ഇന്റർഫേസ് /വാർത്ത /Sports / IPL 2021 | രണ്ട് സ്റ്റാര്‍ പേസര്‍മാര്‍ പിന്മാറി; ഓസീസ് യുവതാരത്തെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്‌സ്

IPL 2021 | രണ്ട് സ്റ്റാര്‍ പേസര്‍മാര്‍ പിന്മാറി; ഓസീസ് യുവതാരത്തെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്‌സ്

News18

News18

ബംഗ്ലാദേശിനെതിരായ ഓസ്‌ട്രേലിയയുടെ ടി20 പരമ്പരയിലെ പ്രകടനമാണ് ഇല്ലിസിനെ ശ്രദ്ധേയനാക്കിയത്. ടി20 അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക്ക് നേടാന്‍ ഇല്ലിസിനായി.

  • Share this:

കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ച ഐ പി എല്‍ പതിനാലം സീസണിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ യു എ ഈയില്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ പുതിയ താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ്. ഓസ്ട്രേലിയയുടെ പുത്തന്‍ താരോദയം നതാന്‍ ഇല്ലിസിനെയാണ് കെ എല്‍ രാഹുല്‍ നായകനായുള്ള പഞ്ചാബ് ടീമിലെത്തിച്ചത്. ആദ്യ പാദത്തിന് മുമ്പ് ടീമിലെത്തിച്ച ഓസ്‌ട്രേലിയന്‍ താരങ്ങളായ ജൈ റിച്ചാര്‍ഡ്‌സണും റൈലി മെറിഡിത്തും ടീമിനൊപ്പം യു എ ഈയില്‍ ചേരില്ലെന്ന് ഉറപ്പായതോടെയാണ് ഈ തീരുമാനം.

കഴിഞ്ഞ ദിവസമാണ് ഈ രണ്ട് താരങ്ങള്‍ ഐ പി എല്ലില്‍ കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചത്. ഇനി ഒരു സൈനിങ് കൂടി നടത്താനുണ്ടന്ന് ഫ്രാഞ്ചൈസി അറിയിക്കുകയും ചെയ്തു. 26-കാരനായ ഇല്ലിസ് വലം കയ്യന്‍ പേസറാണ്. ബംഗ്ലാദേശിനെതിരായ ഓസ്‌ട്രേലിയയുടെ ടി20 പരമ്പരയിലെ പ്രകടനമാണ് ഇല്ലിസിനെ ശ്രദ്ധേയനാക്കിയത്. ടി20 അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക്ക് നേടാന്‍ ഇല്ലിസിനായി. പഞ്ചാബിന് പുറമെ മറ്റ് രണ്ട് ഐ പി എല്‍ ഫ്രാഞ്ചൈസികള്‍ കൂടി ഇല്ലിസിനെ ഒപ്പം കൂട്ടാന്‍ ശ്രമം നടത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ പഞ്ചാബ് ഏറ്റവും നിറം മങ്ങിയത് ബൗളിങ്ങിലാണ്. അതിനാല്‍ത്തന്നെ ഇല്ലിസിന്റെ സാന്നിധ്യം ബൗളിങ് നിരക്ക് കൂടുതല്‍ കരുത്ത് പകരും. മുഹമ്മദ് ഷമി, ക്രിസ് ജോര്‍ദാന്‍, അര്‍ഷദീപ് സിങ് എന്നിവരാണ് നിലവിലെ പഞ്ചാബിന്റെ മറ്റ് പ്രധാന പേസര്‍മാര്‍. എന്നാല്‍ രണ്ടാമനായി ബാറ്റ്സ്മാനെ ടീമിലെത്തിക്കാനാവും പഞ്ചാബ് ശ്രമിക്കുക.

ഐ പി എല്ലില്‍ പതിമൂന്ന് സീസണില്‍ കളിച്ചെങ്കിലും ഒരുതവണ പോലും കിരീടം നേടാന്‍ പഞ്ചാബ് കിങ്‌സിനായിട്ടില്ല. 2014 സീസണിലെ ഫൈനലില്‍ എത്തിയതാണ് ഇതുവരെയുള്ള മികച്ച നേട്ടം. കഴിഞ്ഞ സീസണില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ ടീം അവസാനം ക്രിസ് ഗെയ്ലിന്റെ വരവോടെ ഫോമിലായിരുന്നു. തുടര്‍ വിജയങ്ങളുമായി പ്ലേ ഓഫിന് തൊട്ടടുത്ത് എത്തുകയും ചെയ്തു.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്തും ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ എന്നീ ടീമുകള്‍ യഥാക്രമം രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളിലുമാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് അവസാന സ്ഥാനത്ത്.

ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഒക്ടോബര്‍ എട്ടിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ്.

യുഎഇയില്‍ നടക്കുന്ന മത്സരങ്ങളില്‍ കഴിഞ്ഞ പതിപ്പിലെ പോലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതില്‍ ദുബായില്‍ 13, ഷാര്‍ജയില്‍ 10, അബുദാബിയില്‍ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതില്‍ ആദ്യ ക്വാളിഫയര്‍ ഫൈനല്‍ എന്നിവ ദുബായിലും, എലിമിനേറ്റര്‍ രണ്ടാം ക്വാളിഫയര്‍ എന്നിവ ഷാര്‍ജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം.

First published:

Tags: IPL in UAE, Punjab Kings