എബി ഡി തിരിച്ചുവരില്ല; തീരുമാനം സ്ഥിരീകരിച്ച് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക
എബി ഡി തിരിച്ചുവരില്ല; തീരുമാനം സ്ഥിരീകരിച്ച് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയില്‍ എബി ഡി വില്ലിയേഴ്സ് ടീമില്‍ തിരിച്ചെത്തുമെന്നുള്ള സൂചന നല്‍കിക്കൊണ്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ഗ്രേയിം സ്മിത്ത് ഈയിടെ രംഗത്തെത്തിയിരുന്നു
വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന വാര്‍ത്ത ഏറെ നാളായി ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ആരാധകരുടെ ആഗ്രഹങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ആ ദുഃഖ വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്. താരവുമായി ചര്‍ച്ച നടത്തിയതിനു ശേഷം തന്റെ വിരമിക്കല്‍ പ്രഖ്യാപനം അവസാനത്തേതായിരുന്നെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ട്വിറ്ററിലൂടെ അറിയിച്ചു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയില്‍ എബി ഡി വില്ലിയേഴ്സ് ടീമില്‍ തിരിച്ചെത്തുമെന്നുള്ള സൂചന നല്‍കിക്കൊണ്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ഗ്രേയിം സ്മിത്ത് ഈയിടെ രംഗത്തെത്തിയിരുന്നു. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും തകര്‍പ്പന്‍ ഫോമിലാണ് 37 കാരനായ എബി ഡി. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കായി കളിക്കാന്‍ താന്‍ ഒരുക്കമാണെന്ന് ഡി വില്ലിയേഴ്സും മുമ്പ് വെളിപ്പെടുത്തിയിരുന്നു. ലോകകപ്പിന് മുന്നോടിയായി വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നാണ് സ്മിത്ത് സൂചന നല്‍കിയത്.
ഇക്കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റ് ലോകത്തെ ഏറ്റവും സജീവ ചര്‍ച്ചകളില്‍ ഒന്നായിരുന്നു ഡിവില്ലേഴ്സിന്റെ അന്തരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ച് വരവ് എപ്പോള്‍ എന്നത്. 2019 ലെ ലോകകപ്പിന് മുമ്പ് അവിചാരിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം പിന്നീട് പല ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ മിന്നും ബാറ്റിങ്ങ് പ്രകടനം പുറത്തെടുത്തിരുന്നു. ഇത്തവണത്തെ ഐ പി എല്‍ സീസണിലും താരം ബാംഗ്ലൂര്‍ ടീമിന്റെ മധ്യനിരയിലെ രക്ഷകനായിരുന്നു. ഇത്തവണത്തെ ഐ പി എല്ലില്‍ പാതി വഴിയില്‍ നിര്‍ത്തിയപ്പോള്‍ ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ കൂടിയയായ ഡിവില്ലേഴ്സ് ഏഴ് മത്സരങ്ങളില്‍ നിന്നും 51.75 ശരാശരിയില്‍ 207 റണ്‍സ് അടിച്ചെടുത്തിരുന്നു. സീസണില്‍ ഒരു മാന്‍ ഓഫ് ദി മാച്ച് പുരസ്ക്കാരവും നേടിയ താരം ഐ പി എല്‍ കരിയറിലെ 5000 റണ്‍സ് നേട്ടവും സ്വന്തമാക്കിയിരുന്നു.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഡിവില്ലിയേഴ്സ് കളിച്ചേക്കുമെന്ന് ടീം പരിശീലകന് മാര്‍ക്ക് ബൗച്ചര്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു. ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് എബി ഡി തന്നെ സൂചിപ്പിച്ചിരുന്നു. മാര്‍ക്ക് ബൗച്ചറുമായി ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ബൗച്ചറുടെ വിളിക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞിരുന്നു.
'ദക്ഷിണാഫ്രിക്കയ്ക്കായി വീണ്ടും കളിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം എന്നോട് ദേശീയ ടീമില്‍ മടങ്ങിയെത്താന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഐ പി എല്ലിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്നാണ് ഞാനദ്ദേഹത്തോട് പറഞ്ഞത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും മികച്ച 15 പേരെ കണ്ടെത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ടീമില്‍ ഇടം കിട്ടിയില്ലെങ്കിലും എനിക്ക് അതില്‍ നിരാശയുണ്ടാകില്ല'- എബി ഡി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ ലോകമെമ്പാടുമുള്ള എബി ഡി ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.