• HOME
  • »
  • NEWS
  • »
  • opinion
  • »
  • Racism | 'ഇത് ഇറാഖോ അഫ്ഗാനിസ്ഥാനോ അല്ല': യുക്രെയ്‌ൻ യുദ്ധം പാശ്ചാത്യ മാധ്യമങ്ങളുടെ വംശീയ മനോഭാവം തുറന്നുകാട്ടുന്നു

Racism | 'ഇത് ഇറാഖോ അഫ്ഗാനിസ്ഥാനോ അല്ല': യുക്രെയ്‌ൻ യുദ്ധം പാശ്ചാത്യ മാധ്യമങ്ങളുടെ വംശീയ മനോഭാവം തുറന്നുകാട്ടുന്നു

യുക്രെയ്നിലെ യുദ്ധ സാഹചര്യത്തിൽ പാശ്ചാത്യ മാധ്യമങ്ങളുടെ വംശീയ നിലപാടുകളാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്.

ഫോട്ടോ- റോയിട്ടേഴ്സ്

ഫോട്ടോ- റോയിട്ടേഴ്സ്

  • Share this:
    അഭിജിത് അയ്യർ-മിത്ര

    'വെള്ളക്കാരുടെ മേധാവിത്വത്തിന്' (white privilege) എതിരെ വര്‍ഷങ്ങളായി സംസാരിച്ചിരുന്നവര്‍ തന്നെ അവരെ (വെളുത്തവര്‍ഗ്ഗക്കാരെ) ഉയര്‍ത്തികാട്ടി വംശീയമായി പെരുമാറുന്നത് കൗതുകകരം തന്നെയാണ്. യുക്രെയ്നിലെ യുദ്ധ സാഹചര്യത്തിൽ പാശ്ചാത്യ മാധ്യമങ്ങളുടെ വംശീയ നിലപാടുകളാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്.

    ഇവിടെ വംശീയതയുടെ രണ്ട് തലങ്ങളുണ്ട്. കിഴക്കന്‍ യൂറോപ്പിനോടുള്ള പടിഞ്ഞാറന്‍ യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും സഹജമായ വംശീയതയും 'ഇരു നിറക്കാർക്ക്' എതിരായ വംശീയതയും. അമേരിക്കയില്‍ കറുത്തവര്‍ഗക്കാരുടെ ജീവിതത്തിന് ഏറെ പ്രാധാന്യം ലഭിക്കുന്നുണ്ടെങ്കിലും, അമേരിക്കയ്ക്ക് പുറത്തുള്ള കറുത്ത വർഗക്കാരുടെ ജീവിതങ്ങള്‍ക്ക് ഈ പ്രാധാന്യം ലഭിക്കുന്നില്ല. ഉദാഹരണത്തിന്, റുവാണ്ടന്‍ വംശഹത്യ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലോകം മാറി നില്‍ക്കുകയും കൃത്യമായ ഇടപെടലുകൾ നടത്താതിരിക്കുകയുമാണ് ചെയ്തത്. സത്യസന്ധമായി ഉത്തരം നല്‍കൂ, ഗൂഗിള്‍ ചെയ്യാതെ നിങ്ങളില്‍ എത്രപേര്‍ രണ്ടാം കോംഗോ യുദ്ധം, ഇറ്റൂരി യുദ്ധം, കിവു യുദ്ധം എന്നിവയെക്കുറിച്ച് കേട്ടിട്ടുണ്ട്? എന്റെ ഊഹം ശരിയാണെങ്കിൽ ആരുമുണ്ടാവില്ല. അതുപോലെ, ലോകത്തിലെ 'ബ്രൌൺ നിറക്കാരോട്' ആരും യാതൊരുവിധത്തിലുള്ള സഹാനുഭൂതിയും കാണിക്കുന്നത് നാം കണ്ടിട്ടില്ല. പോട്ടെ “brown lives matter” എന്ന ഹാഷ്ടാഗ് പോലും ആരും ഉപയോഗിച്ചിട്ടില്ല.

    ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ബിബിസി, എംഎസ്എന്‍ബിസി തുടങ്ങിയ മാധ്യമങ്ങളെല്ലാം ഇറാഖിലെ ലക്ഷക്കണക്കിന് കുട്ടികളെ കൊന്നൊടുക്കിയ ഭീകരമായ ഉപരോധങ്ങളെ പരസ്യമായി പിന്തുണച്ചിരുന്നു. 200 ഓളം സാധാരണക്കാരുടെ മരണങ്ങള്‍ക്കാണ് ഇതുവരെ യുക്രെയ്നിലെ യുദ്ധം കാരണമായിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളിലെ യുഎസ് അധിനിവേശങ്ങളും പിടിച്ചടക്കലുകളും ആക്രമണങ്ങളും മൂലമുണ്ടായ മരണത്തിന്റെ ഒരു ഭാഗം പോലും യുക്രെയ്നില്‍ സംഭവിച്ചിട്ടില്ല.

    Also Read- War In Ukraine| യുക്രെയ്നിലെ ഖാർകീവിൽ ഇന്ത്യൻ വിദ്യാർ‌ഥി റഷ്യൻ ഷെല്ലാക്രമണത്തിൽ മരിച്ചു

    ഇത് നിസാരമായ വംശീയതയല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കുക. യഥാര്‍ത്ഥത്തില്‍ ഇത് സങ്കീര്‍ണ്ണമായ ഒന്നാണ്. അതില്‍ 'യഥാർത്ഥ വെള്ളക്കാരല്ല' എന്ന് കരുതപ്പെടുന്ന ആളുകളും ഉള്‍പ്പെടുന്നു. ഇറ്റലിക്കാര്‍ കുടിയേറാന്‍ തുടങ്ങുന്നതുവരെ യുഎസിലേക്കുള്ള ഐറിഷ് കത്തോലിക്കാ കുടിയേറ്റക്കാരെ 'യഥാര്‍ത്ഥ വെള്ളക്കാർ ആയല്ല' കണക്കാക്കിയിരുന്നത്. ജൂതന്മാർ കുടിയേറാന്‍ തുടങ്ങുന്നതുവരെ ഇറ്റലിക്കാര്‍ക്കും ഇതേ അവസ്ഥ തന്നെയായിരുന്നു. തീര്‍ച്ചയായും ജൂതന്മാര്‍ക്ക് വൈറ്റ് ആംഗ്ലോ-സാക്‌സണ്‍ പ്രൊട്ടസ്റ്റന്റുകളുമായി (WASP- - White Anglo-Saxon Protestants) പ്രവര്‍ത്തിക്കാന്‍ വളരെയേറെ പരിശ്രമിക്കേണ്ടിവന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ ഉടമയായ സുള്‍സ്‌ബെര്‍ഗേഴ്‌സിന് തന്റെ ജൂത സ്വത്വത്തെ മൂടിവയ്ക്കുകയും ഹോളോകോസ്റ്റിനെ കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നിട്ടും അതിനെ അടിച്ചമര്‍ത്തുകയും ചെയ്യേണ്ടിവന്നു.

    60 കളിലും 70 കളിലുമുള്ള കുടിയേറ്റത്തിന്റെ ബഹുസ്വര സ്വഭാവം അര്‍ത്ഥമാക്കുന്നത് ഇറ്റലിക്കാരെയും അവര്‍ക്ക് മുമ്പുള്ള ഐറിഷുകാരെയും പോലെ തന്നെ ജൂതന്മാരെ ഓണററി വൈറ്റ് പദവിയിലേക്ക് ഉയര്‍ത്തി എന്നാണ്. 'ഓണററി വൈറ്റ്' എന്നത് ആകസ്മികമായി സംഭവിച്ച ഒരു നിര്‍മ്മിത പദമല്ല. ഇത് ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചന ഭരണകൂടം ഉപയോഗിച്ച ഒരു നിയമപരമായ പദമാണ്, അവര്‍ക്ക് ജാപ്പനീസ്, തായ്വാനീസ്, ദക്ഷിണ കൊറിയന്‍ ബിസിനസ്സ് പ്രയോജനപ്പെടുത്തുന്നതിന് നിരവധി വെള്ളക്കാരല്ലാത്തവരെ അത്തരത്തില്‍ (ഓണററി വൈറ്റ് പദവി നല്‍കി) നിയോഗിക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കയില്‍ നിയമപരമായ ഈ പദാവലികള്‍ എന്തായിരുന്നുവോ അത് അമേരിക്കയില്‍ ഔദ്യോഗികമല്ലാത്ത ഒരു യാഥാര്‍ത്ഥ്യമായിരുന്നു. ഒരു പാശ്ചാത്യ രാജ്യത്തിന്റെ മുന്‍ വിദേശകാര്യ മന്ത്രി, ഇപ്പോള്‍ യുക്രെയ്‌നിനെക്കുറിച്ച് വളരെ വാചാലനാണ്. എന്നാല്‍ ഒമ്പത് വര്‍ഷം മുമ്പ് ഇദ്ദേഹം എന്നോട് പറഞ്ഞത്, ''റഷ്യ, യുക്രെയ്ന്‍, ബെലാറസ് എന്നിവിടങ്ങൾ രണ്ട് കാര്യങ്ങള്‍ക്ക് മാത്രമാണ് നല്ലത് - വോഡ്കയ്ക്കും വേശ്യകൾക്കും.'

    Also Read- Russia-Ukraine War| ഖാർക്കിവിൽ റഷ്യയുടെ ഷെല്ലാക്രമണം; ആക്രമിക്കപ്പെട്ടത് യുക്രെയിനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്ന്

    ഒരു നിഷ്പക്ഷ മാധ്യമ വിമര്‍ശകനായ അലന്‍ മക്ലിയോഡ് യുക്രെയ്ൻ വിഷയം വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. 'സ്വര്‍ണ്ണമുടിയും നീലക്കണ്ണുകളുമുള്ള വെള്ളക്കാര്‍ ബോംബേറിൽ കൊല്ലപ്പെടുന്നു' എന്നാണ് ബിബിസിയിൽ യുക്രേനിയൻ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍, ഡേവിഡ് സക്വരെലിഡ്‌സെ പറയുന്നത്. 'ഇത് ഇറാഖോ അഫ്ഗാനിസ്ഥാനോ അല്ല... ഇത് താരതമ്യേന പരിഷ്കൃതമായ യൂറോപ്യന്‍ നഗരമാണ്' എന്നതാണ് തന്നെ വിഷമിപ്പിക്കുന്നത് എന്നാണ് സി.ബി.എസ് വിദേശ ലേഖകന്‍ ചാര്‍ലി ഡി അഗത പറയുന്നത്.



    മുന്‍ ബിബിസി ജേര്‍ണലിസ്റ്റും ഇപ്പോള്‍ അല്‍ ജസീറയിൽ പ്രവർത്തിക്കുന്നതുമായ പീറ്റര്‍ ഡോബിയുടെ വാക്കുകൾ ഇങ്ങനെയാണ്: ''അവരെ ആകര്‍ഷകമാക്കുന്നത് അവര്‍ വസ്ത്രം ധരിക്കുന്ന രീതിയാണ്. അവര്‍ സമ്പന്നരും മധ്യവര്‍ഗക്കാരുമാണ്. അവര്‍ മിഡില്‍ ഈസ്റ്റില്‍ നിന്നോ വടക്കേ ആഫ്രിക്കയില്‍ നിന്നോ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളല്ല. നമ്മുടെ അടുത്ത വീട്ടില്‍ താമസിക്കുന്ന ഏതൊരു യൂറോപ്യന്‍ കുടുംബത്തെയും പോലെയാണ്'' ഏറ്റവും പ്രധാനപ്പെട്ടത് എന്‍ബിസി റിപ്പോർട്ടറുടെ വാക്കുകളാണ് ''വ്യക്തമായി പറഞ്ഞാല്‍, അവര്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളല്ല, യുക്രെയ്‌നില്‍ നിന്നുള്ള അഭയാര്‍ഥികളാണ്... അവര്‍ ക്രിസ്ത്യാനികളാണ്, അവര്‍ വെളുത്തവരാണ്. അവര്‍ നമ്മളോട് വളരെ സാമ്യമുള്ളവരാണ്.''



    മനസ്സിലാക്കുക - മുന്‍കാലങ്ങളില്‍ 'വംശീയത' എന്ന പേരില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെല്ലാം വലതുപക്ഷ പ്രചരണമാണെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയ സമയത്ത് മുന്‍ ബിബിസി ജേണലിസ്റ്റ് നിക്കോള കരീമിന്റെ നഗ്‌നവും പ്രകടവുമായ നുണകളും ഇന്ത്യന്‍ ശവസംസ്‌കാര ചിതകളോട് ന്യൂയോര്‍ക്ക് ടൈംസ് കാണിച്ച അനാദരവും 'അവകാശത്തെ അസ്വസ്ഥമാക്കുന്ന' പത്രപ്രവര്‍ത്തനമായിരുന്നു. എന്നാല്‍ എല്ലാ പാശ്ചാത്യ മാധ്യമ ചാനലുകളും വംശീയത കൃത്യമായി പ്രകടിപ്പിക്കുമ്പോൾ എല്ലാവരും അത് അവഗണിക്കുകയും ഒന്നും സംഭവിച്ചിട്ടില്ലെന്ന് നടിക്കാനും ആഗ്രഹിക്കുന്നതായി തോന്നുന്നു.

    (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്റ്റ് സ്റ്റഡീസിലെ സീനിയര്‍ ഫെലോയാണ് ലേഖകന്‍. ഈ ലേഖനത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ വ്യക്തിപരമാണ്, ഈ സ്ഥാപനത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല)
    Published by:Rajesh V
    First published: