HOME /NEWS /Sports / പി ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം

പി ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം

News18

News18

ഇതിനിടെ ഒളിമ്പിക് മെഡല്‍ നേടിയ ശ്രീജേഷിനെ കൈത്തറി മുണ്ടും ഷര്‍ട്ടും സമ്മാനമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേരള സര്‍ക്കാരിന് കീഴിലുള്ള കൈത്തറി വിഭാഗമാണ് ശ്രീജേഷിന് മുണ്ടും ഷര്‍ട്ടും നല്‍കുന്നത്.

  • Share this:

    ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവുമായ മലയാളി താരം പി ആര്‍ ശ്രീജേഷിന് ഇതുവരെയും പാരിതോഷികം പ്രഖ്യാപിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ കായിക താരത്തെ മുഴുവന്‍ കേരള സര്‍ക്കാര്‍ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുകയാണെന്നാണ് ആരാധകരുടെ വിമര്‍ശനം. ശ്രീജേഷിന് ആദ്യം പുരസ്‌കാരം പ്രഖ്യാപിക്കേണ്ടിയിരുന്നത് കേരളമാണെന്നും എന്നാല്‍ അത് ഉണ്ടായില്ലെന്നും ആരാധകര്‍ പറയുന്നു.

    കേരള ഹോക്കി ഫെഡറേഷന്റെ വക അഞ്ചു ലക്ഷം രൂപ മാത്രമാണ് ഇതുവരെ ശ്രീജേഷിന് പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനാണ് നിലവില്‍ ശ്രീജേഷ്. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ ജോലി ഇനി കൊടുക്കുന്നതില്‍ അര്‍ഥമില്ല. വേള്‍ഡ് കപ്പ് നേടിയപ്പോള്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് നല്‍കിയത് അഞ്ച് ലക്ഷമാണ്. അത് തന്നെയായിരിക്കാം ഇവിടെ ശ്രീജേഷിന്റെ കാര്യത്തിലും നടക്കുകയെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

    ഇതിനിടെ ഒളിമ്പിക് മെഡല്‍ നേടിയ ശ്രീജേഷിനെ കൈത്തറി മുണ്ടും ഷര്‍ട്ടും സമ്മാനമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേരള സര്‍ക്കാരിന് കീഴിലുള്ള കൈത്തറി വിഭാഗമാണ് ശ്രീജേഷിന് മുണ്ടും ഷര്‍ട്ടും നല്‍കുന്നത്. അതേസമയം മറ്റ് പല സംസ്ഥാനങ്ങളും കോടികള്‍ നല്‍കി ശ്രീജേഷിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന സാഹചര്യത്തിലാണിത്.

    അത്‌ലറ്റിക്സില്‍ രാജ്യത്തിന്റെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപയും ക്ലാസ് വണ്‍ സര്‍ക്കാര്‍ ജോലിയുമാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പ്രഖ്യാപിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും നീരജിന് രണ്ടു കോടി രൂപ പ്രഖ്യാപിച്ചു. ഇതിനുപുറമെ ഹരിയാന സര്‍ക്കാര്‍ ഹോക്കി ടീമംഗങ്ങള്‍ക്കും ഒരു കോടി രൂപ പ്രഖ്യാപിച്ചു.

    നാല് പതിറ്റാണ്ടുകള്‍ക്കൊടുവിലാണ് ഹോക്കിയില്‍ ഇന്ത്യക്ക് ഒരു മെഡല്‍ നേട്ടം കൈവന്നിരിക്കുന്നത്. ടോക്യോ ഒളിമ്പിക്‌സില്‍ കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യ ചരിത്രനേട്ടം കുറിച്ചപ്പോള്‍ അതില്‍ ഇന്ത്യ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ടീമിന്റെ ഗോളിയായ മലയാളി താരം ശ്രീജേഷിനോടാണ്.

    ഒമ്പത് ഗോളുകള്‍ പിറന്ന അത്യന്തം ആവേശകരമായിരുന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യന്‍ ടീമിന് പലപ്പോഴും രക്ഷയായത് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളായിരുന്നു. കളി തീരാന്‍ വെറും സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യക്കെതിരെ ജര്‍മനിക്ക് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചപ്പോള്‍ എല്ലാ ഇന്ത്യക്കാരും മുള്‍മുനയിലായി. പക്ഷെ സമ്മര്‍ദ്ദ നിമിഷത്തില്‍ പതറാതെ ജര്‍മന്‍ താരങ്ങള്‍ എടുത്ത പെനാല്‍റ്റി കോര്‍ണര്‍ വളരെ മികച്ച രീതിയില്‍ തടുത്തിട്ടതോടെയാണ് ഇന്ത്യന്‍ ടീമിന് ചരിത്ര ജയം സ്വന്തമായത്.

    ഇന്ത്യന്‍ ടീം 1980 മോസ്‌ക്കോ ഒളിമ്പിക്‌സിന് ശേഷം നേടുന്ന ആദ്യ മെഡലാണിത്. മോസ്‌കോയില്‍ നേടിയ സ്വര്‍ണമായിരുന്നു ഹോക്കിയില്‍ ഇന്ത്യയുടെ അവസാന മെഡല്‍. പിന്നീട് ഇപ്പോഴാണ് ഇന്ത്യ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഒളിമ്പിക്സില്‍ ഹോക്കിയില്‍ എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയിട്ടുള്ളത്.

    First published:

    Tags: Kerala govenrment, PR Sreejesh, Tokyo Olympics 2020