K.G George | സിനിമാ ഫ്രെയിമില്‍ ജീവിതം മുഴുവന്‍ കണ്ട കെ.ജി ജോര്‍ജ്
- Published by:Arun krishna
- news18-malayalam
Last Updated:
കാമുകിയുടെ വിവാഹ ശേഷം അവളെ കണ്ടു മുട്ടിയത് ഒരു സിനിമാ സീനില്‍ എന്ന പോലെയാണ് ഒരു അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞിട്ടുള്ളത്.
എസ് ബിനുരാജ്
ആരായിരുന്നു കെ ജി ജോര്‍ജ്ജിന്റെ പ്രസിദ്ധനായ അസിസ്റ്റന്റ്?.. അങ്ങനെ എടുത്തു പറയത്തക്ക ആരുമുണ്ടായിരുന്നില്ലെന്നതാണ് സത്യം. തനിക്ക് സിനിമയില്‍ ശിഷ്യന്‍മാരെയൊന്നും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജോര്‍ജ് തുറന്നു സമ്മതിച്ചിട്ടുമുണ്ട്. രാമു കാര്യാട്ടിന്റെ ശിഷ്യനായാണ് ജോര്‍ജ് സിനിമാ സംവിധാന രംഗത്തേക്ക് വരുന്നതെങ്കിലും അത് രണ്ട് ചിത്രങ്ങളിലൊതുങ്ങി. മലയാളത്തിലെ തന്റെ വ്യത്യസ്തമായ ശൈലി പിന്തുടരാന്‍ ഒരാളെയും ജോര്‍ജ് അനുവദിക്കാത്തത് ആണോ ?
“ജോർജ്ജിന് ആരോടും സെന്‍റിമെന്‍റ്സ് ഇല്ല. എന്നോടും ഇല്ല, മക്കളോടും ഇല്ല എന്റെ വീട്ടുകാരോട് ഇല്ല, ജോർജ്ജിന്റെ മാതാപിതാക്കളോടും ഇല്ല” ഇത് പറഞ്ഞത് സല്‍മാ ജോര്‍ജ് ആണ്.
advertisement
” പെണ്ണും സിനിമയും മാത്രമായിരുന്നു ജോർജ്ജിന് പ്രധാനം”. എന്നാണ് 8½ Intercuts: Life and Films of K.G. George എന്ന ഡോക്യുമെന്‍ററിയില്‍ സല്‍മ തുറന്നു പറയുന്നത്.
“ഞാൻ അങ്ങനെ ആയി പോയി സൽമ” എന്ന് ഒരു തരം നിസംഗതയോടെ സല്‍മയുടെ സാന്നിധ്യത്തില്‍ തന്നെ ജോര്‍ജ് സമ്മതിക്കുന്നു.
“സൽമയോട് മോശമായി പെരുമാറി. അവൾ കരഞ്ഞു”. എന്ന് കുറ്റസമ്മതം പോലെ ഒരു ഡയറിയിൽ ജോര്‍ജ് എഴുതിയതിന്റെ ദൃശ്യവും ഇതിൽ കാണിക്കുന്നുണ്ട്. താന്‍ വെട്ടിയ വ്യത്യസ്തമായ സിനിമാ വഴിയിലൂടെ ആരെയും കൈപിടിച്ച് നടത്താത്തതിന് പിന്നിലും ജോര്‍ജ്ജിന്റെ ഈ നിര്‍മമത തന്നെയാവണം കാരണം. ജോര്‍ജ്ജിന്റെ ശിക്ഷണത്തില്‍ ഒന്നോ രണ്ടോ സംവിധായകര്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറെയെങ്കിലും വ്യത്യസ്തമായ ചിത്രങ്ങള്‍ മലയാളത്തിലുണ്ടാകുമായിരുന്നു.
advertisement
തന്റെ ജീവിതത്തിലുണ്ടായ പ്രണയത്തെയും വളരെ നിസാരമെന്ന മട്ടില്‍ മറന്നു പോകുന്നുണ്ട് ജോര്‍ജ് അവസാനമായി വിവാഹിതയായ കാമുകിയെ കാണുന്ന രംഗം പോലും ഒരു സിനിമാ ഫ്രെയിം ആണ് ജോര്‍ജ്ജിന്. മൂന്ന് വര്‍ഷം തീവ്രമായി പ്രണയിച്ച ശേഷമാണ് ജോര്‍ജ്ജ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാനായി പൂനെയിലേക്ക് പോകുന്നത്. ജോര്‍ജ്ജിന് അത് പുതിയ ലോകമായിരുന്നു. ആ ലോകത്തില്‍ ജോര്‍ജ് പൂര്‍ണമായും കാമുകിയെ മറക്കുന്നു. ഹിപ്പികള്‍, ഹാലുസിനേഷന്‍, ഡ്രഗ്സ്, മദ്യം എന്നിങ്ങനെയുള്ള അരാജകമായ എഴുപതുകളുടെ കാലമായിരുന്നു അത്. ആ ഒഴുക്കിനൊപ്പം അറിയാതെ ജോര്‍ജ്ജും നീന്തി .എല്‍ എസ് ഡി വരെ ജോര്‍ജ് അക്കാലത്ത് ഉപയോഗിച്ചിരുന്നു. അതോടെ ജോര്‍ജ്ജിലെ കാമുകന്‍ മരിച്ചു. കാമുകി തുടര്‍ച്ചയായി കത്തുകളെഴുതിയിരുന്നു. പിന്നീട് അവള്‍ തന്റെ വിവാഹ വാര്‍ത്തയാണ് ജോര്‍ജ്ജിനെ അറിയിക്കുന്നത്.
advertisement
കാമുകിയുടെ വിവാഹ ശേഷം അവളെ കണ്ടു മുട്ടിയത് ഒരു സിനിമാ സീനില്‍ എന്ന പോലെയാണ് ഒരു അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞിട്ടുള്ളത്. യാഥാര്‍ത്ഥ്യത്തിന്റെ ആത്മാര്‍ത്ഥ ഭാവങ്ങള്‍ എന്ന തലക്കെട്ടിലാണ് കെ ബി വേണു നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചത്.
“ഞാനും എന്റെ ക്ലാസ്മേറ്റ് ഹരിയാനക്കാരനായ സുരേന്ദ്ര ചൗധരിയും ഒരു പാര്‍ക്കില്‍ ഇരിക്കുകയായിരുന്നു. സമയം സന്ധ്യയോടടുക്കുന്നു. ഞങ്ങള്‍ക്ക് മുന്നിലൂടെ ഒരു സ്ത്രീയും പുരുഷനും നടന്നു പോയി. എന്റെ കാമുകിയും ഭര്‍ത്താവുമായിരുന്നു അത്. അവസാനത്തെ സൂര്യകിരണങ്ങള്‍ അവരുടെ രൂപങ്ങള്‍ക്ക് ബാക്ക് ലൈറ്റ് ഒരുക്കിയിരുന്നു. ഞാന്‍ അസ്വസ്ഥനായി. വേഗത്തില്‍ നടന്ന് അവര്‍ക്ക് പിറകിലെത്തി. ഞാന്‍ അവളുടെ പേര് വിളിച്ചു. എന്റെ ശബ്ദം കേട്ട് അവള്‍ പിടയുന്നത് പോലെ എനിക്ക് തോന്നി. എങ്കിലും അവള്‍ തിരിഞ്ഞു നിന്നു. ‘ഇത് ജോര്‍ജ് ‘. അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു. ‘ഞാന്‍ പറഞ്ഞിട്ടില്ലേ, എന്റെ സ്നേഹിതന്‍’. ഞങ്ങള്‍ അല്‍പ്പദൂരം ഒരുമിച്ച് നടന്നു. പിന്നെ യാത്ര പറഞ്ഞു പിരിഞ്ഞു. അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ അവര്‍ നടന്നു പോയി. That’s my last image of it…”
advertisement
ശ്രീവിദ്യയുമായുള്ള ബന്ധത്തെ ചൊല്ലി ജോര്‍ജ്ജുമായി സല്‍മ വഴക്കിട്ടിരുന്നുവെന്ന് ആത്മകഥ എന്ന് വിശേഷിപ്പിക്കാവുന്ന ഫ്ലാഷ്ബാക്ക് എന്ന ഓര്‍മ്മക്കുറിപ്പില്‍ ജോര്‍ജ് പറയുന്നുണ്ട്. ശ്രീവിദ്യയുമായി സംവിധായകനും നടിയുമെന്നതിലുപരി ബന്ധം സൂക്ഷിച്ചിരുന്നുവെന്ന് ജോര്‍ജ് ഇതില്‍ സമ്മതിക്കുന്നുണ്ട്. പരസ്പരം ഒരു അഫക്ഷന്‍ തോന്നിയിരുന്നുവെങ്കിലും അത് പ്രണയമായിരുന്നില്ലെന്നാണ് ജോര്‍ജ് പറയുന്നത്. എന്നാല്‍ പലരും തങ്ങളെ സംശയിച്ചു. ശ്രീവിദ്യയുമായി എന്താണ് ബന്ധമെന്ന് അടുപ്പമുള്ളവര്‍ ജോര്‍ജ്ജിനോട് തുറന്നു ചോദിച്ചു.
“ഞങ്ങളുടേത് വലിയ സുഹൃദ്ബന്ധമായിരുന്നു. ഒരുമിച്ച് പലയിടത്തും പോയിട്ടുണ്ട്. സിനിമയ്ക്കും മറ്റും. പലയിടുത്തും പോകുമ്പോള്‍ ഞാന്‍ വരുന്നോ എന്ന് തിരക്കും. അവര്‍ എന്റെ സൗഹൃദം നന്നായി ആഗ്രഹിച്ചിരുന്നു. ഞാനും. അതാവും തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കിയത്. പലയിടത്തും ഒരുമിച്ചു കാണുകയും സഞ്ചരിക്കുകയും ചെയ്യുന്നത് കാണുന്നവരില്‍ അത്തരം സംശയം സ്വാഭാവികമാണ്”.
advertisement
സ്വപ്നാടനത്തിന്റെ ചിത്രീകരണ വേളയില്‍ പാടാന്‍ അവസരം ചോദിച്ച് സല്‍മ ജോര്‍ജ്ജിനെ സമീപിച്ചിരുന്നു. അന്നാണ് അവര്‍ ആദ്യമായി കാണുന്നത്. പിന്നീട് ജോര്‍ജ്ജിന്റെ വ്യാമോഹം എന്ന പടത്തിലാണ് സല്‍മ പാടുന്നത്. ഇളയരാജ ആദ്യമായി ഈണമിട്ട മലയാള ചലച്ചിത്രം.
സൽമ ഒരു പിന്നണി ഗായികയാവാൻ ആഗ്രഹിച്ചിരുന്നു. പാപ്പുക്കുട്ടി ഭാഗവതരുടെ മകൾക്ക് ഒരു ഗായികക്ക് വേണ്ട കഴിവുകളും ഉണ്ടായിരുന്നു. ജോര്‍ജ്ജിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പന്ത്രണ്ടോളം ചിത്രങ്ങളില്‍ സല്‍മ പാടി. വൃന്ദാവനം എന്ന ചിത്രത്തില്‍ എം കെ അര്‍ജ്ജുനന്റെ സംഗീതത്തിലും സല്‍മ പാടിയിട്ടുണ്ട്.
advertisement
” കലയെ സ്നേഹിക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചത്, ഒരു കലാകാരനെ വിവാഹം കഴിക്കാൻ ഒരിക്കലും ഞാൻ താല്പര്യപ്പെട്ടില്ല. പക്ഷേ ജോർജ്ജിനെ വിവാഹം കഴിച്ചാൽ സിനിമയിൽ പാടാൻ അവസരങ്ങൾ കൂടുതൽ കിട്ടുമെന്ന് അപ്പൻ പറഞ്ഞു. അങ്ങനെ ജോർജ്ജിനെ വിവാഹം കഴിച്ചു”.
പക്ഷേ സൽമയുടെയും പാപ്പുക്കുട്ടി ഭാഗവതരുടെയും കണക്കു കൂട്ടലുകൾ തെറ്റി.
“ജോർജുമായുള്ള വിവാഹശേഷം പ്രമുഖ സംവിധായകനായിരുന്നിട്ടു പോലും സൽമയെക്കൊണ്ടു പാടിക്കൂ എന്നദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പ്രകൃതം അങ്ങനെയായിരുന്നു. ഭാഗ്യംകൊണ്ടാണ് എം.ബി.ശ്രീനിവാസനെപ്പോലെയും ദേവരാജൻ മാഷിനെപ്പോലെയുമുള്ള പ്രഗത്ഭരുടെ കീഴിൽ പാടാനായത്. ‘ശരദിന്ദു’ ഇന്നും ആളുകളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു”.ഒരു അഭിമുഖത്തിൽ സൽമ പറഞ്ഞതാണിത്.
മദ്രാസിൽ ജോർജ്ജിന്റെ കൂട്ടുകാർ എത്തുമ്പോൾ വച്ചു വിളമ്പാൻ മാത്രമല്ല പാട്ട് പാടാനും സൽമ തന്നെ വേണമായിരുന്നു. “മദിരാശിയിലെ ക്രിസ്മസിന് ജോർജിന്റെ കൂട്ടുകാരായ അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും ഭരതനുമൊക്കെ വരും. പാട്ടാണു പ്രധാനം. ഞാൻ ആദ്യം തുടങ്ങിവയ്ക്കണം. അടുക്കളയിലെ തിരക്കുകൾക്കു നടുവിൽ നിന്നും ഓടിവന്നു പാടും….”
സിനിമയിലെ ഫെമിനിസ്റ്റ് ജീവിതത്തിൽ ഫെമിനിസ്റ്റ് ആകണം എന്നില്ല എന്ന് കൂടിയാണ് ജോര്‍ജ്ജിന്റെ ജീവിതം കാണിച്ചു തരുന്നത്. ചില പരാജയങ്ങള്‍ക്ക് ശേഷം മദിരാശി വിട്ട് തിരുവനന്തപുരത്ത് താമസമാക്കുമ്പോള്‍ ജോര്‍ജ്ജിന്റെ സാമ്പത്തിക നില ഭദ്രമാക്കിയത് സല്‍മ നടത്തിയ ബ്യൂട്ടി പാര്‍ലറായിരുന്നു.
ജോര്‍ജ്ജിന്റെ ആദ്യ പടമായ സ്വപ്നാടനത്തിലെ നായകന്‍ ഡോ. മോഹന്‍ദാസ് ആയിരുന്നു. വെറും നടന്‍ എന്ന രീതിയില്‍ മാത്രമായിരുന്നില്ല മോഹന്‍ദാസ് അതില്‍ സഹകരിച്ചിരുന്നത്. വൈദ്യശാസ്ത്രവും മനശാസ്ത്രവുമായി ബന്ധപ്പെട്ട പലതും സ്വപ്നാടനത്തിലുണ്ടായിരുന്നതിനാല്‍ അതിലെ സംശയനിവൃത്തി വരുത്തുന്നതിന് മോഹന്‍ദാസിന്റെ സാന്നിധ്യം ജോര്‍ജ്ജിനെ ഒരുപാട് സഹായിച്ചു. തനിക്ക് അറിയാത്തത് മറ്റ് ഡോക്ടര്‍മാരെ വിളിച്ച് അന്വേഷിച്ച് അതിന് അനുസരിച്ച് തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്താനും മോഹന്‍ദാസ് ജോര്‍ജ്ജിനെ സഹായിച്ചു. പിന്നീട് ജോര്‍ജ്ജിന്റെ ഒരു പടത്തിലും മോഹന്‍ദാസിനെ കാസ്റ്റ് ചെയ്തില്ല. അദ്ദേഹത്തിന് ചേര്‍ന്ന വേഷമുണ്ടായിരുന്നില്ല എന്നതാണ് സത്യം. പക്ഷേ തന്റെ ആദ്യ ചിത്രത്തില്‍ ഒരു അഭിനേതാവിന് അപ്പുറം നിര്‍ണായകമായി സഹായിച്ച മോഹന്‍ദാസിനെ പിന്നെ ജോര്‍ജ്ജ് കണ്ടിട്ടു കൂടിയില്ല. അദ്ദേഹം എവിടെയാണെന്ന് പോലും അറിയില്ല എന്നാണ് ജോര്‍ജ്ജ് ഓര്‍മ്മക്കുറിപ്പില്‍ പറയുന്നത്.
സിനിമയിലും തനിക്ക് ആവശ്യമുള്ളതിലും മാത്രം ഫോക്കസ് ചെയ്തുപോയ തന്റെ വ്യക്തിത്വത്തെ കുറിച്ച് ജോര്‍ജ് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ തന്നോട് മമ്മൂട്ടി കാണിച്ച നിസഹകരണത്തെ കുറിച്ച് വേദനയോടെയാണ് ജോര്‍ജ് പറഞ്ഞിട്ടുള്ളത്.
മലയാള സിനിമയില്‍ എന്‍ട്രി ലഭിച്ചുവെങ്കിലും ശ്രദ്ധേയമായ വേഷമൊന്നും കിട്ടാതെയിരുന്ന കാലത്താണ് മമ്മൂട്ടിയെ മേളയിലേക്ക് ജോര്‍ജ് കാസ്റ്റ് ചെയ്യുന്നത്. മേള മമ്മൂട്ടിയുടെ അഭിനയജിവിതത്തില്‍ വലിയ ബ്രേക്ക് സമ്മാനിച്ച ചിത്രമാണ്. അതിനു ശേഷം യവനികയിലെ പൊലീസ് ഇന്‍സ്പെക്ടര്‍ വേഷവും മമ്മൂട്ടിക്ക് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ്. 1987ല മറ്റൊരാള്‍ എന്ന പടത്തിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മമ്മൂട്ടി ചെല്ലപ്പന്‍ എന്ന സംവിധായകന്റെ അതിനുമപ്പുറം എന്ന പടത്തില്‍ അത്ര പ്രാധാന്യമില്ലാത്ത ഒരു റോളില്‍ അഭിനയിക്കുകയാണ്. പല പടങ്ങളും ഒരുമിച്ച് പൊളിഞ്ഞ് ആകെ നിരാശനായി നില്‍ക്കുന്ന സമയമായിരുന്നു അത്. മമ്മൂട്ടിയേ തിരികെ കൊണ്ടുവന്ന ന്യൂഡല്‍ഹി എന്ന പടം ഇറങ്ങുന്നതിന് തൊട്ടു മുമ്പ്. സെറ്റിൽ കണ്ട മമ്മൂട്ടി തന്റെ അവസ്ഥ മോശമാണെന്നും സഹായിക്കണമെന്നും പറഞ്ഞതിനെ തുടര്‍ന്ന് മുരളിക്ക് വച്ച കഥാപാത്രം ജോര്‍ജ്ജ് മമ്മൂട്ടിക്ക് നല്‍കി.
എന്നാൽ ഇലവങ്കോട് ദേശത്തിൻ്റെ സെറ്റിൽ അതു വരെ കാണാത്ത മമ്മൂട്ടി എന്ന താരത്തെക്കണ്ട് ജോർജ് നിരാശനായി. താരമെന്ന പദവിയില്‍ നിന്ന് ഇറങ്ങാതെ തന്റെ നിര്‍ദേശങ്ങളോട് നിസഹകരണം കാട്ടിയ മമ്മൂട്ടി ചിത്രത്തിന്റെ പരാജയത്തിലെ ഒരു കാരണമായെന്ന് എം എസ് അശോകനുമൊത്ത് രചിച്ച
‘ഫ്ലാഷ്ബാക്ക് എന്റെയും സിനിമയുടെയും’ എന്ന പുസ്തകത്തിൽ ജോര്‍ജ് തുറന്നടിച്ചു. അഭിനേതാവ് തന്റെ ഇമേജിനും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് മാത്രം ക്യാമറയുടെ മുന്നില്‍ പെരുമാറുമ്പോള്‍ സംവിധായകന്റെ സിനിമ അവസാനിക്കുന്നുവെന്നും ജോർജ് പറഞ്ഞു.
പരാജയങ്ങളില്‍ നിന്നും പഠിച്ച സംവിധായകന്‍
സിനിമ കണ്ടും വായിച്ചും തന്നിലെ സംവിധായകനെ തനിയെ രൂപപ്പെടുത്തിയ സംവിധായകനാണ് കെ ജി ജോർജ്. ഇതിന്റെ ഗുണവും ദോഷവും ജോര്‍ജ്ജിന്റെ ചില ചിത്രങ്ങളില്‍ കാണാം. തന്റെ മുപ്പതാം വയസിലെടുത്ത ആദ്യ ചിത്രമായ സ്വപ്നാടനം വിജയിച്ചുവെങ്കിലും അതിന് പിന്നാലെ എടുത്ത വ്യാമോഹം, മണ്ണ്, ഇനി അവള്‍ ഉറങ്ങട്ടെ, ഓണപ്പുടവ എന്നീ ചിത്രങ്ങള്‍ വന്‍ പരാജയങ്ങളായി. 1977-78 കാലത്തായിരുന്നു ഇവ ഇറങ്ങിയത്. നിരൂപകശ്രദ്ധയും പ്രേക്ഷകശ്രദ്ധയും കിട്ടാതെ പോയ ഈ ചിത്രങ്ങളുടെ പേരില്‍ ജോര്‍ജ്ജ് ഇന്ന് ഓര്‍മ്മിക്കപ്പെടുന്നില്ല. ഈ പടങ്ങള്‍ സ്വപ്നാടനം വിജയിച്ചതിന്റെ അഹങ്കാരത്തിലെടുത്തവയാണെന്ന് ജോര്‍ജ്ജ് പറയാറുണ്ടായിരുന്നു. പുതുതലമുറ സിനിമാസ്വാദകരില്‍ പലര്‍ക്കും പരാജയപ്പെട്ട ഈ ജോര്‍ജ്ജ് ചിത്രങ്ങളെ കുറിച്ച് അറിയില്ല. പത്മരാജന്റെ തിരക്കഥയില്‍ ജോർജ് സംവിധാനം ചെയ്ത് രാപ്പാടികളുടെ ഗാഥയും ഇത് പോലെ ജോര്‍ജ്ജിന്റെ പരാജയചിത്രങ്ങളിലൊന്നാണ്. പത്മരാജന്റെയും ജോര്‍ജ്ജിന്റെയും ആരാധകര്‍ സൗകര്യപൂര്‍വം വിട്ടുകളയുന്ന ഒരു ചിത്രമാണ രാപ്പാടികളുടെ ഗാഥ.
ഈ പരാജയങ്ങളില്‍ നിന്നാണ് പിന്നീട് തന്റെ കരിയറിലെ നാഴികക്കല്ലായി തീര്‍ന്ന ഉള്‍ക്കടല്‍ ജോർജ് സംവിധാനം ചെയ്യുന്നത്.
അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ക്യാമ്പസിലേക്കാണ് പ്രണയത്തിന്റെ ദൂതുമായി ഉള്‍ക്കടല്‍ എത്തുന്നത്. തൊഴിലില്ലായ്മയുടെ ഇരുണ്ട ഭാവിയിലേക്ക് നോക്കിയിരുന്ന മലയാളി യുവത്വത്തിന് മുന്നില്‍ പരാജയപ്പെട്ട പ്രണയത്തിന്റെ കഥകളുമായി വന്ന ഉള്‍ക്കടലും ശാലിനി എന്റെ കൂട്ടുകാരിയും ചാമരവും അപൂര്‍വമായ ഒരു റൊമാന്റിക് നവതരംഗം സൃഷ്ടിച്ചു. ഈ മൂന്ന് ചിത്രങ്ങളും ഇന്നും മലയാളത്തിലെ കള്‍ട്ട് ക്യാമ്പസ് ചിത്രങ്ങളായി അവശേഷിക്കുന്നു.
ജോർജ് ഒരു ദൃശ്യം വരയ്ക്കുന്നു
അപ്പനെ സഹായിക്കാന്‍ ലോറിയില്‍ ചിത്രം വരച്ചിരുന്ന ഒരു ബാല്യം ജോര്‍ജ്ജിനുണ്ടായിരുന്നുവെന്നത് പ്രസിദ്ധമാണല്ലോ. കൗമാരത്തില്‍ അന്തര്‍മുഖനായിരുന്ന താന്‍ ചിലപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പടം വരച്ചു നല്‍കുമായിരുന്നുവെന്ന് ജോർജ് പറഞ്ഞിട്ടുണ്ട്. രേഖാചിത്രം വരച്ചു കൊടുക്കുമ്പോള്‍ ചില പെണ്‍കുട്ടികള്‍ക്ക് ഒരു ഇഷ്ടം തോന്നും. അത് ജോര്‍ജ്ജിന്റെ കൗമാര മനസിന് ലഭിച്ച അംഗീകാരമായിരിന്നിരിക്കാം. പത്താം ക്ലാസില്‍ ഇംഗ്ലീഷിന് തോറ്റു പോവുകയും അത്രയും മെച്ചമല്ലാത്ത വീടുകളില്‍ താമസിക്കേണ്ടി വന്നതിന്റെയും അപകര്‍ഷതാ ബോധം പൊതിഞ്ഞ ഒരു കൗമാരം കടന്നാണ് ജോർജ് വന്നത്. ഇങ്ങനെ ചിത്രം വരച്ചു നല്‍കുമ്പോള്‍ കിട്ടുന്ന അംഗീകാരം, വിശേഷിച്ച് പെണ്‍കുട്ടികളില്‍ നിന്നുള്ളത് ജോര്‍ജ്ജിലെ കൗമാര കലാകാരനെ ത്രസിപ്പിച്ചിട്ടുണ്ടാവാം. ഇങ്ങനെയുള്ള അപകര്‍ഷതാ ബോധത്തില്‍ നിന്നും പിന്നീട് എല്ലാ സ്വയം പഠിച്ച് ഒരു self made ഡയറക്ടര്‍ ആയതിന്റെയും ഫലമായിട്ടാവും ചിലപ്പോള്‍ ഈ നിര്‍മമത അദ്ദേഹത്തെ പിടികൂടിയത്.
“ പെണ്‍കുട്ടികള്‍ക്ക് പ്രൊഫൈല്‍ ആയിട്ടുള്ള ചിത്രമല്ല വേണ്ടത്. ചിത്രകാരന്റെ മുഖത്തേക്ക് നേരിട്ട് നോക്കുന്ന ചിത്രങ്ങളാണ് അവര്‍ക്കിഷ്ടം” കെ ബി വേണുവുമായുള്ള അഭിമുഖത്തില്‍ ജോർജ് പറയുന്നു. ഇങ്ങനെയുള്ള സ്കെച്ചിംഗ് അനുഭവങ്ങള്‍ പില്‍ക്കാലത്ത് ഷോട്ടുകള്‍ നിശ്ചയിക്കുമ്പോള്‍ ജോര്‍ജ്ജിനെ സ്വാധീനിച്ചിട്ടുണ്ടാവാം. ഷോട്ടുകളെ കുറിച്ച് വ്യക്തമായ ധാരണയുള്ള സംവിധായകനായിരുന്നു ജോര്‍ജ്ജെന്ന് അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും സഹകരിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ വേണു ഈയടുത്ത കാലത്ത് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
വേണു ഇരകളെ കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്. ഇരകളിലെ പാലക്കുന്നേല്‍ ബംഗ്ലാവ് ഒരു അവസ്ഥയാണ് എന്നാണ് ജോർജ് വേണുവിനോട് പറഞ്ഞത്. ആ വലിയ വീട് വെറുമൊരു നിര്‍മ്മിതയല്ല, അത് ഒരു വ്യവസ്ഥിതിയുടെ ഭാഗമാണ്. പകല്‍ കാണുന്ന വീടല്ല രാത്രി കാണുന്നത്. അതുകൊണ്ട് ആ രീതിയില്‍ വ്യത്യസ്തമായി തന്നെ വേണം ഷൂട്ട് ചെയ്യാനെന്നും ജോർജ് നിഷ്ക്കര്‍ഷിച്ചു.
ഏതാണ് മികച്ച ചിത്രം?
ജോര്‍ജ്ജിന്റെ ഏത് ചിത്രമാണ് മികച്ചതെന്ന് ചോദിച്ചാല്‍ മികച്ച സിനിമാസ്വാദകര്‍ക്ക് പോലും ഉത്തരം പറയാന്‍ ബുദ്ധിമുട്ടുണ്ടാവും. എന്നാല്‍ ജോര്‍ജ്ജിന്റെ മോശം സിനിമ ഏതെന്ന് ചോദിച്ചാല്‍ ചിലതു പറയാനും പറ്റും. പക്ഷേ ജോർജ് എടുക്കാതെ പോയ ഒരു ചിത്രമുണ്ട്. അത് മലയാളിക്കും മോഹന്‍ലാല്‍ എന്ന നടനും വലിയ നഷ്ടമായി മാറി. സി വി ബാലകൃഷ്ണന്റെ കാമമോഹിതം എന്ന നോവല്‍ ചലച്ചിത്രമാക്കാനും അതില്‍ മോഹന്‍ലാലിനെ നായകനാക്കാനും തീരുമാനിച്ചിരുന്നു. അതിന്റെ ചര്‍ച്ചകളും മുന്നോട്ടു പോയി. കഴിവുള്ള നടനായി ലാലിനെ അംഗീകരിച്ച ജോര്‍ജ്ജിന് അദ്ദേഹത്തെ വച്ച് സിനിമ ചെയ്യാനും അതീവ താല്‍പര്യമുണ്ടായിരന്നു. പക്ഷേ എന്തു കൊണ്ടോ ആ പ്രോജക്ട് നടന്നില്ല. പരകായ പ്രവേശത്തിന്റെ കഥയാണ് കാമമോഹിതം. അതിന്റെ ദൃശ്യാവിഷ്കാരത്തിനായി ഇനി ജോർജ് ഏതെങ്കിലും സംവിധായകനില്‍ പരകായപ്രവേശം നടത്തിയെങ്കിലെന്ന് സിനിമാപ്രേമികള്‍ മോഹിച്ചു പോകുന്നുണ്ടാവും.
Location :
Kochi,Ernakulam,Kerala
First Published :
September 25, 2023 7:42 PM IST