അവസാന ടി20യിൽ 62 റൺസിന് പുറത്ത്, തോൽവി; ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ നാണംകെട്ട് ഓസ്‌ട്രേലിയ
- Published by:Naveen
- news18-malayalam
Last Updated:
ഓസ്‌ട്രേലിയയെ വെറും 62 റൺസിന് ചുരുട്ടിക്കൂട്ടിയാണ് ബംഗ്ലാദേശ് തകർപ്പൻ ജയം സ്വന്തമാക്കിയത്. നാല് വിക്കറ്റെടുത്ത ബംഗ്ലാദേശി ഓൾ റൗണ്ടർ ഷകീബ് അൽ ഹസനാണ് ഓസ്‌ട്രേലിയൻ നിരയെ തകർത്തുവിട്ടത്.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ഓസ്‌ട്രേലിയക്ക് വീണ്ടും നാണംകെട്ട തോൽവി. ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന പരമ്പരയിലെ അവസാന മത്സരത്തിൽ 60 റൺസിന്റെ തകർപ്പൻ ജയമാണ് ബംഗ്ലാദേശ് നേടിയത്. കരുത്തരായ ഓസ്‌ട്രേലിയയെ വെറും 62 റൺസിന് ചുരുട്ടിക്കൂട്ടിയാണ് ബംഗ്ലാദേശ് തകർപ്പൻ ജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 62 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റെടുത്ത ബംഗ്ലാദേശി ഓൾ റൗണ്ടർ ഷകീബ് അൽ ഹസനാണ് ഓസ്‌ട്രേലിയൻ നിരയെ തകർത്തുവിട്ടത്. ഷകീബ് തന്നെയാണ് കളിയിലേയും പരമ്പരയിലേയും താരം.
ജയത്തോടെ ടി20 പരമ്പര 4-1ന് ബംഗ്ലാദേശ് സ്വന്തമാക്കി. ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ബംഗ്ലാദേശ് സ്വന്തമാക്കുന്ന ആദ്യ ടി20 പരമ്പരയാണിത്. നേരത്തെ ഈ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച അവർ ഓസ്‌ട്രേലിയക്കെതിരെ അവരുടെ ടി20 മത്സരത്തിലെ ആദ്യ ജയം നേടി ചരിത്രം കുറിച്ചിരുന്നു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയ ജയിച്ചിരുന്നു. അവസാന മത്സരത്തിൽ കൂടി ജയിച്ച് നാണക്കേട് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങിയതെങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞ ബംഗ്ലാദേശി ബൗളർമാർ അവരെ കൂടുതൽ നാണക്കേടിലേക്ക് തള്ളിവിടുകയായിരുന്നു.
advertisement
ഇന്നത്തെ മത്സരത്തിൽ 62 റൺസിന് പുറത്തായ ഓസ്‌ട്രേലിയ ടി20യിൽ അവരുടെ ഏറ്റവും കുറഞ്ഞ സ്കോറാണ് കുറിച്ചത്. ഇതിന് മുൻപ് 2005ൽ ടി20 വ്യാപകമാകുന്നതിന് മുൻപ് ഇംഗ്ലണ്ടിനെതിരെ 79 റൺസിന് പുറത്തായതായിരുന്നു അവരുടെ ഏറ്റവും കുറഞ്ഞ സ്കോർ.
Australia succumbed to their lowest total in the fifth T20I against Bangladesh 😳
Not a record they'd want!
📉 https://t.co/BvFE6clUDl pic.twitter.com/jOjDCWAL5B
— ESPNcricinfo (@ESPNcricinfo) August 9, 2021
advertisement
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഓപ്പണര്‍ മുഹമ്മദ് നയീമും(23) മെഹ്ദി ഹസനും(13) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീട് വന്നവര്‍ക്കാര്‍ക്കും ആദ്യം ലഭിച്ച ഈ തുടക്കം മുതലാക്കാൻ കഴിയാതെ വന്നതോടെയാണ് ബംഗ്ലാദേശ് ചെറിയ സ്കോറിന് പുറത്തായത്. ഷാക്കിബ് അല്‍ ഹസന്‍(11), സൗമ്യ സര്‍ക്കാര്‍(16), ക്യാപ്റ്റന്‍ മഹ്മൂദുല്ല(19), ആഫിഫ് ഹൊസൈൻ(10) എന്നിവരുടെ സംഭാവനകളാണ് ബംഗ്ലാദേശിനെ 20 ഓവറിൽ 122 റൺസിൽ എത്തിച്ചത്. ബൗളിങ്ങിൽ ഓസ്‌ട്രേലിയക്കായി ഡാന്‍ ക്രിസ്റ്റ്യനും നേഥൻ എല്ലിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
advertisement
ചെറിയ വിജയലക്ഷ്യം മുന്നിൽ വെച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയിൽ ക്യാപ്റ്റന്‍ മാത്യു വെയ്ഡും(22), ബെന്‍ മക്ഡര്‍മോര്‍ട്ടും(17) മാത്രമെ രണ്ടക്കം കടന്നുള്ളു. ഡാന്‍ ക്രിസ്റ്റ്യന്‍(3), മിച്ചല്‍ മാര്‍ഷ്(4), അലക്സ് ക്യാരി(3), മോയിസസ് ഹെൻറിക്വസ്(3), ആഷ്ടണ്‍ ടേണർ(1), ആഷ്ടണ്‍ ആഗര്‍(2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ബംഗ്ലാദേശിനായി ഷകീബ് അൽ ഹസൻ നാലും മുഹമ്മദ് സൈഫുദ്ദീന്‍ മൂന്നും നാസും അഹമ്മദ് രണ്ടും വിക്കറ്റെടുത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 09, 2021 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അവസാന ടി20യിൽ 62 റൺസിന് പുറത്ത്, തോൽവി; ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ നാണംകെട്ട് ഓസ്‌ട്രേലിയ