• HOME
  • »
  • NEWS
  • »
  • world
  • »
  • War In Ukraine| യുക്രെയ്നിലെ ഖാർകീവിൽ ഇന്ത്യൻ വിദ്യാർ‌ഥി റഷ്യൻ ഷെല്ലാക്രമണത്തിൽ മരിച്ചു

War In Ukraine| യുക്രെയ്നിലെ ഖാർകീവിൽ ഇന്ത്യൻ വിദ്യാർ‌ഥി റഷ്യൻ ഷെല്ലാക്രമണത്തിൽ മരിച്ചു

ഇന്ത്യൻ വിദ്യാർ‌ഥിയാണ് ഖാർകിവ് നഗരത്തിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

  • Share this:
    യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ (Russian Attack in Ukraine) ആദ്യമായി ഒരു ഇന്ത്യൻ പൗരന് ജീവൻ‌ നഷ്ടപ്പെട്ടതായി സ്ഥിരീകരണം. ഇന്ത്യൻ വിദ്യാർ‌ഥിയാണ് ഖാർകിവ് (Kharkiv) നഗരത്തിൽ നടന്ന റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കര്‍ണ്ണാടക ഹവേരി സ്വദേശിയായ നവീന്‍ എസ് ജിയാണ് (21) കൊല്ലപ്പെട്ടത്. നാലാം വർഷ മെഡിക്കൽ വിദ്യാർഥിയാണ് നവീൻ‌. ഇന്ന് രാവിലെ ഭക്ഷണം വാങ്ങാന്‍ വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ''ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു''- വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

    Also Read- Russia-Ukraine War| ഖാർക്കിവിൽ റഷ്യയുടെ ഷെല്ലാക്രമണം; ആക്രമിക്കപ്പെട്ടത് യുക്രെയിനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്ന്



    ഖാർകിവിലും മറ്റ് സംഘർഷ മേഖലകളിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായി രാജ്യം വിടാൻ അടിയന്തരമായി സൗകര്യമൊരുക്കണമെന്ന ആവശ്യം ആവർത്തിച്ചുകൊണ്ട് റഷ്യയിലെയും യുക്രെയ്‌നിലെയും അംബാസഡർമാരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അരിന്ദം ബാഗ്ചി അറിയിച്ചു.

    Also Read- 'ഇന്ത്യൻ വിദ്യാർഥികളും പൗരൻമാരും അടിയന്തരമായി കീവ് വിടണം': നിർദേശവുമായി ഇന്ത്യൻ എംബസി

    റഷ്യൻ സൈന്യം യുക്രെയ്ൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി വൻ സേനാവിന്യാസം നടത്തുന്ന പശ്ചാത്തലത്തിൽ മുഴുവൻ ഇന്ത്യക്കാരും അടിയന്തരമായി കീവ് വിടണമെന്ന മുന്നറിയിപ്പ് ഇന്ത്യൻ എംബസി നൽകിയിട്ടുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഇന്നു തന്നെ കീവ് വിടണം. ലഭ്യമായ ട്രെയിനുകളോ മറ്റ് യാത്രാമാർഗങ്ങളോ ഉപയോഗിച്ച് നഗരത്തിന് പുറത്തെത്തണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരിക്കുകയാണ്.

    കീവ് ലക്ഷ്യമിട്ട് റഷ്യ വൻ സേനാവിന്യാസം നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. 64 കിലോമീറ്റർ നീളത്തിൽ റഷ്യൻ സൈനികവ്യൂഹം സഞ്ചരിക്കുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
    Published by:Rajesh V
    First published: