T20 World Cup 2021 | ഐ പി എല്ലിന് പിന്നാലെ ടി20 ലോകകപ്പും പ്രതിസന്ധിയില്‍; വേദി മാറ്റിയേക്കും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ജൂണില്‍ നടക്കുന്ന ഐ സി സി യോഗത്തിലായിരിക്കും അന്തിമ തീരുമാനം
കോവിഡ് ഇന്ത്യയില്‍ ഗണ്യമായി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഐ പി എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കെ കെ ആര്‍- ആര്‍ സി ബി മല്‍സരം കൊല്‍ക്കത്ത ടീമിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കൊണ്ട് മാറ്റിവച്ചിരുന്നു. ഇതോടെ മുഴുവന്‍ മല്‍സരങ്ങളും മുംബൈയിലേക്കു മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു ബി സി സി ഐ. ഇതിനിടെയാണ് ഹൈദരാബാദ്- ഡല്‍ഹി ടീമുകളിലും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഐ പി എല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.
ഇതോടെ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐ സി സിയുടെ ടി20 ലോകകപ്പിന്റെ കാര്യവും ഏതാണ്ട് തീരുമാനമായിരിക്കുകയാണ്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ സമയത്ത് കോവിഡിന്റെ മൂന്നാം തരംഗമായിരിക്കും രാജ്യത്തുണ്ടാവുക. അതുകൊണ്ടു തന്നെ ഈ സമയത്ത് ഒരു ടീമും ലോകകപ്പിനായി ഇവിടേക്കു വരില്ലെന്നു ബി സി സി ഐ സമ്മതിക്കുന്നു. അതിനാല്‍ ബി സി സി ഐക്ക് പുതിയ വേദി കണ്ടത്തേണ്ടതുണ്ട്. നിലവില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഒരു മാസത്തെ സമയം അധികൃതര്‍ക്ക് മുന്നിലുണ്ട്. ജൂണില്‍ നടക്കുന്ന ഐ സി സി യോഗത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുക.
advertisement
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. യു എ ഇ വേദിയാക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് നേരത്തെ തന്നെ ബി സി സി ഐ ജനറല്‍ മാനേജര്‍ ധീരജ് മല്‍ഹോത്ര വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ആതിഥേയ പദവി ഇന്ത്യക്ക് തന്നെയാവും. കഴിഞ്ഞ സീസണില്‍ ഐ പി എല്‍ അവിടെ വിജയകരമായി നടത്തിയിരുന്നു. യു എ ഇ ആണ് വേദിയെങ്കില്‍ ഷാര്‍ജ, ദുബായ്, അബുദാബി എന്നീ മൂന്ന് വേദികളിലായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക.
advertisement
ഈ സീസണിലെ ഐ പി എല്‍ ആറു നിക്ഷ്പക്ഷ വേദികളിലായിട്ടാണ് നടന്നിരുന്നത്. പക്ഷെ എന്നിട്ടും ബയോ ബബിള്‍ സുരക്ഷാ വലയം കടന്ന് കോവിഡ് പലരെയും പിടികൂടുകയായിരുന്നു. ഈ സാഹര്യത്തില്‍ ഒമ്പത് വേദികളിലായി ലോകകപ്പ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയെന്നത് അസാധ്യമാണെന്നു ബി സി സി ഐ യ്ക്കു നല്ല ബോധ്യമുണ്ട്. രാജ്യത്തു നിലവിലെ സാഹചര്യങ്ങളില്‍ മെച്ചപ്പെട്ടില്ലെങ്കില്‍ വിദേശ താരങ്ങള്‍ക്കും മാനസികമായി ഇവിടെ കളിക്കാന്‍ താല്‍പ്പര്യം കുറവായിരിക്കുമെന്നും ബി സി സി ഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 04, 2021 11:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup 2021 | ഐ പി എല്ലിന് പിന്നാലെ ടി20 ലോകകപ്പും പ്രതിസന്ധിയില്‍; വേദി മാറ്റിയേക്കും



