യൂറോ കപ്പിലെ സൂപ്പർ പോരാട്ടത്തിന് ചേർന്ന തിരക്കഥ രചിച്ച് ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം. ഗ്രൂപ്പ് ബിയിൽ റഷ്യയുടെ തട്ടകമായ സെൻ്റ് പീറ്റേഴ്സ്ബർഗിൽ വച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബെൽജിയം റഷ്യയെ മലർത്തിയടിച്ചത്. റൊമേലു ലുകാകു (10,88മിനിറ്റ്), മ്യുനിയർ(34) എന്നിവരാണ് ബെൽജിയത്തിനായി സ്കോർ ചെയ്തത്.
ഇരു ടീമുകളും ആക്രമണത്തിന് മുൻതൂക്കം നൽകി കളിച്ച മത്സരത്തിൽ ആദ്യം ലീഡ് നേടിയത് ബെൽജിയമായിരുന്നു. റഷ്യൻ പ്രതിരോധ നിര താരത്തിന് പന്ത് ക്ലിയർ ചെയ്യുന്നതിൽ പറ്റിയ പിഴവ് മുതലെടുത്താണ് ബെൽജിയം ഗോൾ നേടിയത്. അവരുടെ സ്ട്രൈക്കർ റൊമേലു ലുകാകുവിൻ്റെ വകയായിരുന്നു ഗോൾ. റഷ്യൻ ബോക്സിലേക്ക് വന്ന ക്രോസ് സ്വീകരിക്കുന്നതിന് മുൻപ് താരം ഓഫ്‌സൈഡ് ആയിരുന്നുവെങ്കിലും, റഷ്യൻ പ്രതിരോധ നിര താരത്തിൻ്റെ കാലിന് ഇടയിലൂടെ വഴുതി വന്ന പന്തിനെ തിരിച്ച് ഓൺ സൈഡ് പൊസിഷനിലേക്ക് ഇറങ്ങി പന്തെടുത്ത താരത്തിന് ഗോളി മാത്രം മുന്നിൽ പന്ത് വലയിലേക്ക് തിരിച്ചു വിടുക എന്ന കടമയേ ഉണ്ടായിരുന്നുള്ളൂ.
ഗോൾ നേടി അടുത്ത നിമിഷം ബെൽജിയൻ ബോക്സിൽ അപകടം സൃഷ്ടിക്കാൻ റഷ്യക്ക് കഴിഞ്ഞെങ്കിലും അത് ഗോളാക്കി മാറ്റാൻ അവർക്ക് സാധിച്ചില്ല. 14ആം മിനിറ്റിൽ ലഭിച്ച കോർണറിൽ മാർക് ചെയ്യപ്പെടാതെ നിന്ന ഫെർണാണ്ടസ് പന്ത് ഹെഡ് ചെയ്തെങ്കിലും നേരെ ചെന്നത് ഗോളി കുർട്ടോയുടെ കയ്യിലേക്ക് ആയിരുന്നു.
പിന്നീട് 24ആം മിനിറ്റിൽ ബെൽജിയൻ താരമായ കാസ്റ്റാഗ്നെയും കുസിവേവും തമ്മിൽ കൂട്ടിയിടിച്ച് ഇരു താരങ്ങളും പരുക്കേറ്റ് പുറത്തായതോടെ രണ്ട് ടീമുകളും പകരക്കാരെ ഇറക്കാൻ നിർബന്ധിതരായി.
പകരക്കാരനെ ഇറക്കി അല്പസമയത്തിനകം ബെൽജിയം തങ്ങളുടെ ലീഡ് വീണ്ടും ഉയർത്തി. ബോക്സിലേക്ക് തോർഗൻ ഹസാഡ് ഉയർത്തി വിട്ട പന്ത് റഷ്യൻ ഗോളി കുത്തിയകറ്റിയത് നേരെ ചെന്നത് ബെൽജിയൻ താരമായ തോമസ് മ്യുനിയർ മുന്നിലേക്ക് ആയിരുന്നു. ചിതറിക്കിടന്ന റഷ്യൻ പ്രതിരോധത്തെ സാക്ഷിയാക്കി ഞൊടിയിടയിൽ ഷോട്ട് എടുത്ത താരത്തിന് പിഴച്ചില്ല.
രണ്ടാം ഗോൾ വീണതോടെ കളി കയ്യിലാക്കിയ ബെൽജിയം തുടർമുന്നേറ്റങ്ങളുമായി നിരന്തരം റഷ്യൻ പ്രതിരോധത്തെ പരീക്ഷിച്ച് കൊണ്ടിരുന്നു. ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ട് മുൻപ് ബെൽജിയം താരം കരാസ്കോ റഷ്യൻ ബോക്സിൽ വീണ്ടും അപകടം വിതക്കാൻ നോക്കിയെങ്കിലും താരത്തിൻ്റെ ഷോട്ട് ബ്ലോക്ക് ചെയ്യപ്പെട്ടു.
രണ്ടാം പകുതിയിൽ മെച്ചപ്പെട്ട ആക്രമണങ്ങളുമായി റഷ്യ കളം നിറഞ്ഞെങ്കിലും ബെൽജിയം പ്രതിരോധത്തെ ഭേദിക്കാൻ അവർക്ക് പലപ്പോഴും കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ രണ്ട് ഗോളിൻ്റെ ലീഡ് നിലനിർത്തി കളിക്കാനാണ് ബെൽജിയം ശ്രമിച്ചത്. അതിനാൽ തന്നെ ആദ്യ പകുതിയിലേത് പോലെ തുടർ ആക്രമണങ്ങൾ കാണാൻ കഴിഞ്ഞില്ല. എന്നിരുന്നാലും കളിയുടെ കടിഞ്ഞാൺ റഷ്യക്ക് നൽകാതെ തന്നെയാണ് ബെൽജിയം കളിച്ചത്. മറുവശത്ത് റഷ്യക്ക് ബെൽജിയം ബോക്സിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല.
പിന്നീട് കളിയുടെ അവസാന മിനിറ്റിൽ മധ്യ നിരയിൽ നിന്നും മ്യുനിയർ നടത്തിയ മുന്നേറ്റത്തിൽ ബെൽജിയം അടുത്ത ഗോളും നേടി റഷ്യയുടെ കഥ കഴിച്ചു . മൈതാനമദ്ധ്യത്തിൽ നിന്ന് മ്യുനിയർ സ്ട്രൈക്കർ ലുക്കാകുവിനെ ലക്ഷ്യമാക്കി നീട്ടി കൊടുത്ത ത്രൂ പാസിലേക്ക് ഓടിയടുത്ത താരം റഷ്യൻ പ്രതിരോധ നിരയെ മറികടന്ന് അവരുടെ ഗോളിക്ക് ഒരു അവസരവും നൽകാതെ പന്ത് വളരെ വിദഗ്ധമായി ഗോളിലേക്ക് പായിച്ചു. കഴിഞ്ഞ 19 കളികളിൽ നിന്നും ബെൽജിയത്തിനായി താരത്തിൻ്റെ 22ആം ഗോൾ ആയിരുന്നു ഇത്.
Summary
Lukaku's dual brace help Belgium beat Russia by a margin of three goals at St Petersburg
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.