'അന്തം' വിട്ട അൻവർ ഇനി എന്തൊക്കെ ചെയ്യും ?
- Published by:Rajesh V
- news18-malayalam
- Reported by:LALLU S
Last Updated:
എവിടെയാണ് പി വി അൻവറിന് പിഴച്ചത്? യുഡിഎഫ് നേതാക്കളുടെ സൗമനസ്യത്തിൽ കിട്ടിയ ക്ഷണിതാവ് എന്ന സ്ഥാനത്തിൽ കുറച്ച് കാലം ക്ഷമയോടെ തുടരാൻ അൻവറിന് കഴിയണമായിരുന്നു
അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന ചൊല്ലിൻ്റെ ദൃശ്യാവിഷ്കാരമാണ് ഇപ്പോൾ പി വി അൻവർ നിലമ്പൂരിൻ്റെ തിരഞ്ഞെടുപ്പ് വേദിയിൽ കാണിച്ച് കൊണ്ടിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി യുഡിഎഫ് പ്രവേശനം എന്ന ലക്ഷ്യം നിലമ്പൂർ ഉപതിതെരഞ്ഞെടുപ്പോടെ തന്നെ ചാമ്പലാകുമെന്നാണ് തോന്നുന്നത്. പിണറായിയോടും സിപിഎമ്മിനോടും യുദ്ധം പ്രഖ്യാപിച്ച് മുന്നണി വിട്ട അൻവറിന് മുന്നിൽ ഇനിയെന്ത് എന്ന ചോദ്യം മാത്രമാണ് ബാക്കി.
എവിടെയാണ് പി വി അൻവറിന് പിഴച്ചത്? യുഡിഎഫ് നേതാക്കളുടെ സൗമനസ്യത്തിൽ കിട്ടിയ ക്ഷണിതാവ് എന്ന സ്ഥാനത്തിൽ കുറച്ച് കാലം ക്ഷമയോടെ തുടരാൻ അൻവറിന് കഴിയണമായിരുന്നു. ഒത്ത ക്ഷമയും കാത്തിരിക്കാനുള്ള മനസും ഇല്ലാതെ പോയതാണ് തിരിച്ചടിയായത്. യു ഡി എഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേരുമ്പോൾ നിലമ്പൂരിൽ വാർത്താസമ്മേളനം നടത്തി അൻവർ ആര്യാടൻ ഷൗക്കത്തിനെതിരെ നിലപാടെടുത്തു. ഇതോടെ കോൺഗ്രസ് നേതൃത്വം അൻവറിന് ഒരു കാരണവശാലും വഴങ്ങരുത് എന്ന തീരുമാനമെടുത്തു. നിലമ്പൂർ ഉപതിരഞ്ഞടുപ്പ് പോലെ നിർണായകമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലും കോൺഗ്രസ് അങ്ങനൊരു തീരുമാനമെടുത്തിരിക്കുന്നു. പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ആൻ്റി അൻവർ നിലപാട് എടുത്തപ്പോൾ മറ്റുള്ളവരും ആ തീരുമാനത്തിന് കൈ പൊക്കി. അൻവറിൻ്റെ ഒറ്റ വാർത്താ സമ്മേളനത്തോടെ ആടി നിന്ന ഷൗക്കത്തിൻ്റെ പേര് അങ്ങുറച്ചു.
advertisement
ഇതും വായിക്കുക: സ്വരാജോ ഷെറോണ റോയിയോ ഷെബീറോ? മലപ്പുറം ജില്ലാ രൂപീകരണശേഷം അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിലമ്പൂരിൽ സ്ഥാനാർത്ഥി വരുമോ?
തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും അൻവറിനെ മാറ്റി നിർത്തിയിരിക്കുന്ന കോൺഗ്രസ് നൽകുന്ന സന്ദേശം വ്യക്തവും ശക്തവുമാണ്. അൻവറിൻ്റെ ഡിമാൻ്റുകൾക്ക് വഴങ്ങിയാൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കോൺഗ്രസിന്ന് ധാരണയുണ്ട്. യു ഡി എഫ് പ്രവേശനത്തിന് അൻവറിന് ആകെ ഉണ്ടായിരുന്ന പിടിവള്ളി മുസ്ലീം ലീഗാണ്. പ്രത്യേക ക്ഷണിതാവ് എന്ന പദവി അൻവറിന് ലഭിച്ചതിൽ അടക്കം ലീഗിൻ്റെ ഇടപെടൽ ഉണ്ട്. പക്ഷേ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് നടത്തിയ കൈവിട്ട കളി അൻവറിൽ നിന്ന് ലീഗിനേയും അകറ്റി എന്ന് വേണം കരുതാൻ. അത് കൊണ്ട് തന്നെ അൻവറിന് വേണ്ടി ഇനിയൊരു നീക്കം ലീഗും നടത്താൻ ഇടയില്ല. നേരത്തേ യു ഡി എഫിലെത്താൻ ശ്രമിച്ച് പരാജയപ്പെട്ട പി സി ജോർജിൻ്റെ അവസ്ഥയാണ് അൻവറിന്. ജോർജിന് ഒടുവിൽ ബിജെപി യിൽ അഭയം കിട്ടി ബിജെപിക്കാരേക്കാൾ വലിയ ബിജെപിക്കാരനാകാൻ പ്രയാസമുണ്ടായില്ല. അൻവറിനെ സംബന്ധിച്ച് ബിജെപി ആകുക എന്നത് രാഷ്ട്രീയ ആത്മഹത്യയാകും. അല്ലെങ്കിൽ തന്നെ ഒരാൾക്ക് പല തവണ ആത്മഹത്യ ചെയ്യാൻ കഴിയില്ലല്ലോ?
advertisement
പിടിച്ച് നിൽക്കാനുള്ള അവസാന ശ്രമത്തിലാണ് ഇപ്പോൾ അൻവർ. യുഡിഎഫിൽ എടുത്തില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന ഭീഷണി ഒരു വശത്ത്. പ്രശ്ന പരിഹാരത്തിന് സാധ്യത തേടി കുഞ്ഞാലിക്കുട്ടിയെ കാണുന്ന പരിപാടി മറ്റൊരു വശത്ത്. രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന് പറയുന്നവരുണ്ട്. അൻവറിനെ സംബന്ധിച്ച് എന്തെങ്കിലും സാധ്യതകൾക്കുള്ള സാധ്യത നിലവിലെ സാഹചര്യത്തിൽ കുറവാണ്. രണ്ട് വഴികളാണ് ഇനി അൻവറിന് മുന്നിൽ ഉള്ളത്. ആര്യാടൻ ഷൗക്കത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് നിരായുധനും നിശബ്ദനുമായി യുഡിഎഫിനൊപ്പം ചേർന്ന് പോകുക. ഏതെങ്കിലും ഒരു ദിവസം വി ഡി സതീശൻ്റെ മനസ് മാറുന്നത് കാത്തിരിക്കുക. രണ്ടാമത്തെ വഴി സമ്മർദ്ദത്തിൻ്റെതാണ്, യുഡിഎഫ് പ്രവേശനം ഇല്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുകയോ മത്സരിപ്പിക്കുകയോ ചെയ്യുക. അൻവർ മത്സരിച്ചിട്ടും ഷൗക്കത്ത് ജയിച്ചാൽ അൻവറിൻ്റെ ചീട്ട് അതോടെ കീറും. മറിച്ച് സംഭവിച്ചാലും അവസ്ഥ അത് തന്നെ. എന്തായാലും വല്ലാത്തൊരു പെടലാണ് പി വി അൻവർ പെട്ടിരിക്കുന്നത്.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 27, 2025 2:45 PM IST