• HOME
  • »
  • NEWS
  • »
  • opinion
  • »
  • ABHA | ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട്; ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് UPI പോലെ; ആരോഗ്യ മേഖലയിൽ വൻ മാറ്റം

ABHA | ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട്; ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് UPI പോലെ; ആരോഗ്യ മേഖലയിൽ വൻ മാറ്റം

രാജ്യത്തെ മുഴുവൻ ആരോഗ്യ സംരക്ഷണത്തെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ABHA

  • Share this:
    നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ (NHA) പ്രധാന പദ്ധതിയായ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) ആരോഗ്യ സേതുവുമായി (Aarogya Setu) സമന്വയിപ്പിക്കുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതോടെ 21.4 കോടിയിലധികം ആരോഗ്യ സേതു ഉപയോക്താക്കൾക്ക് മൊബൈൽ ആപ്പിൽ നിന്ന് 14 അക്ക യുണീക്ക് ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് നമ്പറുകൾ അഥവാ ABHA സൃഷ്ടിക്കാൻ കഴിയും. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ഇതുവരെ 16.4 കോടി ABHA നമ്പറുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത് വർദ്ധിപ്പിക്കാൻ ആരോഗ്യ സേതുവുമായുള്ള ബന്ധിപ്പിക്കൽ സഹായിക്കും.

    ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിൽ ആരോഗ്യ മേഖല ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ആരോഗ്യ മേഖലയ്ക്ക് ഇത്തവണത്തെ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ സംബന്ധിച്ച ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. രാജ്യത്ത് ഡിജിറ്റൽ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്നതിന് ആവശ്യമായ പദ്ധതികൾ വികസിപ്പിക്കുകയാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ വഴി ലക്ഷ്യമിടുന്നത്.

    അതേസമയം, ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് നമ്പർ നിങ്ങളുടെ ആരോഗ്യ ഐഡിയാണ്. അതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട രേഖകൾ ഡിജിറ്റലായി ആക്‌സസ് ചെയ്യാനും പങ്കിടാനും കഴിയും. ഇത് ഡോക്ടർമാരുമായുള്ള നിങ്ങളുടെ ആശയവിനിമയം എളുപ്പത്തിലാക്കുകയും നിങ്ങളുടെ ലാബ് റിപ്പോർട്ടുകൾ, കുറിപ്പടികൾ, മറ്റ് മെഡിക്കൽ റിപ്പോർട്ടുകൾ ഡിജിറ്റലാക്കുകയും ഇവ ആശുപത്രികളിൽ നിന്നും പാത്തോളജി ലാബുകളിൽ നിന്നും എളുപ്പത്തിൽ സ്വീകരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.

    ഈ സ്കീമിന് കീഴിൽ, നിങ്ങളുടെ ആരോഗ്യ രേഖകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനും വരും മാസങ്ങളിൽ അവതരിപ്പിക്കും. ഈ ആപ്പ് ആകും ഇനി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന അടുത്ത ആപ്പ്. എന്നാൽ ABHA എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമ്മളിൽ പലർക്കും ഇപ്പോഴും അറിയില്ല.

    ABHA നിങ്ങളെ സഹായിക്കുന്നത് എങ്ങനെ?

    ABHA എന്നാൽ നിങ്ങളുടെ 14 അക്ക ആരോഗ്യ ഐഡിയാണ്. ഒരു ഡോക്ടറുടെ അടുത്ത് പോകുമ്പോൾ നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട രേഖകളും മെഡിക്കൽ ഹിസ്റ്ററിയും അടങ്ങുന്ന വലിയ ഫയലുകളാകും നിങ്ങൾ കൊണ്ടുപോകുക. എന്നാൽ നിങ്ങളുടെ എല്ലാ രേഖകളും പൂർണ്ണമായ മെഡിക്കൽ വിവരങ്ങളും ഡോക്ടർമാരുമായി പങ്കിടുന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ ഒറ്റ ക്ലിക്കിൽ നിങ്ങളുടെ മെഡിക്കൽ പ്രൊഫൈൽ (മുൻകാല ചികിത്സകൾ, മരുന്നുകൾ, രോഗനിർണയം, അലർജികൾ) അടങ്ങിയ വിവരങ്ങൾ പങ്കിടാൻ ഡിജിറ്റൽ സാങ്കേതികവിദ്യ നിങ്ങളെ സഹായിക്കുന്നുവെന്ന് കരുതുക. അതാണ് ABHA നിങ്ങൾക്കായി ചെയ്യുന്നത്. നിങ്ങളുടെ എല്ലാ മെഡിക്കൽ വിവരങ്ങളും ഒരിടത്ത് സൂക്ഷിക്കുന്നു. അത് നിങ്ങളുടെ അടുത്തുള്ള ക്ലിനിക്കിൽ നിന്നോ ആശുപത്രിയിൽ നിന്നോ എവിടെ നിന്ന് ആണെങ്കിലും നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ കാര്യങ്ങളും അതിൽ അടങ്ങിയിട്ടുണ്ടാകും.

    രോഗിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനാൽ ABHA ഡോക്ടർമാർക്കും സഹായകമാകും. രോഗികൾക്ക് (ഗ്രാമീണ പ്രദേശങ്ങളിലുള്ളവർക്ക്) ഇന്ത്യയിലുടനീളമുള്ള ഡോക്ടർമാരുമായി ബന്ധപ്പെടാൻ കഴിയും. അതിനാൽ സമയവും പണവും ലാഭിക്കുകയും ചെയ്യാം. ഇത് വേഗമേറിയതും ഫലപ്രദവുമായ ചികിത്സകൾ നേടാൻ ആളുകളെ സഹായിക്കുന്നു.

    അനാവശ്യമായതും ആവർത്തിച്ചുള്ളതുമായ പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ രോഗനിർണയം വേഗത്തിലാക്കാനും ഇത് സഹായിക്കും. ഉപയോക്തൃ സമ്മതത്തോടെ സുരക്ഷിതവും എൻക്രിപ്റ്റ് ചെയ്തതും പൂർണ്ണമായി സ്വകാര്യവുമായ ഇന്റർഫേസുകളിലൂടെയാകും ഈ വിവരങ്ങൾ പങ്കിടുക. ഇന്ന് നാം പണമടയ്ക്കുന്ന രീതിയിൽ യുപിഐ വരുത്തിയ മാറ്റം പോലെ ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ മാറ്റങ്ങളാകും ABHA വരുത്തുക.

    ABHA രാജ്യത്തിന് നേട്ടമുണ്ടാക്കുന്നത് എങ്ങനെ?

    ആരോഗ്യമാണ് ഒരു രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (Sustainable Development Goals - SDG) കാതൽ. "സാർവത്രിക ആരോഗ്യ പരിരക്ഷ" ആണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. അതായത് ആളുകൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് സംരക്ഷണം നൽകുക, അവശ്യ ആരോഗ്യ സേവനങ്ങൾ എത്തിച്ച് നൽകുക, സുരക്ഷിതവും ഫലപ്രദവും ഗുണമേന്മയുള്ളതുമായ ചികിത്സ നൽകുക, എല്ലാവർക്കും താങ്ങാനാവുന്ന വിലയ്ക്ക് അവശ്യ മരുന്നുകളും വാക്‌സിനുകളും ലഭ്യമാക്കുക എന്നിവയൊക്കെ ഇതിൽപ്പെടുന്നു. രാജ്യത്തെ മുഴുവൻ ആരോഗ്യ സംരക്ഷണത്തെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ABHA എന്നതിനാൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ഇന്ത്യയെ ഒരു യൂണിവേഴ്‌സൽ ഹെൽത്ത് കവറേജ് അഥവാ "സാർവത്രിക ആരോഗ്യ പരിരക്ഷയിലേയ്ക്ക്" നയിക്കും.

    മുന്നോട്ട് പോകും തോറും ഈ പദ്ധതി വഴി ശേഖരിക്കുന്ന ആരോഗ്യ പരിരക്ഷാ വിവരങ്ങൾ ഉപയോഗിച്ച് മികച്ച ആരോഗ്യ പ്രതിരോധ സംരക്ഷണം നൽകുന്നതിന് ഇത് സഹായിക്കും. ആരോഗ്യ പരിപാടികളും നയങ്ങളും രൂപകല്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും ഇത് സഹായിക്കും. സ്വകാര്യ, പൊതു ഗവേഷണങ്ങളെയും ഇത് കൂടുതൽ ശക്തിപ്പെടുത്തും.

    ഇൻവെസ്റ്റ് ഇന്ത്യയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് 2022 ഓടെ ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ വ്യവസായം 372 ബില്യൺ ഡോളറിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു. കൂടാതെ ഈ നീക്കത്തിന് ആക്കം കൂട്ടുന്നതിൽ ഡിജിറ്റൽ മിഷൻ ഒരു പ്രധാന പങ്ക് വഹിക്കും.

    ഹെൽത്ത്‌ടെക് കമ്പനികൾക്ക് ABHA സഹായകമാകുന്നത് എങ്ങനെ?

    നമ്മുടെ ജനസംഖ്യയിലെ 1000 പേർക്ക് മതിയായ ഡോക്ടർമാരില്ലെന്ന വിവരം നിങ്ങൾക്ക് അറിയാമോ? പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഡോക്ടർമാരുടെ വലിയ കുറവുണ്ട്. ജനസാന്ദ്രതയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് മിതമായ നിരക്കിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരേയൊരു ഉത്തരം സാങ്കേതികവിദ്യ മാത്രമാണ്.

    ഗവൺമെന്റിന്റെ ലക്ഷ്യം അനുസരിച്ച്, ഡിജിറ്റൽ ഇടനാഴിയിലൂടെ ഹെൽത്ത് കെയർ ഇക്കോസിസ്റ്റത്തിന്റെ നിലവിലുള്ള വിടവ് ABHA നികത്തും. മറ്റ് ചില ടെക് കമ്പനികൾ ഹെൽത്ത് കെയർ രംഗത്ത് വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ, EkaCareൽ ഡോക്ടർമാരുമായി ബന്ധപ്പെടാൻ രോഗികളെ പ്രാപ്തരാക്കുന്ന ഒരു ഇക്കോസിസ്റ്റം ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ABHA അല്ലെങ്കിൽ ഹെൽത്ത് ഐഡികൾ സൃഷ്ടിക്കുന്നതിനും ആരോഗ്യ രേഖകൾ കൈകാര്യം ചെയ്യുന്നതിനുമുള്ള ഡിജിറ്റൽ ഇന്റർഫേസ് വികസിപ്പിക്കുന്നതിൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ആദ്യത്തെ കമ്പനികളിലൊന്നായ EkaCare തടസ്സരഹിതമായ കൺസൾട്ടേഷൻ അനുഭവവും മെഡിക്കൽ റെക്കോർഡുകൾ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു. കൂടുതൽ ആളുകൾ ABHA സൃഷ്ടിക്കുന്നതിനാൽ, രോഗികൾക്ക് ഞങ്ങളുടെ ആപ്പ് വഴി ഡോക്ടർമാരുമായി ബന്ധപ്പെടാനും അവരുടെ മെഡിക്കൽ റെക്കോർഡുകൾ ഒരു ക്ലിക്കിലൂടെ പങ്കിടാനും കഴിയും.

    EkaCare വഴി ഇതുവരെ ഒരു ദശലക്ഷത്തിലധികം ABHA സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ പൗരന്മാർ ഈ സർക്കാർ സംരംഭത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

    (ഏക കെയറിന്റെ (EkaCare) സ്ഥാപകനും സിഇഒയുമായ വികൽപ് സാഹ്നിയാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. അദ്ദേഹം ആരോഗ്യ സേതുവിന്റെ വോളണ്ടിയർ ആർക്കിടെക്റ്റും ഗോഐബിബോയുടെ സഹസ്ഥാപകനും കൂടിയാണ്. ഈ ലേഖനത്തിൽ പ്രകടിപ്പിച്ച വീക്ഷണങ്ങൾ രചയിതാവിന്റേത് മാത്രമാണ്. ഈ പ്രസിദ്ധീകരണത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല)
    Published by:Naveen
    First published: