കോൺഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം താരീഖ് അൻവർ എന്നാണ് കെപിസിസി നേതൃത്വവും പല മുതിർന്ന നേതാക്കളും അവകാശപ്പെടുന്നത്. താരീഖ് അൻവർ വന്ന് ഒന്നോ രണ്ടോ ദിവസം ചർച്ച ചെയ്താൽ തീരുന്നതാണോ സംസ്ഥാന കോൺഗ്രസിലെ ഇപ്പോഴത്തെ പ്രതിസന്ധി. അങ്ങനെയെങ്കിൽ ഇതിന് മുമ്പ് ചുമതലയിലുണ്ടായിരുന്ന ജനറൽ സെക്രട്ടറിമാർ നടത്തിയ ചർച്ചകൾ എന്തുകൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കിയില്ല. സാക്ഷാൽ അഹമ്മദ് പട്ടേലും അംബികാ സോണിയും വരെ കേരളത്തിലെ സംഘടനയുടെ ചുമതല വഹിച്ചിരുന്നു. അന്നും പ്രതിസന്ധി മൂർച്ഛിച്ചതല്ലാതെ അയഞ്ഞില്ല. മുറുകിയതേയുള്ളു. അതിന് സംസ്ഥാന നേതാക്കൾ തന്നെ തീരുമാനിക്കണം.
യഥാർത്ഥ പ്രശ്നം
രണ്ട് തലത്തിലാണ് സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ. ഒന്ന് നേതാക്കൾക്കിടയിലെ പടലപിണക്കവും മൂപ്പിളമതർക്കവും. രണ്ടാമത്തേത് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് കോൺഗ്രസുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള അതൃപ്തി. പ്രതിപക്ഷ നേതാവാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചത്. സർക്കാരിനെതിരെയുള്ള പ്രചാരണത്തിന്റെ അജണ്ട തീരുമാനിച്ചതും അത് എങ്ങനെ നടപ്പിലാക്കണമെന്ന തന്ത്രം മെനഞ്ഞതും. അതുകൊണ്ട് പരാജയത്തിന്റെ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കണമെന്നാണ് പല പ്രമുഖ നേതാക്കളും ആവശ്യപ്പെടുന്നത്, വാദിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഉയരുന്ന നേതൃമാറ്റമെന്ന പതിവ് ആവശ്യത്തിന് ഇത്തവണ ബലം കിട്ടാതെ പോയതും അതുകൊണ്ടാണ്. പാർട്ടിക്കുള്ളിലെ ഈ പ്രതിസന്ധി ഒരുപക്ഷെ താരീഖ് അൻവറുമായുള്ള ചർച്ചകളിൽ പരിഹരിക്കപ്പെട്ടേക്കും. തൽക്കാലത്തേക്കെങ്കിലും.
Also Read- ബാറുകൾ ഇന്ന് തുറക്കും; പൂർണതോതിലെ പ്രവർത്തനം ഒൻപതു മാസത്തിനു ശേഷം
പാർട്ടിക്ക് പുറത്തെ പ്രതിസന്ധി
താരീഖ് അൻവർ കെപിസിസി ഓഫീസിലിരുന്ന് നേതാക്കളുമായി ചർച്ച ചെയ്ത് നടപ്പിലാക്കുന്ന തൊലിപുറത്തെ ചികിത്സ കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ കോൺഗ്രസിനെതിരെ ഉണ്ടായിട്ടുള്ള അതൃപ്തി. കോൺഗ്രസിന്റെ നയരൂപീകരണത്തിൽ നിർണ്ണായക സ്വാധീനമുള്ള നേതാക്കള്‍ പോലും ഇത് സമ്മതിക്കുന്നു. മധ്യകേരളത്തിലെ പരമ്പരാഗത വോട്ട് ബാങ്ക് വിട്ടു പോയി എന്ന് നേതാക്കൾ പരാതിപ്പെടുന്നത് ആരെ ഉദ്ദേശിച്ചാണ് എന്ന് അറിയാത്തവർ കുറവാണ്.
