• News
 • World Cup 2019
 • Sports
 • Films
 • Budget 2019
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ആർ.എസ്.എസിനെ കുഴക്കി ശബരിമല; സമന്വയത്തിനായി കൊച്ചിയിൽ യോഗം

News18 Malayalam
Updated: October 8, 2018, 3:18 PM IST
ആർ.എസ്.എസിനെ കുഴക്കി ശബരിമല; സമന്വയത്തിനായി കൊച്ചിയിൽ യോഗം
News18 Malayalam
Updated: October 8, 2018, 3:18 PM IST
# അനു നാരായണൻ

കേരളത്തിൽ എട്ട് ദശാബ്ദങ്ങൾക്ക് മുൻപ് പ്രവർത്തനം ആരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘം, എക്കാലത്തെയും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ‌ കടന്നുപോകുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമല ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയാണ് ആർഎസ്എസിന് മുന്നിൽ ഈ പ്രതിസന്ധി സൃഷ്ടിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ അനുകൂലിച്ച് പത്രക്കുറിപ്പിറക്കിയതിന് പിന്നാലെ പ്രശ്നങ്ങൾ തണുപ്പിക്കാനുള്ള ശ്രമത്തിലാണ് ആർഎസ്.എസ് നേതൃത്വം.

'ശബരിമല'യിൽ ആദ്യ പുനഃപരിശോധനാ ഹർജി സുപ്രീംകോടതിയിൽ; നൽകിയത് എൻ.എസ്.എസ്

അതിരാത്രം പോലുള്ള ചടങ്ങുകളിൽ ആടുകളെ കുരുതികഴിക്കുന്ന അനാചാരങ്ങൾ അവസാനിപ്പിക്കുന്നതിലും ബ്രാഹ്മണേതര സമുദായങ്ങളിൽ നിന്നുള്ളവരെ ക്ഷേത്രപൂജാരികളായി അംഗീകരിക്കുന്നതിലും മുന്നിൽ നിന്ന് പോരാടിയിട്ടുള്ള ചരിത്രമാണ് കേരളത്തിലെ ആർഎസ്എസിന്റേത്. ആടുകളെ കുരുതി കഴിച്ച് ആ ശരീരം അഗ്നികുണ്ഡത്തിലേക്ക് എറിയുന്ന അനാാചാരത്തിനെതിരെ വാർത്തുക്കുറിപ്പിറക്കിയത് ആർ.എസ്.എസിന്റെ ആദ്യ പ്രാന്ത പ്രചാരകനായിരുന്ന കെ ഭാസ്കർ റാവുവാണ്.

ശബരിമല: സർക്കാരിനോട് ഏറ്റുമുട്ടി തന്ത്രികുടുംബം; മുഖ്യമന്ത്രിയെ കാണില്ല

ബ്രാഹ്മണേതര വിഭാഗങ്ങളിലുള്ളവർക്ക് വേദപാഠങ്ങൾ പകർന്നുനൽകാനും അവരെ ക്ഷേത്രപൂജാരികളും തന്ത്രിമാരുമായി നിയമിക്കാനും കേരളത്തിലെ വേദകുടുംബങ്ങളെ പ്രേരിപ്പിച്ചത് പ്രാന്ത പ്രചാരകായിരുന്ന പി. മാധവൻ ആയിരുന്നു. പറവൂർ ശ്രീധരൻ തന്ത്രിയുമായും ഒ.ബി.സി വിഭാഗത്തിലുള്ള ഒരു പൂജാരിയുമായി ചേർന്ന് തന്ത്രവിദ്യാപീഠം ആരംഭിച്ചതും അദ്ദേഹമായിരുന്നു. ജാതിഭേദമില്ലാതെ എല്ലാവർക്കും വേദപഠനം നൽകുന്നതിനായിരുന്നു ഇത്.

അഹിന്ദുക്കളെ ദേവസ്വം ബോർഡിൽ നിയമിക്കാൻ ഭേദഗതിയെന്ന് പ്രചരണം; കള്ള പ്രചരണമെന്ന് മന്ത്രി കടകംപള്ളി
Loading...

മുകളിൽ പറഞ്ഞ ഈ സംഭവങ്ങളിലെല്ലാം എതിർപ്പുയർന്നത് ഹിന്ദു സമുദായത്തിലെ സവർണവിഭാഗങ്ങളിൽ നിന്നുതന്നെയാണ്. എന്നാൽ ഭൂരിഭാഗവും സംഘത്തിന്റെ നിലപാടിനൊപ്പമായിരുന്നു. എന്നാൽ ശബരിമല വിഷയത്തിൽ ഹിന്ദു സമുദായത്തിലെ, ഭൂരിഭാഗംപേരുടെയും നിലപാടിനെതിരായ
നിലപാടാണ് സംഘം സ്വീകരിച്ചിരിക്കുന്നത്.

ശബരിമല: എന്തായിരുന്നു സര്‍ക്കാരുകളുടെ നിലപാടുകള്‍?

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായിരിക്കെ തന്നെ ആർ.എസ്.എസ് സർകാര്യവാഹക് (ജനറൽ സെക്രട്ടറി) സുരേഷ് ജോഷി എന്ന ഭയ്യാജി ജോഷി നിലപാട് വ്യക്തമാക്കിയിരുന്നു. ഏതൊരു ആരാധനാലയത്തിലേക്കുമുള്ള പ്രവേശനം ജാതി, ലിംഗം, മതവിശ്വാസം എന്നിവ കണക്കിലെടുക്കാതെയാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ സ്ത്രീകൾക്കുള്ള നിരോധനവുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ വശം കണക്കിലെടുക്കണം. എന്നാൽ പൂർണമായ നിരോധനം അനുചിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുംമുൻപ് ബന്ധപ്പെട്ടവരെ വിശ്വാസത്തിലെടുക്കുകയും ചർച്ച നടത്തുകയും ചെയ്യണമെന്നുമാണ് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഭായ്യാജി ജോഷി പറഞ്ഞത്.

കേരളത്തിലെ ഹിന്ദു സമുദായ അംഗങ്ങളിൽ ഭൂരിഭാഗവും സുപ്രീംകോടതി വിധിക്കെതിരാണെന്ന കാര്യത്തിൽ സംശയമില്ല. ആർഎസ്എസും അനുബന്ധ സംഘടനകളും ഇതിനെതിരെ പോരാടുമെന്നു തന്നെയാണ് പൊതുവെ പ്രതീക്ഷിച്ചത്. എന്നാൽ ആർ.എസ്.എസ് പത്രക്കുറിപ്പ് പൊതുജനങ്ങളിൽ മാത്രമല്ല, ആർ.എസ്.എസ് അണികൾക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കുന്നതായി.

ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരകരിലൊരാളായ രംഗ ഹരി യുവതികളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കണമെന്നത് എന്തുകൊണ്ടാണ് യുക്തിസഹമായ ആവശ്യമായി മാറുന്നതെന്ന് ചൂണ്ടിക്കാട്ടി മുഖപത്രമായ കേസരിയിൽ ലേഖന പരമ്പര എഴുതി. സംഘത്തിന്റെ ബൗദ്ധിക മേധാവി (അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ്) ആയ രംഗ ഹരി സ്ത്രീകൾക്കുള്ള നിരോധനം നീക്കണമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇത് സംസ്ഥാന നേതാക്കൾക്കിടയിൽ തന്നെ ഭിന്നതയുണ്ടാക്കി. ഈ സമയത്ത് ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിക്കുന്നതിലെ അനൗചിത്യം പലരും ചൂണ്ടിക്കാട്ടുകയുമുണ്ടായി.

സംഘപ്രവർത്തകർക്കിടയിൽ ഹരിയേട്ടൻ എന്ന് അറിയപ്പെടുന്ന രംഗ ഹരി ശബരിമല വിഷയത്തിൽ 41 ദിവസത്തെ വ്രതത്തെയും അതിന് പിന്നിലെ ന്യായവാദങ്ങളെയും ചോദ്യം ചെയ്യുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് 21 ദിവസം മാത്രമേ വ്രതം അനുഷ്ഠിക്കാറുണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം
ചൂണ്ടിക്കാട്ടുന്നു. കാളിദാസന്റെയും കൃതികളിലെയും മഹാഭാരതത്തിലെയും ഭാഗങ്ങളും അദ്ദേഹം ഉദ്ധരിക്കുന്നു. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കുമ്പോൾ ഹിന്ദുമതത്തിലെ വനിതാ നേതാക്കളെയും ഉൾപ്പെടുത്തണമെന്ന ആവശ്യവും രംഗ ഹരി ഉന്നയിക്കുന്നു.

സംസ്ഥാനത്തെ പല ആർഎസ്എസ് നേതാക്കളും രംഗ ഹരിയുടെ വാദങ്ങളോട് വിയോജിക്കുന്നു. തലമുറകളായി പിന്തുടർന്നുവരുന്ന വിശ്വാസങ്ങളിൽ ഒറ്റയടിക്ക് മാറ്റം വരുത്തരുതെന്നാണ് അവരുടെ നിലപാട്. എന്നാൽ രംഗ ഹരിയെ പോലെ തങ്ങളുടെ വാദങ്ങൾ അക്കാദമികപരമായി കാരണങ്ങൾ ചൂണ്ടിക്കാട്ടി ന്യായീകരിക്കുന്നതിൽ ഇവർ പരാജയപ്പെട്ടു‌.

ശബരിമല വിഷയം കേരള രാഷ്ട്രീയത്തിലും മതപരമായ കാര്യങ്ങളും വലിയ വഴിത്തിരിവായി മാറുകയാണ്. ആർ.എസ്.എസിന്റെ പത്രകുറിപ്പല്ലാതെ, ബി.ജെപി ആണെങ്കിൽ വിഷയത്തിൽ നിന്ന് മാറി നിൽക്കുകയാണ്. അതേസമയം, കോൺഗ്രസിന്റെ മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരിൽ‌ ഒരാളായ
കെ. സുധാകരൻ ആദ്യമേ തന്നെ സുപ്രീംകോടതി വിധിക്കെതിരെ തുറന്നടിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിശ്വാസികൾക്കൊപ്പം എന്ന നിലപാടാണ് സ്വീകരിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മറ്റു പല നേതാക്കളും തണുപ്പൻ പ്രതികരണങ്ങളാണ് നടത്തിയത്.

സുപ്രീംകോടതി വിധിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എഎച്ച്പി) ആണ്. വിശ്വഹിന്ദു പരിഷത്തിന്റെ മുൻ വർക്കിംഗ് പ്രസിഡന്റായിരുന്ന പ്രവീൺ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗമാണ് എ.എച്ച്.പി. സംസ്ഥാനത്തെ ഹിന്ദുസമുദായ അംഗങ്ങളുടെ വ്രണപ്പെട്ട വികാരം മുതലെടുക്കുന്നതിൽ അവർ വിജയിച്ചു. റാലികളും പ്രതിഷേധ മാർച്ചുകളും പൊതുയോഗങ്ങളും ഉടനടി തന്നെ അവർ സംഘടിപ്പിച്ചു. സംഘപരിവാറിന് ഭീഷണി ഉയർത്തി അഖിലഭാരതീയ അയ്യപ്പസേവാ സമാജവും ഹിന്ദു ഐക്യവേദിയും യുവമോർച്ചയും മഹിളാ മോർച്ചയും ഈ പ്രതിഷേധങ്ങളിൽ അണിനിരന്നു.

സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനമാണ് വലിയൊരു ദുർഘടഘട്ടത്തിൽ നിന്ന് മുന്നോട്ടുപോകാൻ ആർ.എസ്.എസിന് അവസരം കൊടുത്തത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന മുഖ്യമന്ത്രി ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും പ്രസ്താവനകളെ തള്ളുകയും ചെയ്തിരുന്നു. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നായിരുന്നു സി.പി.എം നോമിനിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ആദ്യം പ്രതികരിച്ചത്. എന്നാൽ മുഖ്യമന്ത്രി പരസ്യമായി എതിർത്തതോടെ പത്മകുമാറും നിലപാട് തിരുത്തി.

തൊട്ടടുത്ത ദിവസം ഭയ്യാജി ജോഷി നാഗ്പൂരിൽ നിന്ന് ഇറക്കിയ വാർത്താക്കുറിപ്പിൽ ആയിരക്കണക്കിന് വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരുടെ വികാരങ്ങൾ മാനിക്കപ്പെടണമെന്നായിരുന്നു പറഞ്ഞത്. 'വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ, ചർച്ചകൾ നടത്താതെ ധൃതിപിടിച്ച് വിധി നടപ്പാക്കാനാണ് കേരള സർക്കാർ ഒരുങ്ങുന്നത്. ആചാരങ്ങളെ ബലപ്രയോഗത്തിലൂടെ ലംഘിക്കാനുള്ള നീക്കത്തിനെതിരെ സ്ത്രീകൾ അടക്കമുള്ള ഭക്തർ പ്രതിഷേധിക്കുക സ്വാഭാവികമാണ്'- വാർത്താക്കുറിപ്പിൽ പറയുന്നു.

ഇതിന് പിന്നാലെ വിശ്വാസികൾക്കൊപ്പവും സംസ്ഥാനസർക്കാർ നിലപാടിനെതിരായും നില്‍ക്കുമെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻപിള്ള രംഗത്തെത്തി. എന്നാൽ പ്രതിസന്ധി അവിടെ കൊണ്ട് അവസാനിച്ചില്ല. ആർ.എസ്.എസിന്റെ സംസ്ഥാന സമിതി
അംഗം ആർ. സഞ്ജയൻ സംഘപരിവാറിന്റെ മുഖപത്രമായ ജന്മഭൂമിയിൽ സുപ്രീംകോടതി വിധിയെ അനുകൂലിച്ച് ലേഖനമെഴുതിതോടെ ആശയക്കുഴപ്പം വർധിച്ചു. അടുത്ത ദിവസം വിശദീകരണകുറിപ്പുമായാണ് ജന്മഭൂമി പുറത്തിറങ്ങിയത്.

പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സംസ്ഥാന നേതൃത്വം തിങ്കളാഴ്ച സംഘപരിവാർ സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സമന്വയ ബൈഠക് യോഗം വിളിച്ചിട്ടുണ്ട്. രാഷ്ട്രീയ വ്യാത്യാസമില്ലായെ ഹിന്ദു സമുദായ അംഗങ്ങളെല്ലാം ഈ യോഗതീരുമാനങ്ങളെ സൂക്ഷമമായി നിരീക്ഷിക്കുകയാണ്.

ഇംഗ്ലീഷിലുള്ള ലേഖനം വായിക്കാൻ- ഇവിടെ ക്ലിക്ക് ചെയ്യുക


(സ്വതന്ത്ര പത്രപ്രവർത്തകനാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

First published: October 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...