതന്ത്ര പലസ്തീൻ പ്രമേയത്തെ എതിർത്ത് യുഎൻ പൊതുസഭയിൽ വോട്ട് ചെയ്തു.

  • അർജന്റീനയുടെ നിലപാട് കേരളത്തിൽ വലിയ ചർച്ചയായി, മെസിയുടെ വരവിനായി കാത്തിരിക്കുന്ന പശ്ചാത്തലത്തിൽ.

  • ഫേസ്ബുക്കിൽ അർജന്റീനയെ വിമർശിച്ച് നിരവധി കമന്റുകൾ, ചിലർ മെസിയുടെ വരവിനെതിരെ പ്രതിഷേധം ആവശ്യപ്പെട്ടു.

View All
advertisement