• HOME
 • »
 • NEWS
 • »
 • opinion
 • »
 • K-Rail Protest | കെ-റെയിൽ പ്രതിഷേധം: ജനങ്ങളോട് സർവേ കല്ലുകൾ പിഴുത് മാറ്റരുതെന്ന് പറയാൻ സർക്കാരിന് എന്ത് അർഹതയാണുള്ളത്?

K-Rail Protest | കെ-റെയിൽ പ്രതിഷേധം: ജനങ്ങളോട് സർവേ കല്ലുകൾ പിഴുത് മാറ്റരുതെന്ന് പറയാൻ സർക്കാരിന് എന്ത് അർഹതയാണുള്ളത്?

LARR നിയമം അനുസരിച്ച്, സാമൂഹിക ആഘാത പഠനം നടത്തിയതിന് ശേഷം സർവേയുടെ ഘട്ടത്തിൽ മാത്രമേ സ്വകാര്യ ഭൂമിയിൽ കുഴിയെടുക്കുകയോ അടയാളങ്ങൾ സ്ഥാപിക്കുകയോ ചെയ്യാവൂ. അപ്പോഴും, ഭൂമിയുടെ ഉടമസ്ഥന് സർവേ തുടങ്ങുന്നതിന് 60 ദിവസത്തിന് മുമ്പെങ്കിലും അറിയിപ്പ് നൽകിയിരിക്കണം. സർവേ സമയത്ത് ഹാജരാകാൻ സമയം നൽകിയിട്ടുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം.

K-Rail

K-Rail

 • Share this:
  ശ്രീജിത്ത് പണിക്കർ

  കേരള സർക്കാർ തങ്ങളുടെ അഭിമാന പദ്ധതിയായി വിശേഷിപ്പിക്കുന്ന സെമി-ഹൈസ്പീഡ് റെയിൽ പ്രോജക്റ്റ് കെ-റെയിൽ സിൽവർലൈൻ (K-Rail SilverLine) പ്രഖ്യാപിച്ചത് മുതൽ പ്രതിപക്ഷ പാർട്ടികളിലും പരിസ്ഥിതി വിദഗ്ധരിലും പഠന സംഘങ്ങളിലും ഇത് സംബന്ധിച്ച് അമർഷം ഉയരുന്നുണ്ട്. നേരിയ എതിർപ്പ് എന്ന നിലയിൽ തുടക്കത്തിൽ സർക്കാർ ചില പ്രതിഷേധങ്ങളെ അവഗണിച്ചെങ്കിലും ഏതാനും ആഴ്‌ചകൾക്കുള്ളിൽ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധമുള്ള ജനരോഷത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചു. സ്വകാര്യ ഭൂമിയിൽ സർവേ കല്ലുകൾ സ്ഥാപിച്ചത് പൊതുജനങ്ങളെ രോഷാകുലരാക്കിയപ്പോൾ തീവ്രവാദ സംഘടനകളുടെ പിന്തുണയുള്ള ആളുകളാണ് സർവ്വേ കല്ലുകൾ പിഴുതു മാറ്റുന്നതെന്ന, മന്ത്രിയുടെ വിവാദ പ്രസ്താവന ജനരോഷം ആളിക്കത്തിച്ചു.

  എന്തിനാണ് പോലീസും റവന്യൂ വകുപ്പും ചേർന്ന് സർവേ കല്ലുകൾ സ്ഥാപിച്ചത്? സാമൂഹിക ആഘാത പഠനത്തിന് വേണ്ടിയാണോ? അലൈൻമെന്റ് പഠനത്തിനോ ഭൂസർവേയ്ക്കോ വേണ്ടിയാണോ? അതോ ഭൂമി ഏറ്റെടുക്കലിന് വേണ്ടിയായിരുന്നോ? പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തുന്നതിനാണ് ഇപ്പോഴത്തെ സർവേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുന്നത് വരെ ഇതിന്റെ കാരണം വ്യക്തമായിരുന്നില്ല. എന്നാൽ, ഈ വിശദീകരണം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്തത്.

  Also Read- K Rail | സജി ചെറിയാനെത്തി നഷ്ടപരിഹാരം ഉറപ്പു നല്‍കി; പിഴുതെറിഞ്ഞ സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പുനഃസ്ഥാപിക്കും

  സാമൂഹിക ആഘാത പഠനത്തിലൂടെ ആരംഭിക്കുന്ന, തുടർച്ചയായ ഒരു പ്രക്രിയയാണ് ഭൂമി ഏറ്റെടുക്കൽ. സാമൂഹിക ആഘാത പഠനം നടത്തിയതിന് ശേഷം സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇത് അവലോകനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശകൾ സർക്കാരിന് നൽകുകയും വേണം. തുടർന്ന് സർക്കാർ, ജില്ലാ ഭരണകൂടങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ഭൂമി നഷ്ടപ്പെടുന്ന ആളുകളുടെ ഉപജീവന മാർഗങ്ങളുമായി ബന്ധപ്പെട്ട മറ്റ് നിരവധി ഘടകങ്ങൾ പരിഗണിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്കായി ഏറ്റവും കുറവ് ഭൂമി ഏറ്റെടുക്കുന്ന വിധത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുകയും വേണം.

  കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഈ മാനദണ്ഡങ്ങൾ പാലിച്ചോ? ഇല്ലെന്ന് തന്നെ പറയാം

  സർവ്വേ കല്ല് സ്ഥാപിക്കൽ

  സാമൂഹിക ആഘാത പഠനത്തിനും ഭൂമി ഏറ്റെടുക്കലിനുമായി ഒക്ടോബറിൽ സംസ്ഥാന സർക്കാർ ഒരു ഉത്തരവ് പുറത്തിറക്കി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം (Right to Fair Compensation and Transparency in Land Acquisition, Rehabilitation, and Resettlement Act of 2013 - LARR Act) അനുസരിച്ചുള്ളതാണ് ഈ നടപടികളെന്ന് ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ, സാമൂഹിക ആഘാത പഠനം നടത്തുന്നതിനായി സർവേ കല്ലുകൾ സ്ഥാപിക്കണമെന്ന് ഈ നിയമം അനുശാസിക്കുന്നില്ല. പഠനം നടത്തുന്ന ഭൂമിയിൽ കുഴിയെടുക്കാനോ അടയാളങ്ങൾ സ്ഥാപിക്കാനോ പോലും ഇത് ആവശ്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ സാമൂഹിക ആഘാത പഠനത്തിന്റെ മറവിൽ സർക്കാർ സ്വകാര്യ ഭൂമിയിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്.

  മാർച്ച് 28 ന്, സർവേ കല്ലുകൾ സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തെ കേരള ഹൈക്കോടതി ചോദ്യം ചെയ്തു.

  തദ്ദേശസ്ഥാപനങ്ങളുമായുള്ള കൂടിയാലോചനയും പൊതു അറിയിപ്പുകളും

  LARR നിയമത്തിലെ ഭാഗം 2 വകുപ്പ് 4(1), ഭാഗം 2 വകുപ്പ് 4(2) എന്നിവയിൽ യഥാക്രമം തദ്ദേശ സ്ഥാപനങ്ങളുമായി കൂടിയാലോചിക്കുന്നതും പദ്ധതി ബാധിത പ്രദേശങ്ങളിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്നതും സംബന്ധിച്ച് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ കൂടിയാലോചിച്ചിട്ടില്ലെന്ന് ജനപ്രതിനിധികൾ തന്നെ പരസ്യമായി അവകാശപ്പെടുന്നു. സർവേ കല്ലുകൾ കണ്ട് സ്തബ്ധരായ ജനങ്ങളാണ് ഇക്കാര്യങ്ങൾ ജനപ്രതിനിധികളെ അറിയിക്കുന്നത്. ബാധിത പ്രദേശങ്ങളിൽ അറിയിപ്പുകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാനുള്ള അവസരമാണ് ആളുകൾക്ക് നിഷേധിക്കുന്നത്.

  പൊതുജനാഭിപ്രായ ശേഖരണം

  പ്രസ്തുത നിയമത്തിലെ 5-ാം വകുപ്പ് പ്രകാരം, “പദ്ധതി ബാധിത പ്രദേശത്ത് പൊതുജനാഭിപ്രായ ശേഖരണം നടത്തുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണം. അതിന്റെ തീയതി, സമയം, സ്ഥലം എന്നിവ മുൻകൂട്ടി നിശ്ചയിച്ച് പരസ്യപ്പെടുത്തണം. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുകയും അത് സാമൂഹിക ആഘാത പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും വേണം". അതായത്, പിണറായി സർക്കാർ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിന് പകരം, പദ്ധതി ബാധിത പ്രദേശങ്ങളിൽ സാമൂഹിക ആഘാത പഠനം സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ജനങ്ങളെ ഹിയറിംഗിനായി ക്ഷണിക്കുകയും ചെയ്യണമായിരുന്നു. ഈ നടപടികൾ പാലിക്കാതെ കല്ലുകൾ സ്ഥാപിച്ചത് പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ് ചെയ്തത്.

  ഭൂസർവേയും ഭൂമി ഏറ്റെടുക്കലും

  LARR നിയമം അനുസരിച്ച്, സാമൂഹിക ആഘാത പഠനം നടത്തിയതിന് ശേഷം സർവേയുടെ ഘട്ടത്തിൽ മാത്രമേ സ്വകാര്യ ഭൂമിയിൽ കുഴിയെടുക്കുകയോ അടയാളങ്ങൾ സ്ഥാപിക്കുകയോ ചെയ്യാവൂ. അപ്പോഴും, ഭൂമിയുടെ ഉടമസ്ഥന് സർവേ തുടങ്ങുന്നതിന് 60 ദിവസത്തിന് മുമ്പെങ്കിലും അറിയിപ്പ് നൽകിയിരിക്കണം. സർവേ സമയത്ത് ഹാജരാകാൻ സമയം നൽകിയിട്ടുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം. ഒരാളുടെ ഭൂമിയിൽ ബലം പ്രയോഗിച്ച് കടക്കുന്ന സാഹചര്യത്തിൽ പോലും ഭൂമിയുടെ ഉടമയ്ക്ക് കുറഞ്ഞത് ഏഴ് ദിവസം മുമ്പ് തന്നെ സർക്കാർ രേഖാമൂലം അറിയിപ്പ് നൽകിയിരിക്കണം.

  Also Read- Pension Row| ജനങ്ങൾ എന്തിന് രാഷ്ട്രീയക്കാരെ പെൻഷൻ കൊടുത്ത് തീറ്റിപ്പോറ്റണം?

  ഇതിൽ നിന്ന് സാമൂഹിക ആഘാത പഠനം, സർവേ, ഭൂമി ഏറ്റെടുക്കൽ എന്നിവയ്ക്കായി LARR നിയമം അനുശാസിക്കുന്ന കാര്യങ്ങൾ കേരള സർക്കാർ നടപ്പിലാക്കിയിട്ടില്ലെന്ന് വ്യക്തമാകും. എന്തിനാണ് തങ്ങളുടെ ഭൂമിയിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നത് എന്നതിനെക്കുറിച്ച് ജനങ്ങൾക്ക് ഔദ്യോഗികമായ അറിയിപ്പുകളൊന്നും നൽകാത്ത സാഹചര്യത്തിൽ കല്ലുകൾ പിഴുതെറിഞ്ഞവർക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്?

  LARR നിയമത്തിലെ മുകളിൽ പറഞ്ഞ വ്യവസ്ഥകൾ വളരെ പ്രധാനപ്പെട്ടവയാണ്. എന്നാൽ ഇവയൊന്നും പിന്തുടരാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടില്ല.

  ജനരോഷം കുറയ്ക്കുന്നതിനായി ഇടത് സർക്കാർ സംസ്ഥാനത്തുടനീളം സർവേ കല്ലുകൾ സ്ഥാപിക്കുന്നത് നിർത്തിവെച്ചേക്കാം. എന്നിട്ട് LARR നിയമം അനുശാസിക്കുന്ന പോലെ സാമൂഹിക ആഘാത പഠനത്തിൽ തുടങ്ങി നടപടികൾ പുനഃരാരംഭിക്കാം. തുടർന്ന് പബ്ലിക് ഹിയറിങിൽ ജനങ്ങൾക്ക് തങ്ങളുടെ ആശങ്കകൾ അറിയിക്കാം. പദ്ധതിയുടെ പാരിസ്ഥിതികവും സാമ്പത്തികവും സാങ്കേതികവുമായ ആഘാതം, നഷ്ടപരിഹാരം സംബന്ധിച്ച വ്യക്തതയില്ലായ്മ, ബഫർ സോണിൽ ഉൾപ്പെട്ട ഭൂമിയുടെ വായ്പാ തിരിച്ചടവ് എന്നിവയെക്കുറിച്ചെല്ലാം ആശങ്കകൾ ഉന്നയിക്കാം. ഈ പബ്ലിക് ഹിയറിങ് പിണറായി വിജയൻ സർക്കാർ ഭയപ്പെടുന്നതുപോലെ സിൽവർലൈൻ പദ്ധതിയുടെ ജനഹിതപരിശോധനയായി മാറിയേക്കാം.

  (രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകൻ. മണികൺട്രോളിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷയാണിത്. ഈ ലേഖനത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ വ്യക്തിപരമാണ്. ഈ സ്ഥാപനത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല)
  First published: