• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

ആ വെടിയുണ്ടകൾക്ക് ഒരു വയസ്: ഗൗരി ലങ്കേഷ് കൊലക്കേസ് - ചുരുളഴിഞ്ഞത് ഇങ്ങനെ


Updated: September 4, 2018, 9:53 PM IST
ആ വെടിയുണ്ടകൾക്ക് ഒരു വയസ്: ഗൗരി ലങ്കേഷ് കൊലക്കേസ് - ചുരുളഴിഞ്ഞത് ഇങ്ങനെ

Updated: September 4, 2018, 9:53 PM IST
ഡി.പി സതീഷ്

ബംഗളുരു: 2017 സെപ്റ്റംബർ അഞ്ച് വൈകുന്നേരം. പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ്, എഡിറ്ററായ 'ഗൗരി ലങ്കേഷ് പത്രികെ' വാരികയുടെ എഡിറ്റിങ് ജോലികൾ പൂർത്തിയാക്കി കാറിൽ വീട്ടിലേക്ക് പോകുന്നു. മൈസുരു റോഡിലെ രാജേശ്വരി നഗരയിലെ വീട്ടിൽ ഒറ്റയ്ക്കാണ് അവർ താമസിച്ചിരുന്നത്. നഗരത്തിലെ പൊതുപരിപാടികളിലും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്കളിലെയും സജീവ സാന്നിദ്ധ്യമായിരുന്ന ഗൗരി ലങ്കേഷ് അന്ന് പ്രത്യേകിച്ച് പരിപാടികളൊന്നും ഇല്ലാതിരുന്നതിനാലാണ് നേരെ വീട്ടിലേക്ക് തിരിച്ചത്. എന്നാൽ അത് തന്റെ അവസാനദിവസമായിരിക്കുമെന്ന് അവർ അറിഞ്ഞിരുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകൾ ഗൗരി ലങ്കേഷിന് ഒരുപാട് ശത്രുക്കളെ നേടിക്കൊടുത്തിരുന്നു. നക്സൽ പ്രവർത്തകരോടുള്ള അവരുടെ അനുകമ്പയും പലർക്കും അവരോടുള്ള എതിർപ്പിന് കാരണമായിരുന്നു.

തിരക്കേറിയ മൈസുരു റോഡിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ആർആർ നഗരയിലെ വീട്ടിന് മുന്നിൽ കാർ നിർത്തി ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നു. പെട്ടെന്ന് അവിടേക്ക് ബൈക്കിൽ എത്തിയ മുഖംമൂടി ധരിച്ച അക്രമണകാരി അവരുടെ നേർക്ക് നിറയൊഴിക്കുന്നു. പരിക്കേറ്റ ഗൗരി ലങ്കേഷ് രക്ഷപ്പെടാനായി വീട്ടിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നു. എന്നാൽ അപ്പോഴേക്കും രണ്ടുതവണ കൂടി അവർക്ക് വെടിയേൽക്കുന്നു. ഗൗരി ലങ്കേഷ് തൽക്ഷണം കൊല്ലപ്പെടുന്നു. വീട്ടിലെ വാതിലിന് പുറത്തായാണ് അവർ മരിച്ചുകിടന്നത്. ഘാതകർ പെട്ടെന്ന് ബൈക്കോടിച്ച് അവിടെനിന്ന് പോകുന്നു. സമയം അപ്പോഴേക്കും രാത്രി 8.40 ആയിരുന്നു.

അഞ്ച് മിനുട്ടുകൾക്കകം ടിവി ചാനലുകളിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട വാർത്തകൾ വന്നു തുടങ്ങി. വൈകാതെ സുഹൃത്തുക്കളും സഹപ്രവർത്തകരും ഗൗരി ലങ്കേഷിന്‍റെ വീട്ടിലേക്ക് എത്തിത്തുടങ്ങി. സംഭവത്തെത്തുടർന്ന് ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തെയും അതിന്‍റെ കാരണങ്ങളെയും കുറിച്ച് പല വ്യാഖ്യാനങ്ങളും വന്നുതുടങ്ങി. കൊലപാതകത്തിന് പിന്നിൽ തീവ്രഹിന്ദു സംഘടകളാണെന്നും അതല്ല നക്സൽ ഗ്രൂപ്പുകളാണെന്നും പ്രചരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് കൊലയെന്ന് വരെ ചിലർ പറഞ്ഞു.

 

ഗൗരിയുടെ അടുത്ത സുഹൃത്ത് കൂടിയായ മുഖ്യമന്ത്രി സിദ്ദരാമയ്യയെ ശരിക്കും ഞെട്ടിച്ച സംഭവമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഒട്ടും കാലതാമസമുണ്ടായില്ല.

കൊലപാതകക്കേസുകൾ തെളിയിക്കുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യമുള്ള രണ്ടു ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സിദ്ദരാമയ്യ ഇതിനായി നിയോഗിച്ചത്. അഡീഷണൽ കമ്മീഷണർ ബി.കെ സിങും ഡെപ്യൂട്ടി കമ്മീഷണർ എം.എൻ അനുചെത് എന്നിവരാണ് ഗൌരിലങ്കേഷ് കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Loading...

അവർ അന്വേഷണം ഗൗരവമായി എടുക്കുകയും മർമ്മപ്രധാനമായ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ തന്നെ നക്സൽ സംശയങ്ങൾ പൂർണമായി ഒഴിവാക്കുകയും തീവ്ര 'ഹിന്ദുത്വ' സംഘടനകളെ ആധാരമാക്കി അന്വേഷണം മുന്നോട്ടു കൊണ്ടു പോകുകയും ചെയ്തു. ഇത് ചില വിമർശനങ്ങൾക്ക് വഴി വെച്ചു. എന്നാൽ, അത് ഒരുതരത്തിലും അന്വേഷണം വഴി തെറ്റിച്ചില്ല.പ്രത്യേക അന്വേഷണസംഘം മാസങ്ങളോളം ഇരുട്ടിൽ തപ്പിയെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല. അന്വേഷണത്തിന്‍റെ ഭാഗമായി ലക്ഷക്കണക്കിന് ടെലഫോൺ കോളുകളാണ് പരിശോധിച്ചത്, സംശയം തോന്നിയ ആയിരക്കണക്കിന് ആളുകളെ ചോദ്യം ചെയ്തു. എന്നാൽ അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. നിരാശയായിരുന്നു ഫലം. ചുരുക്കി പറഞ്ഞാൽ, വൈക്കോൽ കൂനയിൽ സൂചി തപ്പുന്നതിന് തുല്യമായിരുന്നു അന്വേഷണം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അന്വേഷണം സംബന്ധിച്ച് ആദ്യ വഴിത്തിരിവ് ഉണ്ടായത്. ഹോട്ടി മഞ്ജ എന്നറിയപ്പെടുന്ന നവീൻ കുമാർ നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ചതിന് അറസ്റ്റിലായതോടെ ആയിരുന്നു ഇത്. ഒരാഴ്ചത്തെ നിരന്തര ചോദ്യം ചെയ്യലിനു ശേഷമാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ഗൗരി ലങ്കേഷിന്‍റെ കൊലയാളികൾക്ക് സഹായം നൽകിയിരുന്നു എന്നാണ് ഇയാൾ സമ്മതിച്ചത്. തുട‍ർ‍ന്നുള്ള അന്വേഷണത്തിലേക്കുള്ള ചൂണ്ടുപലകയായിരുന്നു ഇത്. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്. എന്നാൽ, കൊലപാതകത്തിൽ പങ്കാളികളായവ‍ർക്ക് മറ്റുള്ള കൂട്ടാളികളെക്കുറിച്ച് വലിയ അറിവില്ലായിരുന്നു. അതുകൊണ്ടു തന്നെ, കൊലപാതകത്തിന്‍റെ ആസൂത്രണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിക്കേണ്ടതായി വന്നു.

എം ബി സിംഗ്, എൻ അനുചേത് എന്നിവരുടെ സംഘം ഒരാളിൽ നിന്ന് അടുത്തയാളിലേക്ക് എത്തി മൂന്നുമാസം കൊണ്ടാണ് യഥാർത്ഥ കൊലയാളിയിലേക്ക് എത്തിയത്. പരശുറാം വാഗ്മെയർ എന്ന 25 വയസുകാരൻ ആയിരുന്നു കൊലയാളി. ഉത്തര കർണാടകയിലെ ബിജാപുര ജില്ലയിലെ സിന്ധഗി എന്ന ടൗണിൽ നിന്നുള്ളയാളാണ് ഇയാൾ. ഇവിടെ ചെറിയ ഒരു ഷോപ്പ് നടത്തിവരുന്ന പരശുറാം, സനാതൻ സൻസ്ത, ശ്രീരാമ സേന എന്നീ തീവ്രസംഘടനകളുടെ സജീവപ്രവർത്തകനായിരുന്നു.

കൂടുതൽ അന്വേഷണങ്ങൾക്കായി ബംഗളൂരുവിലെ സി ഐ ഡി ഹെഡ് ക്വാർട്ടേഴ്സിലെ എസ് ഐ ടി ഓഫീസിൽ എത്തിച്ചു. എന്നാൽ, ഇയാൾക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിഷേധിക്കുകയാണ് ചെയ്തത്. ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ഗൗരി ലങ്കേഷിനെ കൊല്ലാൻ തനിക്ക് നി‍ർദ്ദേശം ലഭിക്കുകയായിരുന്നെന്ന് ഇയാൾ തുടർന്നുള്ള ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൊലപാതകത്തിൽ പങ്കാളികളായ മറ്റുള്ളവരുടെ പേര് ഇയാൾ പൊലീസിന് നൽകുകയും ചെയ്തു.​

അന്വേഷണത്തെ വഴിതെറ്റിക്കുന്നതിനായി കൊലപാതക സംഘം മുൻകൂട്ടി നടത്തിയ ആസൂത്രണങ്ങളും പൊലീസിനെ ആശ്ചര്യപ്പെട്ടുത്തി. ''എല്ലാവരും അക്ഷരാഭ്യാസം കുറഞ്ഞവരായിരുന്നു. ലോകവീക്ഷണവും കുറവ്. എന്നാല്‍ നന്നായി ആസൂത്രണം ചെയ്തശേഷമായിരുന്നു കൊലപാതകം നടത്തിയത്. അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനുള്ള എല്ലാതരത്തിലുള്ള മുൻകരുതലും അവർ എടുത്തിരുന്നു. ഗൗരി ലങ്കേഷിന്റെ വീട്ടിലേക്ക് എത്താൻ സിസിടിവി ക്യാമറകളില്ലാത്ത വഴികൾ തെരഞ്ഞെടുത്തു. കൊലപാതകത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ നഗരം വിടുകയും ചെയ്തു. അവരുടെ പെരുമാറ്റത്തിൽ പോലും സംശയിക്കത്തക്കതായി യാതൊന്നും ഉണ്ടായിരുന്നില്ല. അതീവസൂക്ഷ്മതയോടുള്ള കൊലപാതകസംഘത്തിന്‍റെ പ്രവർത്തനത്തെക്കുറിച്ചുള്ള അറിവ് ശരിക്കും ഞെട്ടിച്ചുവെന്ന്- പ്രത്യേക അന്വേഷ സംഘത്തിലെ ഒരു പൊലീസ് ഓഫീസർ പറഞ്ഞു.

ഗൗരിയെ കൊന്നത് വാഗ്മയറാണെന്ന കാര്യത്തിലും ഒരു വർഷം മുൻപേ ആസൂത്രണം ചെയ്തിരുന്നതാണെന്ന കാര്യത്തിലും സംശയമേയില്ലെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. കൊലപാതകത്തിന് പിന്നിലെ പ്രധാന സൂത്രധാരനെ കിട്ടിയാൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഗൗരിയുടെ കൊലപാതകി ശ്രീരാമസേനാംഗമാണെന്ന വാദം സംഘടനയുടെ സ്ഥാപകൻ പ്രമോദ് മുത്താലിക് തള്ളിക്കളയുന്നു. ആർ.എസ്.എസ് പ്രവർത്തകനാണ് വാഗ്മെയറെന്നും അദ്ദേഹം പറയുന്നു. എന്നാൽ ആർ.എസ്.എസ് ഈ ആരോപണത്തെ തള്ളിക്കളയുകയാണ്.

കർണാടക സർക്കാരിന്റെ അതീവശ്രദ്ധയോടെയുള്ള അന്വേഷണം മഹാരാഷ്ട്രയിലെ ദബോൽ‌ക്കറുടെയും പൻസാരെയുയും കൊലപാതകത്തിന്റെ കാര്യത്തിലും യുക്തിപരമായ തീരുമാനത്തിലേക്കെത്താൻ കാരണമായി. മഹാരാഷ്ട്ര പൊലീസ് ബംഗളൂരുവിലെത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഈ കൊലപാതങ്ങളെല്ലാം തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. വർഷങ്ങളായി മരവിച്ചുകിടന്ന മഹാരാഷ്ട്രയിലെ കൊലപാതങ്ങളുടെ അന്വേഷണത്തിലും ചില വഴിത്തിരിവുകളുണ്ടായി. പൂനെയിലുള്ള എഞ്ചിനീയർ അമോൽ കാലെ, അമിത് ദിക്വേകർ എന്നിവരാണ് ഗൗരി ലങ്കേഷിന്റെയും കൽബുർഗിയുടെയും പൻസാരെയുടെയും ദബോൽക്കരുടെയും കൊലപാതകങ്ങൾക്ക് പിന്നിലെ സൂത്രധാരകർ എന്നാണ് പൊലീസ് വിശ്വസിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ കോടതി അംഗീകരിച്ചാൽ‌ കൊലപാതകികൾക്ക് തൂക്കുകയർ ലഭിക്കുകയും ഗൗരിക്ക് നീതി ലഭിക്കുകയും ചെയ്യും. അവൾ തുല്യ അളവിലാണ് എല്ലാവരെയും സ്നേഹിച്ചിരുന്നത്. അവൾ ധൈര്യശാലിയാണെന്നും നല്ല ബോധ്യങ്ങളുള്ള വ്യക്തിയാണെന്നും മിക്കവരും സമ്മതിക്കുന്നു. ജീവിതത്തിലെ അവസാനദിവസം വരെ അവളുടെ സ്വന്തം നിലയിൽ ജീവിച്ചു.

ഗൗരി ലങ്കേഷിന്‌ഖറെ കൊലപാതകം പ്രധാനവാർത്തയോ സംവാദത്തിനുള്ള വിഷയമോ അല്ലാതെയാകുന്ന വിധത്തിൽ ഈ ഒരുവർഷം കൊണ്ടു കർണാടക ഏറെ മുന്നോട്ടുപോയി. പക്ഷെ അവൾക്ക് അടുപ്പമുള്ളവർക്കെല്ലാം ആ നഷ്ടം എന്നന്നേക്കുമുള്ളതാണ്.
First published: September 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...