• HOME
 • »
 • NEWS
 • »
 • opinion
 • »
 • Opinion: ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന് നൽകുന്ന പാഠങ്ങൾ

Opinion: ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന് നൽകുന്ന പാഠങ്ങൾ

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് നൽകുന്ന പാഠങ്ങൾ നമ്മുടെ രാഷ്ട്രീയനേതൃത്വം മനസിലാക്കുകയും അവ ഉൾക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • News18
 • Last Updated :
 • Share this:
  അവസാനമായി ഗുജറാത്തിലെ ജനങ്ങൾ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ കോൺഗ്രസിന് വോട്ട് ചെയ്ത് വിജയിപ്പിച്ചത് 1985-ലാണ് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, 2015 പാർട്ടിക്ക് അൽപം ആശ്വാസം നൽകിയ വർഷമായിരുന്നു. 2014-ൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു കൊണ്ട് നരേന്ദ്രമോദി കേന്ദ്രത്തിലേക്ക് പോയി. 2015 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന പട്ടിദാർ സമരം ബി ജെ പി-യും അതിന്റെ പ്രധാന അടിത്തറയായിരുന്ന ജനവിഭാഗവുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി. ആ അവസരം മുതലെടുത്തു കൊണ്ട് കോൺഗ്രസിന് ഗുജറാത്തിലെ ഗ്രാമീണമേഖലകൾ തൂത്തുവാരാനും നഗരങ്ങളിലെ ബി ജെ പി-യുടെ വോട്ടിൽ കാര്യമായ കുറവ് ഉണ്ടാക്കാനും കഴിഞ്ഞു. 1980-ൽ ബി ജെ പി ആദ്യമായി വിജയത്തിന്റെ മധുരം അറിഞ്ഞ രാജ്കോട്ടിൽ കോൺഗ്രസുമായി ഏറെക്കുറെ സമാസമം നിൽക്കേണ്ട അവസ്ഥയുണ്ടായി. താലൂക്ക് പഞ്ചായത്തുകളിൽ കോൺഗ്രസ് 134 ഇടങ്ങളിൽ വിജയിച്ചപ്പോൾ ബി ജെ പി-യ്ക്ക് 67 സീറ്റുകളേ നേടാൻ കഴിഞ്ഞുള്ളു. ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിൽ 24 പഞ്ചായത്തുകളിൽ കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞപ്പോൾ ബി ജെ പി-യ്ക്ക് ലഭിച്ചത് ആറെണ്ണം മാത്രം.

  പിന്നീട് 2017-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 77 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞു. അതിൽ ഭൂരിപക്ഷവും ഗ്രാമീണ മേഖലകളിലെ മണ്ഡലങ്ങൾ ആയിരുന്നു. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം 2017-ൽ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. എന്നാൽ, ദീർഘകാലത്തേക്കുള്ള മടങ്ങിവരവ് എന്ന കോൺഗ്രസിന്റെ സ്വപ്നത്തിന് മങ്ങലേൽക്കുന്നതായാണ് 2021-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്നും വ്യക്തമാവുന്നത്.

  നഗരങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഏറെക്കുറെ പ്രതീക്ഷിച്ച നിലയിലായിരുന്നെങ്കിലും ഭൂരിപക്ഷം ബി ജെ പി പ്രതീക്ഷിച്ചതിലും അധികമായിരുന്നു. രാജ്കോട്ട്, അഹമ്മദാബാദ്, ഭാവ്നഗർ, വഡോദര, ജാംനഗർ എന്നിവിടങ്ങളിൽ ബി ജെ പി മൃഗീയ ഭൂരിപക്ഷം കൊയ്തു. സൂററ്റിൽ ഗംഭീര തിരിച്ചുവരവ് നടത്തുകയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. കോൺഗ്രസ് നേടിയ സീറ്റുകളുടെ പത്തിരട്ടി സീറ്റുകളിൽ വിജയം കൈവരിക്കാൻ ബി ജെ പി-ക്ക് കഴിഞ്ഞു.

  അടുത്ത വീട്ടിൽ കളിക്കാൻ പോയ മൂന്നാം ക്ലാസുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

  ഗ്രാമീണമേഖലയിലെ തെരഞ്ഞെടുപ്പ് ഫലമാണ് കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നത്. കോൺഗ്രസിന് എല്ലാ ജില്ലാ പഞ്ചായത്തുകളിലും പരാജയം രുചിക്കേണ്ടി വന്നു. താലൂക്ക് പഞ്ചായത്തുകളിലും മോശം പ്രകടനമാണ് കാഴ്ച വെച്ചത്.

  ഈ ജനവിധിയിലൂടെ ഗുജറാത്തിലെ ജനങ്ങൾ നൽകുന്ന സന്ദേശം പലവിധ മാനങ്ങളുള്ളതാണ്. അതിൽ പ്രധാനപ്പെട്ട കാര്യം ഗുജറാത്ത് ഉരുക്കു പോലെ നരേന്ദ്ര മോദിക്ക് ഒപ്പം നിൽക്കുന്നു എന്നത് തന്നെയാണ്. പ്രധാനമന്ത്രിയ്ക്കുള്ള പിന്തുണ വർദ്ധിച്ചു വരികയാണ്. മോദിക്ക് എതിരെയുള്ള നെഗറ്റീവ് ക്യാമ്പയിനുകൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കും എന്ന ധ്വനി കൂടി ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നു. പ്രധാനമന്ത്രിയ്ക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ നിരന്തരമായ പ്രചരണം തന്നെ ഉദാഹരണം. അത്തരം ക്യാമ്പയിനുകൾ ഗുജറാത്തിൽ ഒരിക്കലും ഫലം കാണാൻ പോകുന്നില്ല.

  താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

  ഈ തെരഞ്ഞെടുപ്പ് നൽകുന്ന മറ്റൊരു പ്രധാന സന്ദേശം ഭരണത്തിലിരിക്കുന്ന പാർട്ടി എന്ന നിലയിൽ ഗുജറാത്തിലെ ജനങ്ങളുടെ കണ്ണിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നതാണ്. 2015-ലെയും 2017-ലെയും വിജയങ്ങൾ കോൺഗ്രസിന് ഒരു ബദൽ നേതൃത്വത്തെയും ബി ജെ പി-യിൽ നിന്ന് വ്യത്യസ്തമായ വികസന മാതൃകയും രൂപപ്പെടുത്താനുള്ള അവസരം നൽകിയിരുന്നു.

  അടിസ്ഥാനപരമായ പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നുന്നതിനു പകരം നരേന്ദ്രമോദിയെ വ്യക്തിപരമായി വിമർശിക്കുന്നതിലും ബി ജെ പി-യ്ക്കെതിരെ നെഗറ്റീവ് ക്യാമ്പയിനുകൾ നടത്തുന്നതിലുമാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രവർത്തങ്ങളിലൂടെ മാതൃക കാണിക്കാതെ സ്വീകരിച്ച ഇത്തരം സമീപനത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നുതന്നെ കാണാം. കോൺഗ്രസിന്റെ എം എൽ എ-കൾ ജനങ്ങൾക്ക് ഏറെക്കുറെ അപ്രാപ്യരായി മാറിയിരുന്നു. 2015-ലും 2017-ലും ബി ജെ പി രംഗത്തേ ഉണ്ടാവാതിരുന്ന അംറേലി പോലെയുള്ള ജില്ലകളിൽ അവർക്ക് സ്വാധീനം ഉണ്ടാക്കിത്തുടങ്ങാൻ കഴിഞ്ഞതിൽ തെല്ലും അത്ഭുതമില്ല. അംറേലി പട്ടീദാർ സമുദായത്തിന്റെ ആധിപത്യമുള്ള ഒരു ഗ്രാമീണ ജില്ലയാണ്.

  ക്യാമ്പയിനുകളുടെ സമയത്തെ രാഷ്ട്രീയഭാഷണങ്ങൾക്ക് താഴെത്തട്ടിൽ നടത്തിയ പ്രവർത്തനങ്ങളുടെ പിന്തുണ അനിവാര്യമാണെന്നാണ് ഗുജറാത്ത് നൽകുന്ന പാഠം. 2015-ലെ അനുഭവം ഒരു പാഠമായി കണ്ട് പ്രവർത്തനശൈലിയിൽ വരുത്തിയ മാറ്റങ്ങളാണ് ബി ജെ പിയെ തുണച്ചത്. നേതാക്കൾ സജീവമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയും ഗ്രാമങ്ങളായ ഗ്രാമങ്ങൾ മുഴുവൻ തങ്ങളുടെ വികസന സമീപനത്തെക്കുറിച്ച് പ്രചരണം നടത്താനും ബി ജെ പിക്ക് കഴിഞ്ഞു.

  അതോടൊപ്പം പുതിയ കാർഷിക നിയമങ്ങളോടുള്ള ഗുജറാത്തിലെ ജനങ്ങളുടെ പ്രതികരണവും ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മനസിലാക്കാം. ചെറുകിട കർഷകർ ധാരാളമായുള്ള ഗ്രാമങ്ങളാണ് ഗുജറാത്തിലേത്. ഇന്ത്യയിലെ സമുന്നതനായ കർഷക നേതാവായിരുന്ന സർദാർ പട്ടേലിന്റെ പാത പിന്തുടരുന്ന ഗുജറാത്തിലെ കർഷകർ കാർഷികവൃത്തിയിൽ സാങ്കേതികവിദ്യയുടെ കടന്നുവരവിനെ എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. സഹകരണമേഖലയെ ആദ്യമായി സ്വാഗതം ചെയ്ത സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത് എന്നതുകൂടി ഓർക്കണം. മോദി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ വരൾച്ചാ ബാധിത പ്രദേശങ്ങളായിരുന്ന കച്ചിലും ബനസ്കന്തയിലും കാർഷികരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിയുടെ പ്രയത്നത്തിന്റെ ഫലമായാണ് കർഷകർ കരാർ കൃഷിയിൽ വിജയം വരിച്ചതും അവർക്ക് മികച്ച മാർക്കറ്റ് ലഭിച്ചതും ജലസേചന സൗകര്യങ്ങൾ മെച്ചപ്പെട്ടതുമൊക്കെ. അതുകൊണ്ടുതന്നെ കാർഷിക നിയമത്തിനെതിരെയുള്ള സമരങ്ങൾ ഗുജറാത്തിൽ ഫലമുണ്ടാക്കിയിട്ടില്ലെന്ന് കാണാം.

  മോദിയുടെ പ്രവർത്തനങ്ങളെ വൺ മാൻ ഷോ എന്ന നിലയിൽ ചിത്രീകരിച്ചുകൊണ്ട് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും വിമർശിക്കുന്നവരും ഒരുപോലെ കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്, അത് അദ്ദേഹം അസാമാന്യമായ സംഘടകശേഷിയുള്ള ഒരു വ്യക്തിയാണ് എന്നതാണ്. ദേശീയരാഷ്ട്രീയത്തിലേക്ക് മോദി പോയിട്ട് ഏഴ് വർഷങ്ങൾ കഴിഞ്ഞിട്ടും ബി ജെ പി ഗുജറാത്തിന്റെ രാഷ്ട്രീയഭൂമികയിൽ ആധിപത്യം നിലനിർത്തുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ മാർഗ്ഗനിർദേശങ്ങൾക്ക് കീഴിൽ ബി ജെ പി കൈവരിച്ച സംഘടനാപരമായ ശക്തിയുടെ തെളിവാണ്.

  കാമരാജിന് ശേഷം തമിഴ്നാട്ടിലും വൈ എസ് ആറിന് ശേഷം ആന്ധ്രയിലും വിലാസ്റാവു ദേശ്മുഖിന് ശേഷം മഹാരാഷ്ട്രയിലും കോൺഗ്രസ് തകർന്നത് എങ്ങനെയാണെന്ന് നമ്മൾ കണ്ടതാണ്. ഇതിന് വിപരീതമായി ബി ജെ പി ഗുജറാത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. മോദിയുടെ സംഘടനാപരമായ ജീനിയസിന്റെ നേർസാക്ഷ്യമാണ് അത്. പരമ്പരാഗതമായ ഒരു രാഷ്ട്രീയസമീപനം ജാതിവൈരുദ്ധ്യങ്ങളെ അടിസ്ഥാനപ്പെടുത്തി എടുക്കുന്ന തീരുമാനങ്ങളാണ്. സി ആർ പാട്ടീലിനെ സംസ്ഥാന യൂണിറ്റിന്റെ പ്രസിഡന്റ് ആക്കിയതിലൂടെ മോദി അതിൽ മാറ്റം വരുത്തി. അദ്ദേഹം ഏതെങ്കിലും ഉയർന്ന ജാതിയിൽ ജനിച്ച ആളല്ല. എന്നാൽ തന്റെ കേഡർമാരിൽ അദ്ദേഹം നിറച്ച ആത്മവിശ്വാസം സമാനതകളില്ലാത്തതാണ്. അത് ഈ വിജയങ്ങളെ തീർച്ചയായും സ്വാധീനിച്ചിട്ടുണ്ട്.

  ഗുജറാത്തിലെ തെരഞ്ഞെടുപ്പ് നൽകുന്ന പാഠങ്ങൾ നമ്മുടെ രാഷ്ട്രീയനേതൃത്വം മനസിലാക്കുകയും അവ ഉൾക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്.
  Published by:Joys Joy
  First published: