മല കയറുന്ന രാഷ്ട്രീയം... സി പി എം ശരണം വിളിക്കുമോ?

Last Updated:
# പ്രദീപ് പിള്ള
പന്തളത്തു മുഴങ്ങിയ ശരണം വിളി പ്രകമ്പനം കൊണ്ടത് കേരളത്തിലെ രാഷ്ട്രീയകേന്ദ്രങ്ങളിലാണ്. പ്രതിധ്വനി സംസ്ഥാനമൊട്ടാകെ മുഴങ്ങി. അവിടെ മുഴങ്ങിയത് ശരണം വിളി… പക്ഷേ എം സി റോഡിലൂടെ ഒഴുകിയ പതിനായിരങ്ങളുടെ ശരണം വിളി വെറും ശരണം വിളിയല്ലെന്ന് കേരളത്തെ അറിയുന്ന നേതാക്കൾക്ക് പെട്ടെന്നു പിടി കിട്ടി. പല രാഷ്ട്രീയ പാർട്ടികളുടെയും ചങ്കിടിക്കുകയാണ്… പ്രകടമായി പറയുന്നില്ലെങ്കിലും ഇത് എവിടെയെത്തുമെന്ന ആധിയുണ്ട് പലർക്കും.
നാമജപ പ്രതിഷേധത്തിന് ആഹ്വാനം മുഴങ്ങിയപ്പോൾ… പതിനായിരങ്ങൾ അണിനിരന്നപ്പോൾ… അതിനു മുന്നിൽ കണ്ടത് സേവ് ശബരിമല എന്ന എഴുത്തുമാത്രം… നമുക്കു പരിചിതമായ ബാനറുകളൊന്നുമുണ്ടായിരുന്നില്ല… പ്രകടമായി മുന്നിൽ നിന്നത് പന്തളം രാജകുടുംബം മാത്രം. അയ്യപ്പന്റെ സ്വന്തം കുടുംബം. പന്തളം കൊട്ടാരം നിർവാഹകസമിതി മുന്നിൽ നിന്നു തന്നെ പട നയിച്ചു. വിശ്വാസവും ആചാരവും ലംഘിക്കാനാവില്ലെന്ന വ്യക്തമായ നിലപാടും പറഞ്ഞു…
advertisement
ബി ജെ പി യോ, എസ് എൻ ഡി പിയോ എൻ എസ് എസ്സോ ആർ എസ് എസ്സോ വി എച്ച് പിയോ ഒന്നും അവരുടെ ബാനറുമായി ഇറങ്ങിയില്ല… പക്ഷേ പല സംഘടനകളുടെയും പ്രകടമായ സാന്നിധ്യമുണ്ടായിരുന്നു… സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങൾ പൊതുനിരത്തിലേക്കിറങ്ങിയപ്പോൾ ചിലർ അപകടം മണത്തു, മറ്റു ചിലർ അവസരം തിരിച്ചറിഞ്ഞു…
വിശ്വാസത്തിന്റെ ശരണം വിളി രാഷ്ട്രീയ മുദ്രാവാക്യമായി മാറുമോ എന്നു കേരളം ഉറ്റുനോക്കുകയാണ്, ഒപ്പം രാജ്യവും. വിശ്വാസത്തിലും വിവേചനം പാടില്ലെന്ന സുപ്രീം കോടതി വിധി ഉണർത്തിയ ചർച്ച നിർണായകഘട്ടത്തിലേക്കു കടക്കുകയാണ്, അല്ല കടന്നു കഴിഞ്ഞു. വിശ്വാസിയുടെ താൽപര്യം ഇതല്ലെന്നു പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു തുടങ്ങി. അപ്പോൾ പിന്നെ വിശ്വാസിയുടെ താൽപര്യം സംരക്ഷിക്കാൻ ആരെങ്കിലും വേണ്ടേ…
advertisement
അടിയൻ ലച്ചിപ്പോം എന്നു പറഞ്ഞ് ആദ്യമിറങ്ങിയത് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. അദ്ദേഹം തന്നെ പണ്ടു പറഞ്ഞതെന്തായിരുന്നു? അദ്ദേഹത്തിന്റെ പാർട്ടി നയിക്കുന്ന കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടെന്തായിരുന്നു? വിവേചനം പാടില്ല. ആചാരത്തിന്റെ പേരിൽ യുവതികളെ ശബരിമലയിൽ കയറ്റാതിരിക്കുന്നതിനെ അനുകൂലിക്കുന്നില്ല. പ്രായ, ലിംഗ വ്യത്യാസമില്ലാതെ ക്ഷേത്രപ്രവേശനം അനുവദിക്കണം… പക്ഷേ പാവം വിശ്വാസി ഇതു വല്ലതുമറിയുന്നുണ്ടോ…
advertisement
ഇപ്പോൾ ശ്രീധരൻ പിള്ള കുറ്റപ്പെടുത്തുന്നത് സി പി എമ്മിനെയാണ്. വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കണമെന്ന് ഉറക്കെ ആവശ്യപ്പെടുകയാണ്. സുപ്രീം കോടതിയിൽ കേസ് നടന്നപ്പോൾ അഭിഭാഷകനായ ശ്രീധരൻ പിള്ളയും അദ്ദേഹത്തിന്റെ പാർട്ടിയും എവിടെയായിരുന്നു? ശബരിമലയുടെ കാര്യത്തിൽ ലിംഗനീതി എന്നു പറഞ്ഞ് ലളിവതവത്കരിക്കാതെ ആചാരത്തിന്റെയും കീഴ്വഴക്കത്തിന്റെയും കാര്യങ്ങൾ കൂടി സുപ്രീം കോടതിയിൽ പറയാനോ കേന്ദ്രസർക്കാരിനെ കൊണ്ടു പറയിക്കാനോ എന്തുകൊണ്ടു ശ്രമിച്ചില്ല. അപ്പോൾ ആർ എസ് എസിനും ബി ജെ പി കേന്ദ്ര നേതതൃത്വത്തിനും മറ്റെന്തോ അജണ്ടയുണ്ട് എന്ന സംശയം ഉയരുക സ്വാഭാവികമല്ലേ...
advertisement
സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയ സംസ്ഥാന സർക്കാർ ഇന്നും അതിലുറച്ചു നിൽക്കുന്നു… ആ നിലപാട് ന്യായീകരിക്കുന്ന വിധി തന്നെയാണ് സുപ്രീം കോടതി പറഞ്ഞത്. അതിനെ നയിക്കുന്ന മുഖ്യമന്ത്രി സുദൃഢവും സുവ്യക്തവുമായ നിലപാട് പറഞ്ഞു… വിധി വന്നു കഴിഞ്ഞു, ഇനി വേണ്ടത് നടപടിയാണെന്ന നിലപാട്.
ശരിയല്ലേ… പറയാനുള്ളതെല്ലാം കോടതിയിൽ പറഞ്ഞു കഴിഞ്ഞു. സർക്കാരും ദേവസ്വം ബോർഡും ബന്ധപ്പെട്ട കക്ഷികളുമെല്ലാം അവരവരുടെ വാദം നിരത്തി. സമത്വം വേണമെന്നും വിവേചനം പാടില്ലെന്നും പ്രായവ്യത്യാസമില്ലാതെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നും സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു.
advertisement
പിണറായിയുടെ പ്രഖ്യാപനം കൊള്ളാം. ഒരു ഭരണത്തലവനു വേണ്ട ആത്മവിശ്വാസവും വ്യക്തതയുമൊക്കെ പ്രതിഫലിക്കുന്ന വാക്കുകൾ. പക്ഷേ പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിനു പിഴച്ചോ. ചാതുര്യം തെളിയിക്കാൻ ലഭിച്ച അപൂർവാവസരം കളഞ്ഞു കുളിച്ചോ... കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പ്രവർത്തകരിൽ ധാരാളം വിശ്വാസികളുണ്ടെന്നും അവരിലെ ഹിന്ദുക്കളിൽ നല്ലൊരു ശതമാനം ക്ഷേത്രത്തിൽ പോകുന്നവരാണെന്നും സർക്കാരിന്റെയും പാർട്ടിയുടെയും അമരത്തിരിക്കുന്നവർ അറിയാതെ പോയോ... എങ്കിൽ പിഴച്ചു. കടുത്ത അമർഷത്തിലാണ് അണികൾ. കടുംപിടിത്തത്തിനും കടുത്ത പ്രഖ്യാപനങ്ങൾക്കും വലിയ വില കൊടുക്കേണ്ടി വരുമോ എന്ന ആശങ്ക ചില നേതാക്കളെങ്കിലും പങ്കു വയ്ക്കുന്നു.
advertisement
അപകടം മണത്ത പാർട്ടി നേതൃത്വം ഇടപെട്ടു കഴിഞ്ഞു. കോടതിവിധി നടപ്പാക്കും മുമ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശം. ആദ്യത്തെ കർക്കശനിലപാടിൽ നിന്നു തലയൂരാൻ പാടു പെടുകയാണ് പാർട്ടി. സ്ത്രീപ്രവേശനത്തെ മുൻനിർത്തി സർക്കാരിനെതിരെ കലാപനീക്കം നടക്കുകയാണെന്നാണ് പാർട്ടിയുടെ ആരോപണം. കോടതിവിധിയെ വെല്ലുവിളിക്കരുതെന്ന് കോടിയേരി ബാലകൃഷ്ണൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ സംഗതി സെൻസിറ്റീവ് ആണെന്നും സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നും അദ്ദേഹം നിർദേശം നൽകിയെന്നാണറിയുന്നത്. കന്യാസ്ത്രീകളുടെ സമരത്തിനെതിരെ ആഞ്ഞടിച്ച് കൈപൊള്ളിയിട്ട് അധികം നാളായില്ലല്ലോ...
ശബരിമല വിഷയത്തിൽ പാർട്ടിക്കെതിരെ ജനവികാരം ഇളക്കിവിടാൻ ബോധപൂർവ നീക്കമുണ്ടെന്ന് പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള ആരോപിക്കുന്നു. പാർട്ടിക്കെതിരെ അണികളും തിരിഞ്ഞ വിവരം അറിയാത്തതാണോ പരസ്യമായി പറയാൻ പറ്റാത്തതിനാൽ ഇങ്ങനെയൊക്കെ പറയുന്നതാണോ...ഒടുവിൽ സി പി എമ്മും ശരണം വിളിക്കുമോ!
പെട്ടുപോയത് ദേവസ്വം ബോർഡാണ്. പണ്ട് ആചാരവും വിശ്വാസികളുടെ വികാരവും മാനിക്കണമെന്ന് കോടതിയിൽ പറഞ്ഞ ദേവസ്വം ബോർഡ് ഭരണത്തിന്റെ നിറം മാറിയപ്പോൾ ഒന്നു കളം മാറ്റിപ്പിടിച്ചു. സർക്കാരിനൊപ്പമെന്ന ധീരമായ നിലപാടെടുത്തു. ഇരുട്ടി വെളുത്തപ്പോൾ വീണ്ടും മലക്കം മറിഞ്ഞു. ആചാരം രക്ഷിക്കണമെന്ന വെളിപാട് പെട്ടെന്നു വന്ന പോലെ…
തീർന്നില്ല… പാവം പത്മകുമാർ… ഈ ഗതി ഒരു ദേവസ്വം ബോർഡ് പ്രസിഡന്റിനും വരുത്തരുതേയെന്നാവണം അദ്ദേഹം രഹസ്യമായി പ്രാർഥിക്കുന്നത്. വിധി വന്ന ശേഷം ഗതിയില്ലാതെ വിശ്വാസത്തിന്റെ കാര്യമൊക്കെ പറഞ്ഞു. എന്റെ വീട്ടിലെ സ്ത്രീകളൊന്നും പോവില്ലെന്നും പറഞ്ഞു… റിവ്യൂ ഹർജി കൊടുക്കുന്ന കാര്യം ആലോചിക്കണമെന്നു പറഞ്ഞതു മാത്രമേ പാവം പത്മകുമാറിന് ഓർമയുള്ളൂ…! വന്നു പരസ്യശാസന.. പത്മകുമാർ എന്തുകൊണ്ട് അങ്ങനെയൊക്കെ പറഞ്ഞെന്നറിയില്ലെന്നു പിണറായി തുറന്നടിച്ചു. തന്നെ കണ്ട ശേഷം അങ്ങനെയൊക്കെ പറഞ്ഞാൽ അത് തന്റെയും സർക്കാരിന്റെയും കൂടി അഭിപ്രായമാണെന്ന ധാരണ പരക്കില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. പത്മകുമാറിനു കാര്യങ്ങൾ മനസിലായി. റിവ്യൂ ഹർജിയുമില്ല, പ്രിവ്യൂ ഹർജിയുമില്ലെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. ആരെങ്കിലും പുനപരിശോധനാഹർജി നൽകുന്നെങ്കിൽ നൽകട്ടെ. ദേവസ്വം ബോർഡിനോട് അഭിപ്രായം ചോദിച്ചാൽ അപ്പോൾ പറയാമെന്നായി പ്രസിഡന്റ്.
ദേവസ്വം മന്ത്രിക്ക് എന്തായാലും ഇത്തരം ചാഞ്ചാട്ടമൊന്നുമില്ല. സ്ത്രീപ്രവേശനം അദ്ദേഹത്തിന്റെ പ്രഖ്യാപിതനയമാണ്, പാർട്ടിയുടെ നിലപാടാണ്. വിധിയിൽ സന്തോഷം പ്രകടിപ്പിച്ച ദേവസ്വം മന്ത്രി സ്ത്രീകൾക്കു വേണ്ട സൗകര്യമൊരുക്കുമെന്നും വാഗ്ദാനം ചെയ്തു… പ്രളയം താണ്ഡവമാടിയ പമ്പയുടെ തീരത്ത് അത്ര വേഗം സൗകര്യങ്ങൾ ഒരുങ്ങുമോ… കാത്തിരിക്കുക തന്നെ
സുപ്രീം കോടതി വിധി പറഞ്ഞു കഴിഞ്ഞാൽ പിന്നെ അതു നടപ്പാക്കുക മാത്രമാണ് സർക്കാരിനു ചെയ്യാനുള്ളതെന്നാണ് പിണറായി പറയുന്നത്… പോകണമെന്നുള്ളവർക്കു പോകാം… അത്ര ലളിതമാണോ സംഗതി… കാര്യങ്ങൾ സുഗമമായി അങ്ങ് അവസാനിക്കുമോ… പ്രതിഷേധനാമജപവുമായി രംഗത്തു വന്നവരിൽ ഭൂരിപക്ഷം പുതിയ വിധിയുടെ പശ്ചാത്തലത്തിൽ മാത്രം ശബരിമലയ്ക്കു പോകാൻ അവസരം ലഭിച്ചവരാണ്… അവർക്കു പോകണ്ടത്രെ!
പിന്നെയാർക്കു വേണ്ടിയാണീ വിധിയെന്ന ചോദ്യം ഉയർത്തുന്നത് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് (റിട്ട.) കെമാൽ പാഷ. ഇത്തരം കാര്യങ്ങളൊക്കെ എന്തിനാ കോടതിയിലെത്തിക്കുന്നത്. കോടതിയുടെ മുന്നിലെത്തിയാൽ നിയമവും ഭരണഘടനയും നോക്കി അഭിപ്രായം പറയാനേ കോടതിക്കു കഴിയൂ. ഭക്തജനത്തിരക്കിൽ രണ്ടു പേർക്കിടയിൽ ഒരിഞ്ചു സ്ഥലം പോലുമില്ലാത്ത സ്ഥലത്തേക്ക് സ്ത്രീകൾ കൂടി എത്തിയാൽ സുരക്ഷ ഒരുക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതിയിൽ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വാദം നടക്കുമ്പോൾ, അന്തിമവിധി കാത്തിരിക്കുമ്പോൾ ഒരു കൂട്ടം സ്ത്രീകൾ രംഗത്തെത്തി. ധൃതിയില്ല, റെഡി ടു വെയ്റ്റ് എന്നവർ പറഞ്ഞു… അന്ന് വിശ്വാസികളായ സ്ത്രീകൾക്കൊപ്പം ഒരു രാഷ്ട്രീയപ്രസ്ഥാനവുമുണ്ടായിരുന്നില്ല… തികച്ചും പുരോഗമനപരമായ, ആർ എസ് എസിന്റെ നയത്തിനൊത്ത നിലപാട് തന്നെ കേരളത്തിലെ ബി ജെ പിയും സ്വീകരിച്ചു, സുധീരം അതു പ്രഖ്യാപിച്ചു…
വിധി വന്ന ശേഷമാണ് ബി ജെ പിക്കു കളം മനസിലായത്. നോട്ട് നിരോധനം, ഇന്ധനവില, അവശ്യസാധനങ്ങളുടെ വില തുടങ്ങിയവ തീർത്ത നിലയില്ലാ കയത്തിൽ കിടക്കുന്ന പാർട്ടി അങ്ങകലെ, തുരങ്കത്തിനപ്പുറം ചെറിയൊരു വെളിച്ചം കാണുന്നു… കച്ചിത്തുരുമ്പെങ്കിൽ കച്ചിത്തുരുമ്പ് … ഒന്നു പിടിച്ചു നോക്കാൻ തന്നെയാണ് തീരുമാനം. ലേറ്റായെങ്കിലും ലേറ്റസ്റ്റ് ആയി തന്നെയാണ് ബി ജെ പിയുടെ വരവ്. അണിയറയിൽ പുതിയ മുദ്രാവാക്യം ഒരുങ്ങുകയാണത്രെ – റെഡി ടു ഫൈറ്റ്!
ഇല്ല, വീണു കിട്ടിയ അവസരം തട്ടിക്കളയാൻ ബി ജെ പി തയാറല്ല… എങ്ങാനും മലമുകളിൽ താമര വിരിഞ്ഞാലോ…!
വിശ്വാസികളെല്ലാം ക്ഷേത്രങ്ങളിലെത്തണമെന്നാണ് ആർ എസ് എസിന്റെ നിലപാട്. - പുരുഷൻമാർക്ക് എവിടെയൊക്കെ പ്രവേശനമുണ്ടോ അവിടെയൊക്കെ സ്ത്രീകൾക്കും പ്രവേശനമുണ്ടാവണം. പുരുഷന് എവിടെ വരെ പോകാമോ അവിടെ വരെ സ്ത്രീക്കും പോകാനാവണം. ആചാരങ്ങൾ തെറ്റാണെന്നു മനസിലായാൽ അവ തിരുത്തണം - പറഞ്ഞത് മറ്റാരുമല്ല, ഭയ്യാജി ജോഷി, ആർ എസ് എസ് സർകാര്യവാഹക്. പ്രായഭേദമില്ലാതെ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നു പറഞ്ഞ ആർ എസ് എസ്സും ഇപ്പോൾ മിണ്ടുന്നില്ല… അപകടം അവരും മണക്കുന്നുണ്ടോ?
ചില കോൺഗ്രസ് നേതാക്കൾക്ക് എന്തായാലും അപകടം മനസിലായി… അപൂർവ അവസരം ഒത്തുകിട്ടിയെന്ന തിരിച്ചറിവും വന്നു! ഓപ്പറേഷൻ ചെങ്ങന്നൂരിൽ ന്യൂനപക്ഷവോട്ട് ചോർന്നു… ഈ അവസരവും കൂടി പോയാൽ വീണ്ടും വീട്ടിലിരിക്കേണ്ടി വരുമെന്നു തിരിച്ചറിഞ്ഞ നേതാക്കൾ സട കുടഞ്ഞെഴുന്നേറ്റിരിക്കയാണ്….
കെ സുധാകരൻ അതിരൂക്ഷമായാണ് സുപ്രീം കോടതി വിധിക്കെതിരെ ആഞ്ഞടിച്ചത്. അതിനൊപ്പം നിൽക്കുന്ന സി പി എമ്മിനും സംസ്ഥാന സർക്കാരിനും അദ്ദേഹത്തിന്റെ വക ശകാരപ്രവാഹം തന്നെയുണ്ടായി. രാഷ്ട്രീയമുതലെടുപ്പിന് ബി ജെ പിക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് സി പി എം എന്നാണ് സുധാകരന്റെ വിമർശനം.
ശക്തമായ ഈ വാദം വിശ്വാസത്തിനു വേണ്ടിയാണ്… വിശ്വാസികൾക്കു വേണ്ടിയാണ്… മൃദുഹിന്ദുത്വം എന്ന ആക്ഷേപവും കേൾക്കണ്ട… അടുത്ത വട്ടമെങ്കിലും ഭരണം പിടിക്കണമല്ലോ! ഇത്തവണ കൂടി പോയാലുള്ള അവസ്ഥയെ കുറിച്ച് ഓർക്കാൻ പോലും കോൺഗ്രസുകാർക്കാവില്ല… കാവിക്കൊടി കണ്ട് പല കോൺഗ്രസ് നേതാക്കളും ഞെട്ടിയുണരുന്നെന്നും ചിലർ കാവിയിൽ പൊതിഞ്ഞ മധുരസ്വപ്നങ്ങൾ കാണുന്നെന്നുമൊക്കെ പ്രചാരണം നടക്കുന്ന കാലമാണിത്. പോരാത്തതിന് തൂവെള്ള ഖദറിട്ട പ്രമുഖരെ പിടിക്കാൻ പുലിക്കെണിയൊരുക്കി ശ്രീധരൻ പിള്ളയും കാത്തിരിക്കുകയാണ്.
കളം തെളിയുന്നതേയുള്ളൂ. ചിലർക്ക് സംഗതികളുടെ കിടപ്പ് മനസിലായി വരുന്നു. മറ്റു ചിലർ പകിടയെറിഞ്ഞു കഴിഞ്ഞു. പതിവു പോലെ കാലത്തിന്റെ ചുവരെഴുത്തു വായിക്കാൻ ചിലർക്കു സമയം കൂടുതൽ വേണം. വായിച്ചെടുക്കുമ്പോൾ വൈകിപ്പോകുമോ എന്നേ അറിയാനുള്ളൂ… ഒന്നുറപ്പ് സംഗതി ഇരുതല മൂർച്ചയുള്ള വാളാണ്. അതെടുക്കുന്നവരുടെ വിധി എന്താവും? വിശ്വാസം, അതല്ലേ എല്ലാം.
(ന്യൂസ് 18 കേരളം പൊളിറ്റിക്കൽ എഡിറ്ററാണ് ലേഖകൻ)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
മല കയറുന്ന രാഷ്ട്രീയം... സി പി എം ശരണം വിളിക്കുമോ?
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement