കന്നി ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കി യുഎസ് ഓപ്പണിൽ ഓസ്ട്രിയൻ താരം ഡൊമനിക് തീം. അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ ജർമനിയുടെ അലക്സാണ്ടർ സവറേവിനെയാണ് ഡൊമിനിക് തീം പരാജയപ്പെടുത്തിയത്. സ്കോർ: 2-6, 4-6, 6-4, 6-3, 7-6.
ടൈബ്രേക്കറിലൂടെയാണ് തീമിന്റെ വിജയം. 71 വർഷത്തിനിടയിൽ ആദ്യ രണ്ട് സെറ്റ് പരാജയപ്പെട്ട ശേഷം യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന റെക്കോർഡും ഇതോടെ തീമിന് സ്വന്തം.
വനിതകളുടെ ഫൈനലിലും ആദ്യ സെറ്റ് പരാജയപ്പെട്ടതിന് ശേഷമായിരുന്നു നവോമി ഒസാക അടുത്ത രണ്ട് സെറ്റുകൾ നേടി കിരീടം സ്വന്തമാക്കിയത്. 26 വർഷത്തിനിടയിൽ ആദ്യമായാണ് യുഎസ് ഓപ്പൺ വനിതാ ഫൈനലിൽ ആദ്യ സെറ്റ് പരാജയപ്പെട്ട താരം കിരീടം നേടുന്നത്.
കാണികളുടെ ആരവമില്ലാത്ത ഗ്യാലറിയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള മത്സരങ്ങളും ഒടുവിൽ ഫൈനലിലെ ചരിത്ര വിജയവുമൊക്കെയായി ഇത്തവണത്തെ യുഎസ് ഓപ്പൺ. ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റില്‍ നാലുവര്‍ഷത്തിനിടയിൽ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവരല്ലാത്ത ഒരു ചാമ്പ്യനും ഇക്കുറി ഉണ്ടായി.
കോവിഡിനെ തുടർന്ന് ഫെഡററും നദാലും യുസ് ഓപ്പണിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. മത്സരത്തിനിടയിൽ ലൈൻ ജഡ്ജിന് മേൽ പന്ത് തട്ടിയതിനെ തുടർന്ന് നൊവാക് ജോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്ന് അയോഗ്യനാക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: US Open 2020