കാലങ്ങളായി കോൺഗ്രസിനൊപ്പം നിന്ന ക്രിസ്ത്യൻ വിഭാഗത്തെ തന്നെയാണ് ഇവർ ഉദ്ദേശിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? അത് ഒരു ദിവസം കൊണ്ടോ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത് സർക്കാർ സ്വീകരിച്ച നടപടികൾ കൊണ്ടോ ഉണ്ടായ അതൃപ്തിയല്ല. കാലങ്ങളായി ക്രിസ്ത്യൻ വിഭാഗം കുത്തകയായി കൊണ്ട് നടന്ന പല മേഖലകളിലേക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾ കടന്നുകയറിയതോടെയുണ്ടായ അരക്ഷിതാവസ്ഥ കോൺഗ്രസിനെതിരെയുള്ള അതൃപ്തിയായി രൂപമെടുത്തതാണ്.
Also Read- കർണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗിന് ലഭിച്ചേക്കാവുന്ന അപ്രമാദിത്തമാണ് ഈ അതൃപ്തിയുടെ ആഴം കൂട്ടിയത്. കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് മുസ്ലീം ലീഗാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കെട്ടടങ്ങാത്ത വിവാദമായി തുടരുന്നതും അതുകൊണ്ട് തന്നെ.
പരിഹാരം
പാർട്ടിയിൽ ആദ്യം കലാപമുയർത്തിയ യുവനിരയുടെ അതൃപ്തി ഏതാണ്ട് പരിഹരിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്താൻ ഇവർക്ക് മണ്ഡലങ്ങൾ വീതിച്ചു നൽകി. തിരുവനന്തപുരത്ത് പ്രതിഷേധമുയർത്തിയവരെ മലബാറിലേക്കും അവിടത്തെ പ്രശ്നക്കാരെ തിരുവനന്തപുരത്തേക്കും മാറ്റി. ഇനി സീറ്റ് ചർച്ചവരെ ഇവരുടെ പ്രതിഷേധം അത്രയ്ക്കങ്ങ് ആളികത്തില്ല. മുതിർന്ന നേതാക്കളുടെ മൂപ്പിളതർക്കമാണ് കീറാമുട്ടി. അത് പരിഹരിക്കാനുള്ള തന്ത്രവുമായിട്ടാണ് താരീഖ് അൻവറിന്റെ ചർച്ച.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് പോലെ ഒരു നേതാവ് മാത്രം കാര്യങ്ങൾ തീരുമാനിക്കില്ല. അതിന് ഒരു സമിതിയുണ്ടാക്കും. ഇതാകും പ്രധാന ഉറപ്പ്. പതിവ് പോലെ ഈ ഉറപ്പ് പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കുമെന്ന കെപിസിസി, എഐസിസി നേതാക്കളുടെ വിശ്വാസം ഒരുപക്ഷെ ഇത്തവണ നടന്നേക്കില്ലെന്നാണ് അണിയറ നീക്കങ്ങൾ നൽകുന്ന സൂചന.
Also Read- കോവിഡ് മൂലം ജോലി നഷ്ടമായി; കാസർഗോഡ് സ്വദേശിക്ക് ദുബായിൽ ഏഴ് കോടിയുടെ ഭാഗ്യം
കെപിസിസി പ്രസിഡന്റിനെയും, പ്രതിപക്ഷ നേതാവിനേയും മുൻമുഖ്യമന്ത്രിയേയും ഉൾപ്പെടുത്തിയുള്ള സമിതിയാണെങ്കിൽ പ്രതിസന്ധി തീരില്ലെന്ന സൂചനയാണ് പല നേതാക്കളും പങ്കുവയ്ക്കുന്നത്. വിപുലമായ സമിതി വേണമെന്നാണ് ഇവരുടെ ആവശ്യം. അതായത് സമിതി ഏതായാലും ഗ്രൂപ്പ് വിട്ടുള്ള കളിയില്ലെന്ന പഴയ നിലപാടിലും മാറ്റം വന്നിരിക്കുന്നു. ഗ്രൂപ്പ് നേതൃത്വത്തിലേക്ക് എത്താനുള്ള മത്സരവും തുടങ്ങിയിരിക്കുന്നു. ഒരു നേതാവും ഒരു തീരുമാനവുമായി എഐസിസിയെ പോലും വരച്ച വരയിൽ നിറുത്തിയിരുന്ന ഗ്രൂപ്പിൽ നിന്ന് തന്നെയാണ് ഈ മത്സരത്തിന് തുടക്കമായിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Kpcc, Local Body Elections 2020